Tuesday, July 6, 2010

ജോസഫിനെ വെട്ടുമ്പോള്‍ വാഴവെട്ടുന്നവര്‍

ഒരാളുടെ മരണവുമായി ഒരു വീട്ടില്‍ പോയതായിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞു വീട്ടുകാര്‍ ദുഖകരമായ ഒരന്തരീക്ഷത്തിലിരിക്കുമ്പോഴാണു നല്ല രണ്ട് ചെറുപ്പക്കാര്‍ കടന്നു വന്നത്. നല്ല സുമുഖനായ ഒരാളും പിന്നെ അത്രയില്ലെങ്കിലും കുറച്ചു മെലിഞ്ഞ ഒരുത്തനും. എനിക്കു വളരെ വേണ്ടപ്പെട്ട ആളായതിനാല്‍ അവരിലെ പരിചയക്കാരെയൊക്കെ എനിക്കറിയാമായിരുന്നു. പക്ഷെ കച്ചവടക്കാരനയ പരേതനെ തേടി പലരും വരാന്‍ സാധ്യതയുള്ളതിനാല്‍ ആരാണെന്ന് ഞാനൊന്നു തിരക്കി. അപ്പോള്‍ അവര്‍ക്ക് മരിച്ച ആളെ പരിചയമോ കേട്ടു കേള്‍‌വിയോ പോലുമില്ല. പക്ഷെ അല്പം സാമ്പത്തിക നിലവാരമുള്ള ഒരാള്‍ മരിച്ചതാണെന്നു മാത്രമറിയാം. അവസരം മുതലെടുത്ത് പിരിവിന്നിറങ്ങിയ യുവ കോമളന്മാരാണെന്നു മാത്രം.

ജബ്ബാറിന്റെ ജോസഫിനെ വെട്ടി നുറുക്കി എന്ന പോസ്റ്റും ഇത്തരത്തിലുള്ള ഒന്നാണ്. ഏത് അവസ്ഥയിലും നമ്മുടെ കീശയിലേക്കെന്തെങ്കിലും എന്ന മനോഭാവം കേവലം സാമ്പത്തികം മാത്രമല്ല. ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നവരായാലും കൈകൊള്ളുന്നത് അല്‍‌പത്തമാണു.

ജോസഫ് ഒരു തെറ്റും ചെയ്തില്ല എന്ന രീതിയില്‍ സമര്‍ത്ഥിക്കാനാണ് ജബ്ബാര്‍ ശ്രമിക്കുന്നത്. അതിനു ഉപോത്പകമായി കൊണ്ടുവരുന്ന തെളിവാകട്ടെ എം.എ ക്ക് പഠിക്കാനുള്ള തിരക്കഥകളുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഒരു പരാമര്‍ശമാണു ജോസഫിന്റെ ചോദ്യപേപ്പറിന്റെ വിവാദ പരാമര്‍ശത്തിന്റെ മൂല സ്രോതസ്സെന്നു വാദിച്ചും.പക്ഷെ, ജോസഫ് തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ ബി.കോമിനുള്ളതും. ഇനി ആ ഭാഗം തന്നെ ഒരു ഭ്രാന്തന്‍ പുലമ്പുന്ന ചില വാക്കുകള്‍ എന്ന രീതിയില്‍ സന്ദര്‍ഭത്തില്‍ ഒരിക്കലും വിവാദമില്ലാതെ വിശദീകരിക്കുന്നതും. ഭ്രാന്തന്മാര്‍ പുലമ്പുന്നതെല്ലാം എഴുതാനും പറയാനും കൊള്ളില്ലെന്ന് യുക്തിവാദികള്‍ക്ക് അറിയില്ലെങ്കില്‍ പരിതാപകരമാണ് കാര്യം.

ഇവിടെ ജോസഫ് ചെയ്തതിനെ ന്യായീകരിക്കുന്നത് അന്ധമായ ചില മാനസിക ദൗര്‍ബല്യങ്ങളാലായാണ്. എല്ലാ യുക്തിവാദികളും അങ്ങിനെയാണെന്ന് ഞാന്‍ പറയില്ല. കാരണം ആ പോസ്റ്റിനു തന്നെ കമെന്റിട്ട സുശീല്‍ കുമാര്‍ പി പി എന്ന യുക്തിവാദികൂടിയായ ബ്ലോഗര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇത് സ്വാഭാവികമാണു. ഒരേ യുക്തിവാദികള്‍ തന്നെ ഒരേ പ്രശ്നത്തില്‍ രണ്ട് നിലപാടുകളെടുക്കുന്നു. ഇതാണു മതത്തിലും സംഭവിക്കുന്നത്. ചിലര്‍ ജബ്ബാറിനെ പോലെ അവസരം മുതലെടുത്ത് തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പിലാക്കുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ വസ്തുതകളെ ശരിയായ സമീപനത്തിലൂടെ നോക്കി കാണുന്നു. ഇത് ഒരോരുത്തരുടെയും നിലവാരം പോലെയിരിക്കും. മുസ്ലിങ്ങളിലും ജബ്ബാറിന്റെ നിലവാരമുള്ളവരും സുശീല്‍കുമാറിന്റെ നിലവാരത്തിലുമുള്ളവരുമുണ്ടാകും. ഒരു സമൂഹമെന്ന നിലയില്‍ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുസ്ലിങ്ങലിലുമുണ്ടാകുമല്ലോ.

ഇവിടെയാണു സമുദായ നേതൃത്വം എന്തു ചെയ്യുന്നു എന്ന് നമുക്ക് നോക്കേണ്ടത്. പലപ്പോഴും ഒരു സമൂഹത്തിലെ ശബ്ദം അതിലെ ഒറ്റപ്പെട്ടവര്‍ കയ്യടക്കുന്നു എന്നത് ഒരു സത്യമാണു. ഉദാഹരനത്തിനു ഇന്ന് ഹിന്ദു എന്ന ശബ്ദം പെട്ടെന്നു പ്രതിനിധീകരിക്കുന്നത് അര്‍.എസ്.എസ്സിനെയാണു. പക്ഷെ കേരളത്തിലെ ഒരു പൊതു തിരഞ്ഞെടുപ്പില്‍ ഇത്ര ഹിന്ദുക്കളുണ്ടായിട്ടും അവരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ കക്ഷികള്‍ക്ക് ഇന്നും പത്തുശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിട്ടില്ല. മുസ്ലിം പ്രശ്നം കൈകാര്യം ചെയ്യുന്നത് മഅദനിയും എന്‍.ഡി.എഫുമാണു. കണ്ണൂരില്‍ ഒന്നാകെ തങ്ങളുടെ  കുട്ടയിലാണെന്നു പറഞ്ഞു കിട്ടിയത് എത്ര വോട്ടാണെന്നു നമുക്കെല്ലാമറിയാം. പക്ഷെ, പലപ്പോഴും മത പ്രശ്നങ്ങള്‍ തങ്ങളാണു കൈകാര്യം ചെയ്യുന്നതെന്ന ധാരണയുണ്ടാക്കാന്‍ ഇവര്‍ വൈകാരിക പ്രശ്നങ്ങളെ കത്തിക്കാന്‍ ശ്രമിക്കുന്നു എന്നത് ഒരു സത്യം മാത്രമാണ്. ഇവിടെ ജോസഫ് പ്രശനത്തില്‍ മുസ്ലിംലീഗും സാമുദായിക മത കക്ഷികളും ഈ കാടത്തത്തെ പിന്തുണച്ചിട്ടില്ല.

പക്ഷെ കേരളത്തിലെ ഇതിലും ഭീകരമായ ഒരു സംഭവത്തെ പരസ്യമായി ന്യായീകരിച്ചത് ദൈവ നിഷേധിയായ എം.എന്‍. വിജയന്‍ ആയിരുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. അതാകട്ടെ തികച്ചും  ഭൗതികവാദത്തിലധിഷ്ടിതമായ  ഒരു കക്ഷിക്കു വേണ്ടിയും. അപ്പോള്‍ അക്രമത്തെ ന്യായീകരിക്കുന്നു എന്ന തെമ്മാടിത്തം ചെയ്യുന്ന വൃത്തികെട്ട ഏര്‍പ്പാട് കേരളത്തില്‍ ചെയ്ത പാരമ്പര്യം മതനിഷേധികള്‍ക്കുള്ളതാണെന്ന സത്യം മറച്ച് കിട്ടിയ സമയം തന്റെ മനോവിഭ്രാന്തി പുറത്തെടുക്കുന്നത്  എല്ലാവരും ചരിത്രം മറന്നു എന്ന ധരിക്കുന്നതിനാലാണു.

അതിന്നു പുറമെ തങ്ങളിലെ ഒരു വിഭാഗത്തിന്റെ ചെയ്തികളെ ന്യായീകരിക്കുന്നതിനു പകരം തങ്ങളുടെ രക്തം വരെ നല്‍കി ആ ജീവനോടുള്ള ബഹുമാനം നല്‍കിയ ഒരു മതവിഭാഗവും ഈ സമുദായത്തില്‍ നിന്നു തന്നെ മാതൃക കാണിച്ചു എന്നതും കേരളം നല്ല ഓര്‍മകളില്‍ സൂക്ഷിക്കും എന്നും നമുക്ക് പ്രത്യാശിക്കാം.