Saturday, March 27, 2010

നന്മയും തിന്മയും വിധിയും

നന്മയും തിന്മയും അല്ലാഹുവില് നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു. നമുക്ക് നന്മ എന്ന് തോന്നുന്നത് ചിലപ്പോള് ആത്യന്തികമായ നന്മ ആകണമെന്നില്ല, തിന്മയുമങ്ങിനെ തന്നെ. അങ്ങിനെ ആ നന്മയെയും തിന്മയെയും ഉള്കൊള്ളാന് കഴിയുന്നവെരെയാണു മുസ്ലിങ്ങള് എന്നു വിളിക്കുന്നത്
കാളിദാസന്റെ ഒരു പോസ്റ്റില്‍ ഞാനിട്ട ഒരു കമെന്റില്‍ നിന്നും ഉള്ള ഒരു ഭാഗം അടര്‍ത്തിയെടുത്ത് കര്‍മങ്ങളിലെ നന്മ-തിന്മയിലേക്ക് കൂട്ടി കുഴച്ച് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ ആറും അടിസ്ഥാന കര്‍മങ്ങള്‍ അഞ്ച് കാര്യങ്ങളുമാണ്. കര്‍മങ്ങള്‍ എന്നാല്‍ നാം അനുഷ്ഠിക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍. അവ. സത്യസാക്ഷ്യം, നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് എന്നിവ
അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടവ- അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, പ്രവാചകരിലുള്ള വിശ്വാസം, ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അന്ത്യ ദിനത്തിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം.
ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ തന്നെ കര്‍മ്മം വിശ്വാസം എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചാണു രൂപപ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ വിശ്വാസകാര്യങ്ങളിലെ വിധിയിലുള്ള വിശ്വാസത്തില്‍ വരുന്നതാണ് ഒരാള്‍ക്ക് വന്നുഭവിക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നു. അതിനെയാണു നന്മയും തിന്മയും അല്ലാഹുവില്‍ നിന്നു തന്നെ എന്നതിന്റെ വിവക്ഷ.
ഇത് ഒരാളുടെ പ്രവര്‍ത്തിയിലെ നന്മ-തിന്മ എന്നതിലേക്ക് കൊണ്ട് വരുമ്പോള്‍ സന്ദര്‍ഭവും ഉദ്ദേശവും മാറ്റിമറിക്കാന്‍ കഴിയും.
ഇനി നന്മ തിന്മ എന്നത് ഹൈറ് ശറ് എന്ന പദത്തിന്റെ മലയാളമായാണു ഞാന്‍ ഉപയോഗിച്ചത്. എന്റെ പദത്തേക്കാള്‍ ഗുണം ദോഷം എന്ന പദമായി ലത്തീഫ് കഴിഞ്ഞ പോസ്റ്റിനു നല്‍കിയ കമെന്റിലിട്ട പദത്തെ ഉപയോഗിക്കുന്നത് കൂടുതല്‍ അഭികാമ്യമായി തോന്നുന്നു. നന്മ, തിന്മ എന്നതിന്റെ സ്ഥാനത്ത് ഗുണം ദോഷം എന്ന് മാറ്റി വായിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയും എന്നു കരുതുന്നു.
വിധിയെ കുറിച്ചുള്ള മുഴുവന്‍ അറിവും മനുഷ്യ്രര്‍ക്ക് നല്‍കിയിട്ടില്ല എന്നു ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരുത്തരം ഒരു വിശ്വാസകാര്യത്തിനും ലഭിക്കുകയില്ല, അതിന്റെ പ്രധാന കാരണം നമ്മുടെ അറിവിന്റെ പരിമിതി കൂടിയാണു. വിധിയെ കുറിച്ച് മാത്രമല്ല, വിശ്വാസകാര്യങ്ങളിലെ എല്ലാ കാര്യങ്ങളും എത്രയാണോ മനുഷ്യനു അറിവു നല്‍കപ്പെട്ടത് അതിന്നടിസ്ഥാനത്തിലുള്ള വിശ്വാസം രൂപപ്പെടുത്തുകയാണു ഇസ്ലാം ചെയ്യുന്നത്. അത് അല്ലാഹുവിലുള്ള വിശ്വാസം മുതല്‍ വിധി വിശ്വാസം വരെ അങ്ങിനെ തന്നെ.
പക്ഷെ മനുഷ്യന് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്ഥമായി ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഖുര്‍‌ആന്‍ വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങിനെ ശരി തിരഞ്ഞെടുക്കുന്നവര്‍ക്ക് അതിന്നര്‍ഹമായ പ്രതിഫലവും തെറ്റു തിരഞ്ഞെടുക്കുന്നവര്‍ക്കു ശിക്ഷയും ലഭിക്കും.
നമുക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല, ചിലപ്പോള്‍ മറ്റൊരാള്‍ ചെയ്തതിന്റെ തിന്മ അനുഭവിക്കുന്നത് ഒരു സമൂഹമായിരിക്കും. തിന്മ എന്നത് ഒരു അര്‍ത്ഥത്തില്‍ മാത്രമെടുക്കേണ്ട, വിവിധ സന്ദര്‍ഭങ്ങളിലായി കഷ്ടത എന്നോ, ദുരന്തം എന്നോ ദുഃഖം എന്നോ മാറ്റി ഉപയോഗിക്കാം. ഈ ദുരന്തം ഒരാളുടെ പ്രവര്‍ത്തിയാണെങ്കിലും അനുഭവിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അത്നുഭവിക്കേണ്ടി വരുന്നത് അയാളുടെ യാതൊരു അറിവോ കര്‍മമോ ഇല്ലാതെയാണു.
ഉദാഹരണത്തിനു ഒരു ബസ് ആക്സിഡന്റില്‍ കാലു നഷ്ടപ്പെടുന്ന ഒരാള്‍,
അയാളുടെ കാലു നഷ്ടപ്പെടുന്നത് ഒന്നുകില്‍ ഡ്രൈവറുടെ അശ്രദ്ധയായിരിക്കാം. അല്ലെങ്കില്‍ മറ്റൊരു വണ്ടി വന്നു ഇടിച്ചിട്ടായിരിക്കാം, പക്ഷെ കാലുമുറിഞ്ഞ ആള്‍ എല്ലാ അര്‍ത്ഥത്തിലും നിരപരാധിയല്ലെ? ഇനി അയാള്‍ ആ ബസില്‍ കയറിയത് കൊണ്ട് എന്നു പറഞ്ഞാലും അയാളെ ആശ്രയിച്ചു കഴിയുന്ന ഭാര്യ ചെയ്ത കുറ്റമെന്ത്? അവരുടെ ചെറിയ കുട്ടികള്‍?
ഇവരുടെ ഒരു പ്രവര്‍ത്തനത്തിന്റെയും ഫലമല്ല അവര്‍ പിന്നീടനുഭവിക്കുന്നത്.
ഒരു യുക്തിവാദിക്കും ഇതെന്തു കൊണ്ട് സംഭവിക്കുന്നു എന്നും അങ്ങിനെ ദുരന്തത്തിലായവര്‍ എന്തു ചെയ്യണമെന്നും മറുപടി പറയാറില്ല.
ഇവിടെയും ഒരു ദൈവ വിശ്വാസിക്കു പ്രതീക്ഷയുണ്ട്. കാരണം അവന്റെ ജീവിതത്തില്‍ വരുന്ന അവനെ കൊണ്ടൊരിക്കലും പരിഹരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മരണാനന്തര ജീവിതത്തില്‍ പ്രതിഫലമായി മാറുമെന്ന വിശ്വാസം അവനെ ജീവിക്കുവാന്‍ പിന്നെയും പ്രേരിപ്പിക്കുന്നു.
ഒരു യുക്തിവാദിക്ക് ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്ത് ചെയ്യാന്‍ കഴിയും. കുടുമ്പത്തിലെ ഏക ആശ്രയമാണു ഇല്ലാതായിരിക്കുന്നത്. എന്തിനു ക്ഷമിക്കണം? ആര്‍ക്കു വേണ്ടി ക്ഷമിക്കണം? കൂട്ട ആത്മഹത്യ എന്നതായിരിക്കും നല്ല പോംവഴി.
ഇതാണു വിധി വിശ്വാസത്തിന്റെ പോസിറ്റീവ് ആയ വശം.
വിധിയില്‍ അന്ധമായി വിശ്വസിക്കുന്നതില്‍ നെഗറ്റീവ് ആയ ഒരു വശമുണ്ട്. അത് കര്‍മങ്ങലെ ഇല്ലാതാക്കും. എന്നിട്ട് എല്ലാം ദൈവത്തില്‍ വിടും, പക്ഷെ ഇസ്ലാമാകട്ടെ അതില്‍ നിന്നും വിശ്വാസ്ത്തെ മുക്തമാക്കിയിരിക്കുന്നു.
ഒരിക്കല്‍ പ്രവാചകനെ കാണാന്‍ ഒരു ഗ്രാമീണന്‍ വന്നു, തന്റെ കുതിരയെ അലക്ഷ്യമായി വിട്ടു പ്രവാചകനുമായി സംസാരിക്കാന്‍ തുടങ്ങി. പ്രവാചകന്‍ ചോദിച്ചു, നിന്റെ കുതിരയെ നീ എവിടെയാണു കെട്ടിയിരിക്കുന്നത്. ഗ്രാമീണന്‍ മറുപടി പറഞ്ഞു, ഞാന്‍ അതിനെ അല്ലാഹുവിനെ ഏല്പിച്ചിരിക്കുന്നു. പ്രവാചകന്‍ ഉപദേശിച്ചു, നീ അതിനെ കെട്ടിയിടുക എന്നിട്ട് അല്ലാഹുവിനെ ഭരമേല്പ്പിക്കുക.
തങ്ങളുടെ കര്‍മങ്ങള്‍ ചെയ്തതിന്നു ശേഷമാണ് ദൈവവിധിയില്‍ ഭരമേല്പ്പിക്കാന്‍ പ്രവാചകന്‍ കല്പിച്ചത്. എന്നല്ലാതെ അന്ധമായി ഇതെന്റെ വിധിയെന്ന പുതപ്പിനുള്ളില്‍ അലസനാകാന്‍ കല്പ്പിക്കുന്നില്ല.
കാരണം വിധിയെന്താകട്ടെ പ്രതിഫലം കര്‍മത്തിന്നനുസൃതമാണു. ഒറ്റനോട്ടത്തില്‍ മറ്റൊരാളുടെ പ്രവര്‍ത്തനങ്ങളാണു മറ്റൊന്നിന്റെ വിധിയായി വരുന്നത്.
ഇനി വിധിയെ കുറിച്ച ഹൈന്ദവ വിശ്വാസത്തിലേക്ക്, ഞാന്‍ മനസ്സിലാക്കിയിടത്തോളം കഴിഞ്ഞ ജന്മത്തിലെ കര്‍മങ്ങളിലെ ബാക്കി പത്രമാണ് ഈ ജന്മത്തിലെ വിധിക്കാധാരം. ഈ വാദം ശരിയാകണമെങ്കില്‍ കഴിഞ്ഞ ജന്മത്തിലെ എന്റെ തെറ്റെന്ത് എന്നറിയാന്‍ ഒരാള്‍ക്ക് അവകാശമുണ്ടാകേണ്ടതുണ്ട്. ലോകത്തിലെ മനുഷ്യനീതി പോലും അതാവശ്യപ്പെടുന്നു എന്നിരിക്കെ ദൈവനീതി അത് നല്‍കുന്നില്ല എന്നതാണ് ഈ വാദത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി എനിക്കു തോന്നുന്നത്. കഴിഞ്ഞ ജന്മത്തിലെ ഏത് പാപമാണു അല്ലെങ്കില്‍ പുണ്യമാണു തന്നെ ഈ ജന്മത്തിലെ ഈ വിധിക്കര്‍ഹനാക്കുന്നു എന്നത് അറിയാനുള്ള ഒരു സാധ്യതയുമില്ലാതിരിക്കെ ഒരു പ്രതിഫലം എന്ന രീതിയില്‍ ഈ ജന്മത്തെ കാണുന്നതില്‍ അയുക്തിയുണ്ട്.
ഹിന്ദു മതത്തിലെ എല്ലാ വിഭാഗങ്ങളും കഴിഞ്ഞ ജന്മത്തിലെ കര്‍മത്തിന്റെ ഫലമാണു ഈ ജീവിതത്തിലെ കാര്യങ്ങള്‍ എന്ന വിശ്വാസക്കാരല്ല. പുനര്‍ജന്മത്തില്‍ വിശ്വസിക്കാത്ത വിഭഗവും അവരിലുണ്ട്. പക്ഷെ ഭൂരിപക്ഷവും പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണു.
ക്രിസ്തു മതത്തിലും വിധി വിശ്വാസമുണ്ട്. Predestination എന്നത് ക്രിസ്ത്യന്‍ ദൈവശാസ്ത്ര പഠനത്തിലെ ഒരു പ്രധാന ശാഖ തന്നെയാണു. പക്ഷെ, എന്താണു വിധി എന്നത് നിര്‍‌വചിക്കുന്നകാര്യത്തില്‍ സഭകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും ദൈവവിധിയില്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
വിധിയെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഒരാള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയില്ല, കാരണം വിധിയെകുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് ദൈവത്തിന്റെ കയ്യിലുള്ളതാണു.
ഹൈറും ശറും അല്ലാഹുവില്‍ നിന്നു തന്നെ എന്നതില്‍ വിധിയിലെ ഗുണ-ദോഷങ്ങളാണു വിവക്ഷിക്കുന്നത്. സമ്പൂര്‍ണ്ണമായ നന്മ, സമ്പൂര്‍ണ്ണമായ തിന്മ എന്നതില്ല എന്നതാണു വിധിയിലെ മറ്റൊരു കാര്യം. കാരണം ഒരു വിധിയില്‍ പിന്നീടെന്ത് എന്നത് നമുക്കറിയില്ല. നമ്മുടെ നന്മയും തിന്മയും നമ്മുടെ ഭൂത-വര്‍ത്തമാന കാല ബന്ധിതങ്ങളാണു. അതിലെ ഭാവി എന്ത് എന്നു നമുക്കറിയില്ല, അതിനാല്‍ തന്നെ ഇന്ന് നമുക്ക് സംഭവിക്കുന്ന ഒരു ചീത്തയെന്നു നമുക്ക് തോന്നുന്ന കാര്യത്തിന്റെ പരിമിതി നാളെയില്‍ നമുക്ക് നല്ലതിനു വേണ്ടിയാകാം. ആ പ്രതീക്ഷയാണ് ഈ വിശ്വാസത്തിലൂടെ ഒരു വിശ്വാസിയില്‍ നിന്നും ഉണ്ടാകേണ്ടത്. ഉദാഹരണത്തിന് ഒരസുഖം വന്നാല്‍ നമുക്ക് കഴിയാവുന്ന ചികിത്സകള്‍ ചെയ്യുക, നമ്മ്യുുടെ കര്‍മം അവിടെ പരിമിതമാണു, എന്നാല്‍ താന്‍ ചെയ്യുന്ന ചികിത്സ മാത്രം കൊണ്ട് അസുഖം മാറുമെന്ന് ഒരു വിശ്വാസി കരുതുന്നില്ല, അവന്റെ വിധിയിലെ അവന്റെ ഇടപെടല്‍ അവിടെ അവസാനിക്കുന്നു.
പരലോക വിശ്വാസിയായ ഒരു വിശ്വാസിക്ക് തനിക്ക് വരുന്ന ഈ കഷ്ടപ്പാടുകള്‍ ചികിത്സയോടൊപ്പം തന്നെ ദൈവ സാമീപ്യവും നല്‍കും- ആത്യന്തികമായ നന്മ എന്നതിലുദ്ദേശമതും പെടും. ആദ്യം മുതല്‍ അവസാനം വരെ ഒരു കാര്യത്തില്‍ പൂര്‍ണ്ണമായ ഗുണമോ ദോഷമോ ഇല്ല. നാം ഗുണമെന്നു വിവക്ഷിക്കുന്നത് ദോഷമായെന്നും ദോഷമെന്നു കരുതുന്നത് ഗുണകരമായെന്നും വരാം.
വിധിവിശ്വാസം പൂര്‍ണ്ണമായി വിശദീകരിക്കാന്‍ കഴിയില്ല എന്നതാവര്‍ത്തിക്കുന്നു. കാരണം ഇതില്‍ വിശ്വാസത്തിന്റെ അടിത്തറയുണ്ട്. എല്ലാ വിശ്വാസകാര്യങ്ങളെ പോലെയും.

Tuesday, March 16, 2010

കാളിദാസനെന്ന തോലണിഞ്ഞ മത്തായി

ക്രൈസ്തവരിലും മുസ്ലിങ്ങളിലും പല അവാന്തര വിഭാഗങ്ങളുണ്ട്. അവര്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസവുമുണ്ട്. കാളിദാസനെന്ന പേരില്‍ മാത്യു എന്നയാള്‍ ഒരു യുക്തിവാദിയാണെന്ന ഒരു ധാരണയുണ്ടാക്കിയാണു ബ്ലോഗ് സമൂഹത്തിലേക്ക് വരുന്നത്. അതിന്നു സമര്‍ത്ഥമായി ചെയ്ത ചില കാര്യങ്ങളുണ്ട്, മുസ്ലിങ്ങളെയും ഹിന്ദുക്കളെയും വിമര്‍ശിക്കുമ്പോള്‍ കൂട്ടത്തില്‍ കത്തോലിക്കാ സഭയെ കുറിച്ചും പുള്ളി നന്നായി കശക്കി. ക്രൈസ്തവരെന്നാല്‍ കത്തോലികയും പോപുമാണെന്ന ധാരണയുള്ള മറ്റുള്ളവരുടെ മുമ്പില്‍ ഒരു യുക്തിവാദിയൊ അല്ലെങ്കില്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാവുകയോ ചെയ്യുന്ന കാപട്യം പക്ഷെ നീലയില്‍ വീണ കുറുക്കന്റെ കഥ പോലെയായി-
നിലാവു കണ്ടാല്‍ കുറുക്കനു കൂവാതിരിക്കാനാവുമോ?
കാളിദാസനെന്ന പേരില്‍ ചോദിച്ച ചോദ്യത്തിനു മാത്യുവെന്ന പേരില്‍ മറുപടിയിട്ടപ്പോള്‍ പഴയ കുറുക്കന്‍ പുറം ചാടി- ഒരു യുക്തിവാദിയോടും ഈശ്വര വിശ്വാസിയോടും ഒരേതരത്തിലല്ല ചര്‍‌ച്ച ചെയ്യുക. യുക്തിവാദിക്ക് ഒരു സൗകര്യമുണ്ട്. അവന്റെ ഈശ്വരന്‍ യുക്തിയാണു. മതം ശാസ്ത്രവും. അവര്‍ക്ക് ദൈവിക ബോധനം, ആത്മാവ്, പ്രവാചകത്വം എന്നീ കാര്യങ്ങള്‍ ഉദാഹരിച്ച് ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടേണ്ടതില്ല.
പക്ഷെ, ശ്രീകൃഷ്ണന്‍ വായ തുറന്നപ്പോള്‍ ഏഴാകാശം കാണിച്ചു എന്നു വിശ്വസിക്കുന്ന ഹിന്ദു മറിയത്തിന്റെ കന്യകാ പ്രസവത്തെ കുറിച്ച് അധികം പരിഹസിക്കരുത്. രണ്ടും യുക്തിയുടെ അളവുകോലില്‍ തൂക്കാന്‍ പറ്റില്ല. മുഴുവന്‍ യുക്തിക്ക് കൊടുക്കുന്ന ഒരാള്‍ക്ക് വിശ്വാസിയാകാന്‍ കഴിയില്ല. അത് എല്ലാ വിശ്വാസത്തിന്റെയും പരിമിതിയാണു.
കാളിദാസന്‍ പ്രവാചകനു കിട്ടിയ വഹ്‌യ് വിശ്വസിക്കണമെന്നോ ഞാന്‍ കൃഷണന്റെ വിശ്വരൂപം വിശ്വസിക്കണമെന്നോ രാമന്‍ ആദ്യപാപം എല്ലാ മനുഷ്യലുമുണ്ടെന്നു കരുതണമെന്നോ പരസ്പരം ശഠിക്കുകയും വേണ്ട. പക്ഷെ ഗീതയും ബൈബിളും ഖുര്‍‌ആനുമെല്ലാം മനുഷ്യരുടെ പൊതു സ്വത്താണ്. അതില്‍ ചര്‍ച്ചകളും സം‌വാദങ്ങളും നടക്കുക തന്നെ ചെയ്യും. നടന്നിട്ടുമുണ്ട്.
കാളിദാസന്‍ ഒരു യുക്തിവാദി എന്ന നിലയില്‍ കമെന്റിട്ട പലരും മത്തായിയുടെ ഈ കളി ചര്‍ച്ച മുറുകിയപ്പോഴാണു അയ്യത്തട എന്ന രീതിയിലായത്- എന്തായാലും അവനവന്‍ എവിടെ നില്‍ക്കുന്നു എന്നത് പറയാനുള്ള തന്റേടമെങ്കിലും ഉണ്ടാകുന്നത് നല്ലതാണു.
കാളിദാസന്റെ പ്രശ്നമെന്താണെന്നു അയാള്‍ തന്റെ പോസ്റ്റിലിട്ട കമേന്റില്‍ വ്യക്തമാണു.
ലത്തീഫും ബീമാപ്പള്ളിയും ചിന്തകനും ക്രിസ്ത്യാനികളുടെ വേദ പുസ്തകങ്ങളില്‍ കടന്നു ചെന്ന് അതില്‍ എഴുതിയിരിക്കുന്നത് ശരിയല്ല എന്നു സ്ഥാപിക്കാനായി എത്ര ബ്ളോഗുകളാണുപയോഗിക്കുന്നത്. അത് മാന്യതയാണോ? യേശു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് ഖുറാന്‍ മൊഹമ്മദിനോട് ദൈവം പറഞ്ഞതാണെന്നു പറയുമ്പോലെ മാത്രമല്ലേ. ക്രിസ്ത്യാനികളുടെ വിശ്വാസം തെറ്റെന്നും മുസ്ലിങ്ങളുടേത് ശരിയെന്നും പറയുന്നതില്‍ എന്തെങ്കിലം ​മാന്യതയുണ്ടോ?
ഞാനിവിടെ ഖുറാനെയും മൊഹമ്മദിനെയും മുസ്ലിങ്ങളെയം ​വിമര്‍ശിച്ചെഴുതിയതെല്ലാം താങ്കളേപ്പോലുള്ളവര്‍ നടത്തുന്ന പ്രചരണത്തിന്റെ പ്രതികരണമായിട്ടാണ്.
അള്ളാ ദൈവമാണെന്നോ മുസ്ലിം നിയമങ്ങള്‍ അള്ളായുടെ കല്‍പ്പന യാണെന്നോ ഏതു മുസ്ലിം അവകാശപ്പെട്ടാലും മറ്റാരും അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല. പക്ഷെ അതല്ലല്ലോ താങ്കളേപ്പോലുള്ളവര്‍ ചെയ്യുന്നത്. ബൈബിളില്‍ പോളും മൊഹമ്മദിനെ തെരയുന്ന ആഭാസത്തരമല്ലേ? അതുകൊണ്ടെന്താണു താങ്കളൊക്കെ ഉദ്ദേശിക്കുന്നത് ? എല്ലാ ക്രിസ്ത്യനികളും മതം മാറി മുസ്ലിങ്ങളാകുമെന്നോ.
ഇതിനെയല്ലെ പിച്ചും പേയും എന്നു പറയുക. ബ്ലോഗില്‍ ഒരു ചര്‍ച്ച നടന്നാല്‍ എല്ലാവരും കൂട്ടത്തോടെ മതം മാറും എന്നു വിചാരിക്കുന്നത് ശുദ്ധ വങ്കത്തമല്ലെ? സാക്ഷാല്‍ യേശുകൃസ്തു മരിച്ചവരെ പോലും ജീവിപ്പിച്ച് കാട്ടി കൊടുത്തിട്ട് പോലും ഇസ്രായേലിയരില്‍ നിന്നു ആകെ കിട്ടിയത് പന്ത്രണ്ട്. അതിലെ ഒരാളാണെങ്കില്‍ ഒറ്റുകാരനും. ഞാനിത് സൂചിപ്പിക്കുന്നത് യേശുവിനെ ചെറുതാക്കാനല്ല. തെളിവുകളും സത്യവും കൊണ്ട് മാത്രം ആരും മാറിയിട്ടില്ല. അങ്ങിനെയൊന്നുമുള്ള വിശ്വാസത്തിലൊന്നുമല്ല ചില കുറിപ്പുകളെഴുതുന്നത്.
പിന്നെ ഈ അള്ളാ എന്ന പദം അറബിയില്‍ ദൈവം എന്ന രീതിയില്‍ ഉപയോഗിക്കുന്ന ഒന്നാണു. അറബിക്‍ ബൈബിള്‍ ഒന്നു നോക്കുക, അതില്‍ യഹോവ എന്നല്ല അല്ലഹ് എന്നാണു പയോഗിച്ചിരിക്കുന്നത്. മറ്റു ഭാഷകളിലെ ദൈവമെന്ന പദം പോലെ സ്ത്രീ-പുരുഷ-ബഹുവചന പ്രയോഗങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ അല്ലാഹു എന്നു തന്നെ ഉപയോഗിക്കാന്‍ മുസ്ലിങ്ങള്‍ താത്പര്യപ്പെടുന്നുവെന്നു മാത്രം.
യേശു ദൈവമാണെന്നു വിശ്വസിക്കാനും അങ്ങിനെ പ്രചരിപ്പിക്കുവാനും ഒരു ക്രൈസ്തവനെന്ന നിലക്ക് മാത്യുവിന്ന് അവകാശമുണ്ട്. അതേപോലെ യേശു ദൈവത്തിന്റെ പ്രവാചകാണെന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനും മുസ്ലിമിന്നും അവകാശമില്ലെ? എന്തിനാണതിനെ ഇങ്ങിനെ അസഹിഷ്ണുതയില്‍ കാണുന്നത്? കൃസ്തവന്‍ വിശ്വസീക്കുന്നത് പോലെയേ മുസ്ലിം വിശ്വസിക്കാവൂ എന്നു ശഠിക്കണമോ? ബൈബിള്‍ യേശുവില്‍ വിശ്വസിച്ചു എന്ന് പരയുന്നവരുടെ മാത്രം ഗ്രന്ഥമൊന്നുമല്ല. അവയില്‍ ദൈവവചനങ്ങള്‍ ഉള്‍കൊള്ളുന്നു എന്നു തന്നെയാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിലുള്ള വിശ്വാസത്തിലെ പ്രശ്നങ്ങള്‍ ക്രിസ്തവരും ജൂതരും തമ്മിലുള്ള വിശ്വാസത്തിലെ പ്രശനങ്ങളേ ഉള്ളൂ.
ജൂതര്‍ വിശ്വസിക്കുന്നത് യേശു ഒരു കള്ള പ്രവാചകനാണെന്നാണു. തങ്ങളുടെ തോറയില്‍ നിന്നും ചില കഥകളുമെടുത്ത് പ്രവാചകന്‍ ചമഞ്ഞ ഒരാള്‍. എന്നു കരുതി ഒരു ക്രൈസ്തവന്‍ ആ വിശ്വാസം വക വച്ച് കൊടുക്കുമോ? പഴയ നിയമത്തിലെ ഒരു പ്രവാചകനെയും മോശയടക്കമുള്ളവരെ ക്രൈസ്തവർ തങ്ങളുടെ പ്രവാചകനായി കാണെരുതെന്നു ജൂതെര്‍ക്ക് ആഗ്രഹിക്കാം. അതെ പോലെ യേശു മുസ്ലിങ്ങളെ സംബന്ധിച്ച് അല്ലാഹുവിന്റെ മഹാനായ പ്രവാചകന്‍ തന്നെയാണു. ക്രൈസ്തവര്‍ക്ക് എത്ര ഉള്‍കൊള്ളാനായില്ലെങ്കിലും. അപ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ യേശുവിനെ ദൈവമാക്കുന്ന ഏര്‍പ്പാട് ശരിയല്ല എന്നു ചൂണ്ടിക്കാണിക്കേണ്ടി വരും.
ഖുര്‍‌ആനിനെയും പ്രവാചകനെയും മുസ്ലിങ്ങലെയും വിമര്‍‌ശിച്ചെഴുതിയതിനെ പൂര്‍ണ്ണമായും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. വിമര്‍ശനങ്ങള്‍ പലപ്പോഴും വെളിച്ചം നല്‍കാന്‍ കാരണമാകും. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ചിലരെങ്കിലും വസ്തുതകളറിയാന്‍ വായിക്കുന്നവരുണ്ടാകും എന്ന ധാരണയില്‍ തന്നെയാണു.
ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ ചര്‍ച്ചയില്‍ സൈനബ് പുത്രവധുവല്ല എന്ന കാര്യം പലര്‍ക്കും ബോധ്യമായല്ലോ? അങ്ങിനെ ചില തെറ്റിദ്ധാരണകള്‍ നീക്കാന്‍ കഴീയും എന്ന വിശ്വാസത്തില്‍ തന്നെയാണ് ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകുന്നത്.
ഒരു അമുസ്ലിമിന്നു ഇസ്ലാമിനെ വിമര്‍‌ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം. അതിനെ ഞാന്‍ അസഹിഷ്ണതയായി ഒന്നും കാണുന്നില്ല, എല്ലാറ്റിലും വിശ്വാസമുണ്ടെന്നു പറയുന്നത് കപടതയാണെന്നു തന്നെയാണു കരുതുന്നത്.

Thursday, March 11, 2010

കാളിദാസനും അന്തപുരത്തിലെ സുന്ദരികളും

കാളിദാസന്റെ പോസ്റ്റ് തുടങ്ങുന്നത് തന്നെ കാവ്യഭാവനയിലാണു. കാരണം അദ്ദേഹം അറബി ചരിത്രഗ്രന്ഥങ്ങള്‍ വളരെ പഠനം നടത്തി സമര്‍പ്പിച്ചതാണല്ലോ?
പക്ഷെ, തുടക്കം തന്നെ ഈസ്റ്റ് കോസ്റ്റ് പ്രവാചക പുത്രി ഫാത്തിമയുടെ കല്യാണപ്പാട്ടിന്റെ കേസറ്റിറക്കിയതു പോലെയായി.
ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് 13 സ്ത്രീകളെ വിവാഹം കഴിച്ചതായി മുസ്ലിങ്ങള്‍ പറയുന്നു. തരാബിയേപ്പോലുള്ള മുസ്ലിം ചരിത്രകാരന്‍മാര്‍ അത് 15 എന്നും പറയുന്നു. ഇത് കൂടാതെ അസംഘ്യം സ്ത്രീകളെ അടിമകളായി അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ച് അനുഭവിക്കുകയും ചെയ്തയാളാണദ്ദേഹം.
ഭരണവും, രാജാവിനെയും കൊട്ടാരത്തെയും മനസ്സില്‍ ചിത്രം വരക്കുന്ന ഒരാള്‍ക്ക് അന്തപുരത്തിലെ സുന്ദരികളെ ഭാവനയില്‍ കൊണ്ടു വരനാണോ പ്രയാസം.
പ്രവാചകന് എവിടെനിന്നു കൊട്ടാരമുണ്ടായി എന്താണന്തപുരം എന്നൊന്നും ചോദിക്കരുത്-
ഇതാണു ശരിയായ കാളിദാസന്‍-മറ്റേത് വെറും ഡ്യൂപ്പ്-
തീവ്രവാദി മുസ്ലിങ്ങള്‍ ഈ സത്യത്തെ അഭിമുഖീകരിക്കുന്നത് വിചിത്രമായ രീതിയിലാണ്. നിരാലംബകളായ വിധവകളെ സഹായിക്കാനാണത് ചെയ്തതെന്നാണ്‌ അവര്‍ എപ്പോഴും വാദിക്കാറുള്ളത്.
അപ്പോള്‍ ഇതിനെ എതിര്‍ത്താരെങ്കിലും പറഞ്ഞാല്‍ അവര്‍ തീവ്രവാദികളാനെന്നര്‍ത്ഥം. നിങ്ങള്‍ മിതവാദിയാണെന്നു തെളിയിക്കാന്‍ ഇപ്പറഞ്ഞതെല്ലാം കവിക്കു സമ്മതിച്ചു കൊടുക്കണം.
ആരാണീ മന്ദബുദ്ധികള്‍ എന്നത് ചിന്തനീയം. മുസ്ലിം തീവ്രവാദികളൊഴികെ അവിടെ എഴുതിയ എല്ലാവരും ലത്തീഫിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. എന്നു വച്ചാല്‍ അവര്‍ക്കൊന്നും ലത്തീഫ് പറഞ്ഞത് മനസിലായില്ല. മനസിലായത് മന്ദബുദ്ധികള്‍ക്ക് മാത്രം. മുസ്ലിം തീവ്രവാദികള്‍ മന്ദബുദ്ധികളാണെന്നു സമ്മതിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
ഒരു ചര്‍ച്ചയില്‍ പങ്കെടുത്തവരെ തീവ്രവാദികള്‍ എന്നു വിളിക്കുന്ന സമീപനം സംസ്കാരത്തിന്റെ അടയാളങ്ങളാവുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇനി ഈ വിഷയത്തിന്റെ മര്‍മ്മം തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണു. പോസ്റ്റിന്നു കൊടുത്ത ഹെഡ്ഡിങ് തന്നെ പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ എന്നാണു.
നാലാളോ നാട്ടുകാരോ പറഞ്ഞാല്‍ ഒരാള്‍ പുത്രനാവുമോ? പിതാവാകുമോ? ഇവിടെയാണു ശരിക്കും വിഷയത്തിന്റെ മര്‍മ്മം. പല നാട്ടിലും പല നാട്ടു നടപ്പുകളുമുണ്ടാകും. അത് മുഴുവന്‍ അം‌ഗീകാരം നല്‍കി പിന്തുടരാന്‍ ഒരു പ്രവാചക്ന്റെ ആവശ്യമെന്ത്? അതിലെ നല്ലതിനെ അം‌ഗീകരിക്കുകയും തിന്മയെ തള്ളിക്കളയുകയും ചെയ്യുക എന്നതാവില്ലെ ഒരു പ്രവാചകന്റെ ദൗത്യം. അങ്ങിനെയുള്ള ചില നടപടികളില്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ചില ആചാരങ്ങളെ ഉപയോഗിക്കേണ്ടി വരും. അത് സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയേ മനസ്സിലാക്കാന്‍ കഴിയൂ.
ഇവിടെ പുത്രഭാര്യയല്ല, പുത്രനെന്നു നാട്ടു നടപ്പിലുണ്ടായ ബന്ധത്തിലെ ആളുടെ ഭാര്യയെ വിവാഹം കഴിക്കാമോ എന്നതാണു പ്രശ്നം. അതിനെ കവി പുത്രനാക്കുകയാണു തന്റെ കവിതയില്‍ ചെയ്യുന്നത്.
കൂടാതെ അഭിപ്രായം പറഞ്ഞ ചിലരിലെ ചില വ്യത്യാസങ്ങള്‍ എടുത്ത് കൊടുത്ത് വലിയ ഒരു കാര്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നുണ്ട്.
സുഹൃത്തെ, ഒരു പണ്ഢിതനെന്ന നിലയിലൊന്നുമല്ല ഇവിടെ ചില അഭിപ്രായങ്ങള്‍ എഴുതുന്നത്- ചിലപ്പോഴെല്ലാം ചില അബദ്ധങ്ങളും എന്നെപ്പോലെയുള്ള ആളുകളുടെ വിവരണങ്ങളിലുണ്ടാകാം. അത് എന്റെ വിവരത്തിന്റെ പരിമിതിയാണെന്നംഗീകരിക്കാന്‍ യാതൊരു പ്രശനവുമില്ല. അതൊരു ആനക്കാര്യമാകേണ്ട.
ദത്ത് സമ്പ്രദായം പോലെ അനാചാരമായി ഇന്നും തുടരുന്ന ഇന്ത്യയിലെ ഒരു സാമൂഹിക പ്രശനമാണു ജാതി. ജാതിയിലും മതത്തിലും വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള കേരളത്തിലും ബം‌ഗാളിലുമെങ്കിലും എന്തുകൊണ്ട് ജാതി സമ്പ്രദായത്തെ ഇല്ലാതാക്കന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന്നുത്തരം പ്രായോഗികമായ നടപടികള്‍ ഉണ്ടായില്ല എന്നു തന്നെയാണു. കേരളത്തിലെ വലിയ സഖാക്കള്‍ മരിച്ചപ്പോള്‍ ദഹിപ്പിക്കാന്‍ പൂജാരിമാരും മയ്യത്ത് നിസ്കരിക്കാന്‍ മൊല്ലാക്കരും വന്നു. തെമ്മാടി ക്കുഴിയിലാകാതിരിക്കാന്‍ കുര്‍ബാന ചെല്ലിയ കഥകളും കേട്ടു. മരിച്ചപ്പോള്‍ മതമുള്ള ജീവനില്ലാത്തവരായവര്‍ ജീവിക്കുമ്പോള്‍ ജാതി നോക്കിയെ കെട്ടിയിട്ടുമുള്ളൂ. ഇടക്കു മതമില്ലാത്ത ജീവനു വേണ്ടി സമരം ചെയ്യുമെന്നു മാത്രം.
ഇവിടെയാണു പ്രായോഗിക നടപടികളുടെ പ്രസക്തി. അങ്ങിനെ ഒരു കാര്യം എല്ലാകാലത്തും പ്രസ്ക്തമാകുന്ന ഒന്നല്ല. അയിത്തോച്ചാടനത്തിനു ഗാന്ധിജി ഒരേ പന്തിയില്‍ ഭക്ഷനം കഴിച്ചു എന്നു കരുതി ഇപ്പോഴും അങ്ങിനെ ഒരു ചടങ്ങു നടത്തണമെന്നത് പ്രസക്തമല്ലാത്തത് പോലെ. ഇവിടെ സന്ദര്‍ഭത്തില്‍ നിന്നും ചില കാര്യങ്ങളെ തോണ്ടിയെടുത്ത് അന്തപുരമുണ്ടാക്കുന്ന കവികള്‍ സാമൂഹിക ചുറ്റുപാടുകളിലൂടെ കാര്യങ്ങളെ നോക്കിക്കാണണെമെന്നത് ചരിത്രത്തോട് ചെയ്യുന്ന നീതിയായിരിക്കും.

Sunday, March 7, 2010

പ്രവാചകനും വിവാഹവും വിമര്‍ശകരും

കേരളം തലമുറകളായി പാടിപോന്ന പാട്ടുകളായിരുന്നു വടക്കന്‍ പാട്ടുകള്‍. അതിനെ എം.ടി എന്ന സാഹത്യകാരന്‍ ചില ചീന്തുകളെടുത്ത് തന്റെ കാഴ്ചയിലൂടെ അഭ്രപാളികളില്‍ പകര്‍ത്തിയപ്പോള്‍ ചെറിയ ചില മാറ്റങ്ങളേ വരുത്തിയുള്ളൂ, കഥാപാത്രങ്ങള്‍ മാറിയില്ല, പക്ഷെ അന്നെ വരെ പാടിവന്ന വില്ലന്‍ നായകനാവുകയും നായകന്‍ വില്ലനാവുകയും ചെയ്തു. ഒരു വടക്കന്‍ വീരഗാഥയും ആരോമല്‍ ചേകവരെകുറിച്ചുള്ള വടക്കന്‍പാട്ടും കേട്ടവര്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും. എന്നാല്‍ വടക്കന്‍‌ വീരഗാഥ മാത്രം കണ്ട പുതു തലമുറക്കാകട്ടെ ഒരു പുതു കഥ മാത്രമാണുള്‍കൊള്ളാന്‍ കഴിയുന്നത്. ഇതൊരു കഥ മാത്രം, എത്രത്തോളം ചരിത്ര സത്യമുണ്ടെന്നത് അറിയാത്തതിനാല്‍ ആധികാരികത പറയാനാളല്ല.
എന്നാല്‍ ഇതെ എം.ടി തന്നെ ഹരിഹരനുമായി ചേര്‍ന്ന് ഒരു ചരിത്രസംഭവത്തെ സിനിമയാക്കി നമുക്കു തന്നിട്ടുണ്ട്. പഴശ്ശിരാജ. പക്ഷെ, ചരിത്രത്തിലെ പഴശ്ശിയല്ല അഭ്രപാളിയിലെ പഴശ്ശി. പഴശ്ശിയെ ചരിത്രം ഒരു കരംപിരിവുകാരനായി ചെറിയ അധികാരങ്ങള്‍ മാത്രമുള്ള നാട്ടു രാജാവായി കാണുമ്പോള്‍ എം.ടിയും ഹരിഹരനും ഒരു ഭരണാധികാരിയാക്കുകയാണ്. ചരിത്രം വായിക്കാനൊക്കെ ആര്‍ക്കാണു നേരം, അതിനാല്‍ തന്നെ ഇനി പഴശ്ശി ജനമനസ്സുകളില്‍ എം.ടി യുടെ പഴശ്ശിയായിരിക്കും. ഒരു കഥയിലെ മാറ്റത്തിലുപരി ഇത് ചരിത്രത്തോട് ചെയ്യുന്ന ഒരനീതിയാണു. വടക്കന്‍ വീരഗാഥ പോലെ അലസമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് ഇന്നെലെകളുടെ ബാക്കി പത്രങ്ങള്‍.
ഇത്രയും ആമുഖമായി പറഞ്ഞത് ഇവ രണ്ടും ചര്‍ച്ച ചെയ്യാനല്ല, മറിച്ച് ഒരു ചരിത്രസംഭവത്തെ അതിന്റെ തുടര്‍ച്ചയില്‍ നിന്നും പറിച്ചെടുത്ത് മറ്റൊരു കഥമെനയാന്‍ കഴിയുന്നതെങ്ങിനെ എന്നു നമുക്കു മനസ്സിലാകുന്ന ചില കാര്യങ്ങളിലൂടെ ഉദാഹരിച്ചതാണു.
ഏതൊരു ചരിത്രവും അത് സംഭവിച്ച സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു നോക്കി കണ്ടാലെ ഉള്‍കൊള്ളാനാകുകയുള്ളൂ. തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ഒരു സത്യത്തെ മാറ്റിമറിക്കുന്നത് കൊണ്ട് സത്യം സത്യമല്ലാതാകുകയില്ല. നമുക്കു ചില പ്രസ്ഥാനങ്ങളെ ഉള്‍കൊള്ളാന്‍ താത്പര്യമുണ്ടാകുന്നില്ലെന്നു കരുതി അവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ അവകാശമില്ല. ഉദാഹരണത്തിന് ചിലര്‍ക്ക് കമ്യൂണിസത്തോട് താത്പര്യമുണ്ടാകില്ല, അവര്‍ക്ക് കമ്യൂണിസത്തെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമവകാശമുണ്ട്. പക്ഷെ മാര്‍ക്സിന്റെ വ്യക്തി ജീവിതത്തിലെ ഒരു സംഭവം മറ്റൊരു രീതിയിലവതരിപ്പിച്ച് അദ്ദേഹത്തെ താറടിക്കുന്നത് ശരിയായ നടപടിയാകില്ല. ഏറ്റവും ചുരുങ്ങിയത് അത് അതെപോലെ അവതരിപ്പിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.
ഇസ്ലാമിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് (സ.അ) യുടെ ജീവിതത്തിലെ ഒരു വിവാഹവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഒരിടപെടലായി ഈ പോസ്റ്റ് ചെയ്യുമ്പോള്‍ ആമുഖമായി ഇത്രയുമെഴുതാന്‍ കാരണം ആ പോസ്റ്റുകളിലെ വായന തന്നെയാണു. പ്രവാചകന്റെ ജീവിത ത്തെയും ഇസ്ലാമിനെയും വിമര്‍ശിക്കാന്‍ ഒരാള്‍ക്കവകാശമുണ്ട്. പക്ഷെ, വിമര്‍ശനമെന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നു ദയവായി കരുതരുത്.
ഈ വിഷയവുമായി സി.കെ ലത്തീഫിന്റെ പോസ്റ്റില്‍ വന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായി കാളിദാസന്‍ എഴുതിയ പോസ്റ്റിന്ന് ഒരു മറുപടിയായാണ് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നത്, അതിനാല്‍ ആ പോസ്റ്റുകള്‍ ഒന്നു വായിക്കുമല്ലോ?
എന്താണു സൈനബും പ്രവാചകനും തമ്മിലുള്ള വിവാഹത്തിന്റെ ചരിത്രം. ഈ ചരിത്രത്തെ വിലയിരുത്തുന്നതിന്നു മുമ്പ് രണ്ട് കാര്യങ്ങള്‍- ഇതിനെ ഒരു മുസ്ലിം വീക്ഷണത്തിലൂടെ മാത്രം വിലയിരുത്തേണ്ട ചില സന്ദര്‍ഭങ്ങളൂണ്ട്. കാരണം അല്ലാഹുവിന്റെ കല്പന എന്നത് ഒരു അമുസ്ലിമിന്ന് ദഹിക്കുന്ന ഒന്നാവില്ല, ദൈവം ഇല്ല എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒരാളോട് ദൈവകല്പന എന്നു പറയുന്നതിന്റെ അയുക്തി വിശദീകരിക്കേണ്ടതില്ലല്ലോ? എങ്കിലും ആ ഭാഗങ്ങള്‍ ഒഴിവാക്കിയാലും അതിലെ ചരിത്ര സംഭവമെന്ത് എന്നു ഉള്‍കൊള്ളാന്‍ ശ്രമിക്കാമല്ലോ?
രണ്ടാമത്തത് ഏതൊരു ചരിത്രവിദ്യാര്‍ത്ഥിയും കണക്കിലെടുക്കുന്ന വസ്തുത ചരിത്രത്തെ ചരിത്ര കാലത്തില്‍ വിലയിരുത്തണമെന്നാണ്. അടിമ ഉടമ എന്നെല്ലാം നമുക്ക് വളരെ ലാഘവത്തോടെ പറയാമെങ്കിലും അതിന്റെ സാമൂഹിക ചിത്രങ്ങള്‍ പൂര്‍ണ്ണമായുമുള്‍കൊള്ളാന്‍ നല്ല മാനസിക സന്നദ്ധത വേണ്ടതുണ്ട്. ഗാന്ധിജി ഹരിജനങ്ങളുമായി ഒരു പന്തിയില്‍ ഭക്ഷണം കഴിച്ചു എന്നത് കേരളത്തിലെ ഇന്നത്തെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സംഭവമേ ആകില്ല, ആ ചരിത്രകാലത്തെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍. അതേപോലെ വിവാഹം, വിവാഹമോചനം എന്നെല്ലാം പറയുമ്പോള്‍ ഇന്നത്തെ വര്‍ത്തമാന കാലത്തിലേക്ക് ഈ സംഭവങ്ങളെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ ചില പ്രയാസങ്ങളുണ്ടാകും.
ഇനി ചരിത്രത്തിലേക്ക്-
പ്രവാചകന്റെ നാല്പതാം വയസ്സിലാണു അദ്ദേഹം പ്രവാചകനായി തിരഞ്ഞടുക്കപ്പെടുന്നത്, പ്രവാചകന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണു ഖദീജ (റ)മായി വിവാഹിതനാകുന്നത്. അന്ന് ഖദീജയുടെ അടിമയായിരുന്നു ബാലനായിരുന്ന സൈദ്. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് സൈദിന്റെ പിതാവ്. സൈദിനെ പ്രവാചകന്‍ സ്വതന്ത്രനാക്കുകയും തന്റെ വളര്‍ത്തു മകനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ ആചാരപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു.
പ്രവാചകന്റെ പിതാവായ അബ്ദുല്ലയുടെ പിതാവായ അബ്ദുല്‍ മുത്തലിബിന്റെ സഹോദരിയായ ഉമൈമയുടെ മകളായിരുന്നു സൈനബ്. അപ്രകാരം അവള്‍ പ്രവാചകന്റെ പിതാവു വഴി അമ്മായിയുടെ മകളായിരുന്നു. പ്രവാചകന്‍ തന്നെയാണ് സൈനബിനെ സെയ്ദിനു വിവാഹം ചെയ്തു കൊടുക്കാന്‍ മുന്‍കൈ എടുത്തത്. ആദ്യം അവളും സഹോദരന്‍ അബ്ദുല്ലയും ഈ വിവാഹത്തിനു സമ്മതിക്കാന്‍ മടി കാണിച്ചു. സെയ്ദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയാണ് എന്നതായിരുന്നു കാരണം. എന്നാല്‍ അവര്‍ക്കവരുടെ എതിര്‍പ്പ് പിന്‍ വലിക്കേണ്ടി വന്നു. ഇത് സംഭവിക്കുന്നത് നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. ഈ സമയത്തിറങ്ങിയ ദൈവീക്ത സൂക്തമാണു (ഖുര്‍‌ആന്‍ ആയത്ത്)
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(സൂറത്തുല്‍ അഹ്സാബ്-36)
ഇത് ഈ ചരിത്രത്തിന്റെ ഒന്നാം ഘട്ടം.
ഇവിടെ പ്രവാചകന്‍ ചെയ്യുന്നത് സമൂഹത്തില്‍ നിലനിന്നിരുന്ന കുലമഹിമ അല്ലെങ്കില്‍ തറവാടിത്തത്തിന്റെ മേല്‍ക്കോയിമ ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു. ഇവിടെയും അന്നത്തെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. അന്ന് ഗോത്ര-കുല മഹിമയുടെ അഹങ്കാരത്തില്‍ മതിമറന്നിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിയായിരുന്നു നിലനിന്നിരുന്നത്. തങ്ങളുടെ ഗോത്രക്കാര്‍ എന്തു തെറ്റു ചെയ്താലും കേവലം മഹിമയുടെ പേരില്‍ പിന്തുണക്കുന്ന അവസ്ഥ. അതിനാലാണ് പ്രവാചകനെ മക്കയില്‍ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ ഗോത്രത്തത്തില്‍ നിന്നും ഒരാള്‍ വീതം എന്നു തീരുമാനിക്കുന്നത്. കാരണം കൊലക്കു ശേഷം ഖുറൈശി ഗോത്രം പിന്നീട് കുലമഹിമ കാരണം തങ്ങളുടെ ഗോത്രത്തോട് പകരം വീട്ടുമോ എന്നെല്ലാവരും ഭയപ്പെട്ടു. ആ ഒരു സമൂഹിക അവസ്ഥയില്‍ കുലമഹിമ എന്ന വര്‍ഗ്ഗവിവേചനം ഇല്ലാതാക്കുവാന്‍ തന്റെ കുടുമ്പത്തിലെ ഒരു കന്യകയെ തന്നെ പ്രവാചകന്‍ സമൂഹം കുലം കൊണ്ട് അടിമയായിരുന്ന സൈദിനെ കൊണ്ട് വിവാഹം ചെയ്യിക്കുന്നു.
കഴിഞ്ഞ ചര്‍ച്ചകളില്‍ ഇതിനെ ഒരു നല്ല കാര്യമായി എല്ലാവരും കണ്ടതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇവിടെ മറ്റൊരു കാര്യവും കൂടി വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ സമൂഹം വിവാഹത്തെ കണ്ടിരുന്നത് കേവലം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഒരു ധാരണയായല്ല. മറിച്ച് രണ്ട് ഗോത്രങ്ങളുടെ ബന്ധമായാണു. പരസ്പരമുള്ള അടുപ്പം കാണിക്കുവാനും ബഹുമാനം പ്രകടിപ്പിക്കുവാനുമെല്ലാം വിവാഹം ഒരു പാധിയായിരുന്നു. അതിനാല്‍ തന്നെ ഈ വിവാഹം സമൂഹത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. കാരണം അറബികളിലെ ഏറ്റവും പ്രശസ്തര്‍ മക്കക്കാരായിരുന്നു. മക്കയിലെ ഏറ്റവും പ്രബലര്‍ ഖുറൈശികളും.
വിവാഹത്തിന്റെ ആദ്യനാളുകള്‍ പിന്നിട്ടപ്പോള്‍ സൈനബിന്റെയും സൈദിന്റെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ തുടങ്ങി. സൈനബിന്റെ മേല്‍ക്കോയിമാഭാവവും (Superiority complex ) സൈദിന്റെ അപര്‍ഷകതയുമാണെന്നാണു(Inferiority comlex) ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. എന്തായാലും തനിക്കിനിയും ഈ ബന്ധം തുടര്‍ന്നു കൊണ്ട് പോകുവാന്‍ താത്പര്യമില്ലെന്ന് സൈദ് പ്രവാചകനോട് പല തവണയായി ആവശ്യപ്പെട്ടു. അപ്പോഴെല്ലാം പ്രവാചകന്‍ ഉപദേശങ്ങള്‍ നല്‍കി തിരിച്ചയച്ചു കൊണ്ടിരുന്നു.
ഈ കാലയളവിലാണു ദത്ത് സമ്പ്രദായം ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഇസ്ലാമിക നിയമങ്ങള്‍ വരുന്നത്.
എന്തുകൊണ്ട് ദത്തു സമ്പ്രദായം ഇല്ലായ്മ ചെയ്യുന്നു?
സ്വാഭാവികമായും ഉണ്ടാകുന്ന ഒരു നിഷ്കളങ്കമായ ഒരു സംശയമാണിത്- ദത്ത് എന്നത് ഇന്നിന്റെ കാഴ്ചയില്‍ കാണുമ്പോള്‍ ഈ ചോദ്യത്തിനു അല്പം പ്രസക്തിയുമുണ്ട്. അവിടെയും നമുക്ക് ചരിത്ര കാലത്തിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു.
പല ദത്തുകളും തങ്ങളുടെ ജാരസന്തതികള്‍ക്ക് സാമൂഹിക സുരക്ഷിതമുണ്ടാക്കുന്ന ഏര്‍പ്പാടായിരുന്നു. മാത്രമല്ല ഇത് കുടുമ്പങ്ങളില്‍ പല അസ്വസ്ഥതകളും ഉണ്ടാക്കി. വീട്ടിലെ പ്രശ്നങ്ങളില്‍ പകരം വീട്ടാനായി ദത്തെടുക്കും. കുടുമ്പത്തിലെ മക്കളെ അവഗണിക്കുകയും ചെയ്യും.
ഇതിലേറെ തങ്ങളുടെ പ്രതാപം കാണിക്കാനായി ദത്ത് ഒരു പ്രതാപ ചിഹ്നവുമായി. തനിക്ക് ഇത്ര ദത്തു മക്കളുണ്ടെന്നത് സോഷ്യല്‍ സ്റ്റാറ്റസ് ആവുകയും ദത്തിന്നു കഴിവില്ലാത്തവര്‍ പോലും പ്രതാപത്തിന്നായി ദത്തെടുക്കുകയും ചെയ്തു. നമ്മുടെ വിവാഹ ധൂര്‍ത്ത് പോലെ.
ഇവ ദത്തെടുക്കുന്ന ആളുടെ ഭാഗത്തു നിന്നാണെങ്കില്‍ ദത്തെടുക്കപ്പെടുന്ന ആള്‍ക്കോ?
ഏറ്റവും പ്രധാനം ഒരാള്‍ക്ക് അയാളുടെ വ്യക്തിത്വം ഇതില്ലാതാക്കുന്നു എന്നതാണ്. സ്വന്തം പിതാവിനാല്‍ അറിയപ്പെടുന്നതിന്നു പകരം ആരുടെയെങ്കിലും മേല്വിലാസത്തിന്റെ കീഴില്‍ അറിയപ്പെടുക. ഇതിന്റെ മാനസിക വശം അനുഭവിക്കുന്നവരോടോ അല്ലെങ്കില്‍ മനശാസ്ത്രജ്ഞരോടൊ ചോദിച്ചു മനസ്സിലാക്കുക.
ഇവയെല്ലാം കുടുമ്പമെന്ന സം‌വിധാനത്തിന് പ്രയാസകരമായി ഭവിക്കുന്ന വസ്തുതകളായിരുന്നു. ഇസ്ലാമാകട്ടെ കുടുമ്പത്തെ ഏറ്റവും വിലമതിക്കുന്ന ഒരു ആശയവും. അതിന്നാല്‍ അനന്തരമെടുക്കാന്‍ പോലും അവകാശം നല്‍കുന്ന, ഒരു വ്യക്തിയെ അയാളുടെ പിതാവിന്റെ വ്യക്തിത്വത്തില്‍ നിന്നും മാറ്റുന്ന ഈ സമ്പ്രദായത്തെ ഇസ്ലാം ഇല്ലാതാക്കാന്‍ തീരുമാനിച്ചു.
ഈ സമയത്താണു സൈദിന്റെ വിവാഹജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതും തനിക്കൊരിക്കലും സൈനബുമായി ഒത്തു പോകുവാന്‍ കഴിയില്ലെന്നുമുള്ള ഇതില്‍ നിന്നും വിടുതല്‍ നല്‍കണമെന്നുമുള്ള ആവശ്യവുമായി സൈദ് പിന്നെയും പ്രവാചകനെ സമീപിക്കുന്നത്. ഈ സമയം സൈദ് സൈനബിനെ വിവാഹ മോചനം ചെയ്താല്‍ ദത്ത് സമ്പ്രദായം ഇല്ലാതാക്കുന്നതിന്റെ പ്രായോഗിക നടപടി എന്ന നിലയില്‍ സൈനബുമായി തന്റെ വിവാഹത്തിന്നു ദൈവകല്പന വരുന്നതിനെ പ്രവാചകന്‍ ഭയപ്പെട്ടു.
അന്നു നിലനിന്നിരുന്ന വ്യവസ്ഥയനുസരിച്ച് വളര്‍ത്തു പുത്രന്റെ ഭാര്യ സ്വന്തം മകന്റെ ഭാര്യയെ പോലെയായിരുന്നു സമൂഹം പരിഗണിച്ചിരുന്നത്. താന്‍ സമൂഹ മധ്യേ അപമാനിതനാകുമെന്ന കാര്യം പ്രവാചകനെ വേദനിപ്പിച്ചു. പക്ഷെ, സമൂഹത്തിന്റെ കണ്ണിലൂടെയല്ല ദൈവത്തിന്റെ നിയമങ്ങള്‍ നടപ്പിലാക്കുക എന്നും അത് ദൈവത്തിന്റെ ഇച്ഛക്ക്നുസൃതമായി മാത്രമാണെന്നും പ്രവാചകനെ ദൈവം അറിയിച്ചു.
അതോട് കൂടി സൈദിന്റെ താത്പര്യത്തിന്നു വിരുദ്ധമായി ആ വിവാഹം നീട്ടികൊണ്ട് പോകണമെന്നു പറയാന്‍ പ്രവാചകന് പാടില്ലാതെയായി. ഇതിന്റെ പരിണതിയെങ്ങിനെയാകുമെന്ന് പ്രവാചകന്നറിയാമായിരുന്നു.
ഇവിടെയും ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുന്നു. അറബ് സമൂഹത്തില്‍ ഒരു വിധവക്ക് പുനര്‍‌വിവാഹം എന്നത് ഒരു പ്രശ്നമായിരുന്നില്ല. ( വര്‍ത്തമാന കാലത്തിലും) - വിധവയെ ഒരപശകുനമായി കാണുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വിവാഹമോചനം വിലയിരുത്തുമ്പോള്‍ ഇതുള്‍കൊള്ളാന്‍ കുറച്ചു പ്രയാസം ഉണ്ടാകും.
രണ്ടാമതായി പ്രവാചകന്‍ നടത്തിയ ഈ വിവാഹം പരാജയപ്പെടുന്നത് പ്രവാചകന്റെ പരാജയമല്ലെ എന്ന ചോദ്യമാണു. ഉത്തരം- പ്രവാചകനെ ഒരു മനുഷ്യനായി തന്നെയാണ് മുസ്ലിങ്ങള്‍ കാണുന്നത് എന്നതാണു. ഇതൊരു വിവാഹം മാത്രമല്ലെ, പ്രവാചകന്‍ നേതൃത്വം നല്‍കിയ ഒരു യുദ്ധം പരാജയപ്പെട്ടിട്ടുണ്ടല്ലോ?
മൂന്ന്- കുലമഹിമയില്ലാതാക്കാന്‍ നടത്തിയ ഒരു വിവാഹത്തിന്റെ പരാജയം പിന്നെയും കുലമഹിമ കൂടുതല്‍ ശക്തമാക്കുകയല്ലെ ചെയ്യുന്നത്?
കുലമഹിമ തീരെ ഇല്ലാതാകുന്ന ഒന്നല്ല, മറിച്ച് ദാമ്പത്യത്തില്‍ ഇണയെ തിരഞ്ഞെടുക്കുന്നതിന്ന് ഇവക്കൊന്നുമല്ല പ്രാധാന്യം നല്‍കേണ്ടത് എന്ന പാഠമാണിവിടെ പരിഗണന അര്‍ഹിക്കുന്നത്- ഇതിന്നു ചുവടുപിടിച്ച് പല വിവാഹ ബന്ധങ്ങള്‍ക്കും തുടക്കം കുറിച്ചു എന്നതാണിതിന്റെ ഗുണപരമായ വശം.
നാല്- പ്രവാചകന് എങ്ങിനെയെങ്കിലും ഈ വിവാഹം നിലനിര്‍‌ത്താന്‍ ശഠിക്കാമായിരുന്നില്ലെ?
എങ്ങിനെയെങ്കിലും നില നിര്‍‌ത്തേണ്ട ഒന്നൊന്നുമല്ല വിവാഹ ജീവിതം. അവിടെ മനസ്സുകള്‍ തമ്മില്‍ അടുപ്പമില്ല എങ്കില്‍ ഒരാളെ ക്രൂശിക്കുന്നതിന്നു തുല്യമാകും. പരസ്പരം വിട്ടു വീഴ്ച ചെയ്തു മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തത് ഒഴിവാകുക തന്നെയാണഭികാമ്യം.
എന്തായാലും വിവാഹമോചനം നടന്നു. ശേഷം ദൈവ കല്പനയാല്‍ പ്രവാചകനുമായുള്ള സൈനബിന്റെ വിവാഹവും .
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.
അതായത്‌ അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്‍റെ നടപടി. ) കണക്ക്‌ നോക്കുന്നവനായി അല്ലാഹു തന്നെ മതി.
മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(സൂറത്തുല്‍ അഹ്സാബ്-37-40)
സ്വാഭാവികമായും ആളുകള്‍ മുഖം ചുളിച്ചു, അന്നെവരെയുള്ള സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രശനം. പക്ഷെ ആളുകള്‍ കുടുമ്പത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയും വ്യക്തിപരമായ അസ്ഥിത്വമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ ഈ നടപടികള്‍ കാരണമാവുകയും ചെയ്തു. അതായിരുന്നു ഈ വിവാഹത്തിന്റെ ഉദ്ദ്യേശ്യലക്ഷ്യവും.
ഈ സംഭവത്തെ കാളിദാസന്‍ തന്റെ കാവ്യഭാവനയില്‍ വികൃതമായി ചിത്രീകരിക്കുന്നതിന്നുള്ള മറുപടി അടുത്ത പോസ്റ്റില്‍-

Saturday, March 6, 2010

Dubai International Peace Conference- March-18-19-20

ദുബൈ അന്താരാഷ്ട്ര സമ്മേളനം മാര്‍ച്ച് 18-19-20 തീയതികളില്‍ ദുബൈ എയര്‍പോര്‍ട്ട് എക്സ്പോ യില്‍ വച്ച് ദുബൈ ഇന്റെര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സ് നടക്കുന്നു. ലോകത്തിലെ പ്രമുഖ വ്യക്തിത്വത്തങ്ങള്‍ പങ്കെടുക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനത്തില്‍ യൂസഫ് എസ്റ്റ്സ് (USA) . അബ്ദുല്‍ റഹീം ഗ്രീന്‍(UK), അഹ്മെദ് ഹാമെദ് (India), എം.എം.അക്ബര്‍ (India) . സഈദ് രഗെ (USA) , ഷെഇഖ് ഹുസൈന്‍ ഈ Malasia, യാസിര്‍ ഖാദി (USA) എന്നിവരും മസ്ജിദുല്‍ ഹറമിലെ ഇമാം അബ്ദുല്‍ റഹിമാന്‍ സൗദി വെള്ളിയാഴ്ച്ച് ഖുതുബക്കു നേതൃത്വം നല്‍കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കിലൂടെ സന്ദര്‍ശിക്കുക. എല്ലായാളുകള്‍ക്കും പങ്കെടുക്കാവുന്നതാണ്.( മത ലിംഗ ഭേദമന്യേ)