Saturday, January 22, 2011

പരിണാമവും ഖുര്‍‌ആനും

"ഈ ലോകത്തിന്, അതിലുള്ള സൃഷ്ടികളെല്ലാമുളപ്പെടെ ഒരു അടുക്കും ക്രമീകരണവും ഘടനയും നാം കാണുന്നു. സൃഷ്ടികളില്‍ ചിലത് ചിലതായി മാറികൊണ്ടിരിക്കുന്നു. ഇതില്‍ ഇന്ദ്രിയഗോചുരമായ പദാര്‍ത്ഥലോകത്തു നിന്നു തുടങ്ങിയാല്‍ ആദ്യം മൂലധാതുക്കളുടെ പ്രത്യക്ഷലോകമാണു. എങ്ങിനെ അവ ഒരാരോഹണക്രമത്തില്‍ ഒന്നോടൊന്നു ചെര്‍ന്ന് ഇടതടവില്ലാതെ മുകളിലേക്ക് കയറിപ്പോകുന്നുവെന്നു നോക്കു. മണ്ണില്‍ നിന്നു ജലത്തിലേക്ക്,പിന്നീട് വായുവിലേക്ക്, പിന്നീട് അഗ്നിയിലേക്ക്. ഇതില്‍ ഓരോന്നും തൊട്ടു മുകളിലോ താഴെയോ മാറാന്‍ സന്നദ്ധമായി നില്‍ക്കുകയാണു. ചിലപ്പോള്‍ അത് അങ്ങിനെ മാറുന്നുണ്ട്.

ഇത് ലോഹങ്ങളില്‍ തുടങ്ങി, അതി വിദഗ്ദമായ അടുക്കും ചിട്ടയോടും കൂടി ക്രമേണെ സസ്യ ലോകത്തേക്കും പിന്നീട് ജന്തു ലോകത്തേക്കും പുരോഗമിക്കുന്നു. സസ്യമണ്ഡലത്തിന്റെ ആദ്യഘട്ടം അതായത് കൂണുകളും വിത്തില്ലാത്തതും പോലുള്ളവ. ഈന്തപ്പന മുന്തിരി എന്നിങ്ങനെയുള്ള അവസാനം. സ്പര്‍ശന ശക്തി മാത്രമുള്ള ജന്തുലോകത്തിന്റെ ആദ്യഘട്ടത്തേക്കു ചേര്‍ന്നു വരുന്നു. ചേര്‍ന്നുവരിക എന്ന ഇത്തിസാല്‍ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്ന അര്‍ത്ഥം അതില്‍ പെട്ട ഒരു ഇനത്തിന്റെ അവസാന ഘട്ടം തൊട്ടടുത്ത ഇനത്തിന്റെ ആദ്യഘട്ടമായി പരിവര്‍ത്ത്നം ചെയ്യുന്നതിനു വിചിത്രമായ രീതിയില്‍ സജ്ജമായിരിക്കുന്നുവെനാണു."

 പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നു ഖല്‍ദൂം എന്ന അബു സയ്ദ് അബ്ദുറഹിമാന്‍ ഇബ്നു ഖല്‍ദൂന്‍ അല്‍ ഹദ്റമിയുടെ വിശ്വ പ്രസിദ്ധമായ മുഖദ്ദിമ എന്ന പുസ്തകത്തിലെ വാക്കുകളാണു മുകളില്‍ കൊടുത്തിരിക്കുന്നത്. History of the philosophy of history എന്ന പുസ്തകത്തില്‍ ഇബ്നു ഖല്‍ദൂനെ കുറിച്ച്  റോബര്‍ട്ട് ഫ്ലിന്റ് പറയുന്നത് " പ്ലോട്ടോയോ അരിസ്റ്റോട്ടിലോ അഗസ്റ്റീനോ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്ത് പറയാനുള്ള യോഗ്യയെത്തിയവരല്ല. മറ്റൊരു ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്ത് പറയാനുള്ള അര്‍ഹതയുമില്ല എന്നാണു. (ഈ പുസ്തകം ഡീസീ ബുക്സ് വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ ഇറക്കുകയും 1966ല്‍ കേരളാസാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല വിവര്‍ത്തന ഗ്രന്ഥത്തിനുള്ള അവാര്‍ഡ് വാങ്ങുകയും ചെയ്തിട്ടുണ്ട്.)

പരിണാമത്തിന്റെ മതകീയ മാനം തിരയുകയല്ല മുകളിലെ ഇബ്നു ഖല്‍ദൂനിന്റെ വരികളിലൂടെ നല്‍കാന്‍ ഞാനുദ്ദേശിക്കുന്നത്. മറിച്ച് 1859 ല്‍ ഡാര്‍‌വിന്‍ On the Origin of Species എന്ന പുസ്തകമെഴുതുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ജീവികളിലെ പരിണാമം ശാസ്ത്രലോകത്തും ചിന്താലോകത്തും നിലനിന്നിരുന്നു എന്ന വസ്തുത ബോധ്യപ്പെടുത്താനാണു. ഇബ്നു ഖല്‍ദൂമിനെ പോലെയുള്ള ഒരു പണ്ഡിതന്റെ ഗ്രന്ഥത്തില്‍ നിന്നും ഇത് മുസ്ലിം ചിന്തകരിലും അരോചകമായ ഒന്നായിരുന്നില്ല ജീവികളിലെ മാറ്റം എന്ന ചിന്ത. ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഈ പുസ്തകത്തിലെ വരികളിലൂടെ കടന്നു പോയത് സത്യത്തില്‍ വിസ്മയത്തോടെയാണെന്ന് പറയാതെ വയ്യ. പരിണാമവാദം ആദ്യം ഉന്നയിച്ചത് മുസ്ലിം ശാസ്ത്രജ്ഞരായിരുന്നു എന്ന് ഞാനവകാശപ്പെടുന്നു എന്നൊന്നും ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മറിച്ച് തത്വചിന്തകരില്‍ ജീവികളിലെ പരിണാമം ഡാര്‍‌വിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സജീവമായിരുന്നു എന്നതിന്റെ ഒരു തെളിവുദ്ധരിക്കുക മാത്രമാണു ചെയ്യുന്നത്.

എന്തുകൊണ്ട് ജീവജാലങ്ങളൂടെ മാറ്റം എന്ന ആശയം മനുഷ്യനില്‍ വന്നു എന്നതിന് ഏറ്റവും ലളിതമായ ഉത്തരം പദാര്‍ത്ഥലോകത്തെ കുറിച്ചുള്ള അവന്റെ അന്യേഷണ ത്വര എന്നതാണു. ഇബ്നു ഖുല്‍ദൂനല്ല ആദ്യമായി ഇങ്ങിനെ ഒരാശയം കൊണ്ടുവരുന്നത്. ക്രൈസ്താബ്ദത്തിനു ആറു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രീക്കു ചിന്തകരില്‍ ഇങ്ങിനെ ഒരാശയം രൂപമെടുത്തിട്ടുള്ളതായി കാണാന്‍ കഴിയും. അപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരാശയത്തിനു ശാസ്ത്രീയമായ ഒരു വിശദീകരണം നല്‍കുകയാണു ഡാര്‍‌വിന്‍ ചെയ്തത് എന്നു കാണാം. മറ്റൊരു ഭാഷയില്‍ ചിന്താലോകം എന്നോ രൂപപ്പെടുത്തിയിരുന്ന ഒന്നായിരുന്നു ജീവികള്‍ പരിണമിക്കുന്നു എന്ന സങ്കല്പനം. പരിണാമവാദം അതിനാല്‍ തന്നെ മനസ്സില്‍ അള്ളിപ്പിടിച്ചിര്‍ക്കുന്ന ഒരു ചിന്താഗതിയാണ്.വളരെ വേരുറച്ച് പോയതിനാല്‍ തന്നെ ഏതൊരു ചെറിയ വിശദീകരനത്തിനും വഴങ്ങിക്കൊടുക്കാനുതകുന്ന ഒരു മനസ്സ് ഈ വാദഗതിക്ക് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഡാര്‍‌വിന്‍ പരിണാമവാദം ഉന്നയിക്കുന്നത് ക്രൈസ്തവക്ക് യൂറോപ്പില്‍ അതിന്റെ സ്വാധീനം  നഷ്ടപ്പെടുന്ന കാലഘട്ടത്തിലാണ്. അക്കാരണത്താല്‍ തന്നെ അതിനൊരു മതവിരുദ്ധമുഖവും കൂടി വരുന്നുണ്ട്. മതം എന്നാല്‍ യൂറോപ്പിനു ക്രൈസ്തവതയാണു. ക്രൈസ്തവതയുടെ ചരിത്രത്തിലാകട്ടെ യൂറോപ്പിന്റെ വിജ്ഞാനത്തിന്റെ വിളക്കണച്ച ഒരു മതപാരമ്പര്യവുമുണ്ട്. അതിനാല്‍ തന്നെ ശാസ്ത്രം വിരുദ്ധം മതം എന്ന ഒരു സൂത്രവാക്ക്യത്തിന്നിടയിലേക്കാണ് ഡാര്‍‌വിന്റെ പരിണാമവാദം കടന്നു വരുന്നത്.

സ്വാഭാവികമായും ക്രൈസ്തവ വിശദീകരണങ്ങള്‍ ഉത്തരം തേടുന്ന മനസ്സുകളെ തൃപ്തിപ്പെടുത്തുന്നവയായിരുന്നില്ല. മനുഷ്യമനസ്സാകട്ടെ ഉത്തരങ്ങള്‍ക്ക് തേടുന്ന ഘടനയുള്ളതും. അറിവ് പദാര്‍ത്ഥസ്വഭാവമുള്ളതാണെങ്കില്‍ വിശ്വാസം ആത്മാവാണ്. ആത്മാവും ശരീരവും ചേര്‍ന്നതാണു മനുഷ്യന്‍. ഒന്നില്‍ നിന്ന് ഒന്നിനെ മാറ്റി നിര്‍ത്തി പൂര്‍ണ്ണമാക്കാന്‍ കഴിയില്ല.

പരിണാമത്തിന്റെ മതവിരുദ്ധഭാവം യൂറോപ്യന്‍ മതം നിര്‍‌ബന്ധിത പൂര്‍‌വ്വം ശാസ്ത്രതല്പ്പരര്‍‌ക്ക് എടുത്തണിയാന്‍ സാഹചര്യമൊരുക്കിയതായിരുന്നു. മാത്രമല്ല ശാസ്ത്രമെന്നാല്‍ പദാര്‍ത്ഥത്തെ കുറിച്ചുള്ള അറിവാണെന്നിരിക്കെ, എല്ലാം അറിയണം എന്ന താത്പര്യം എല്ലാറ്റിനെയും പദാര്‍ത്ഥലോകത്തിന്റെ പരിധിയിലേക്ക് കൊണ്ട് വരുവാന്‍ നാം ഇച്ഛിക്കുകയും ചെയ്യുന്നു. ഇതൊന്നും ഒരു തെറ്റ് എന്ന രീതിയിലല്ല ഞാന്‍ കരുതുന്നതും വിശദീകരിക്കുന്നതും. മറിച്ച് പരിണാമവാദത്തിന്റെ അടിത്തറ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മനുഷ്യന്‍ കൊണ്ടുനടന്നിരുന്ന ഊഹം വിശദീകരിക്കപ്പെടുകയാണുണ്ടായത് എന്ന വസ്തുതയാണു.

പരിണാമവും ഖുര്‍‌‌ആനും.

സൃഷ്ടിപ്പിനെ കുറിച്ചുള്ള വിശദീകരണങ്ങളൊന്നും തന്നെ ഖുര്‍‌ആന്‍ നല്‍കുന്നില്ല. ബൈബിളിനെ പോലെ സൃഷ്ടിപ്പിനെ കുറിച്ചുള്ള കാലനിര്‍ണ്ണയം ഖുര്‍‌ആന്‍ വിശദീകരിച്ചിട്ടില്ല.

ബൈബിളില്‍ ഒന്നാം ദിവസം- ആകാശം, ഭൂമി, വെളിച്ചം, ഇരുട്ട്, പകല്‍, രാത്രി.
രണ്ടാം ദിവസം- വായു, അന്തരീക്ഷത്തെ ആകാശമെന്നു പേരിട്ടു.
മൂന്നാം ദിവസം- വെള്ളത്തെ കരയില്‍ നിന്നും വേര്‍ത്തിരിച്ചു, ഭൂമി സൃഷ്ടിച്ചു. വെള്ളത്തിനു കടലെന്നു പേരിട്ടു. ഭൂമിയില്‍ സസ്യങ്ങളെ സൃഷ്ടിച്ചു.
നാലാം ദിവസം-സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍- പകല്‍ വാഴേണ്ടതിന്നു വലിയ വെളിച്ചം- രാത്രി വാഴേണ്ടതിന്നു ചെറിയ വെളിച്ചം
അഞ്ചാം ദിവസം-മത്സ്യങ്ങള്‍, പക്ഷികള്‍,
ആറാം ദിവസം- കരജീവികള്‍, മനുഷ്യന്‍ എന്നിങ്ങനെ വ്യക്തമായ ഒരു ക്രമം നല്‍കുന്നുണ്ട്.

പലപ്പോഴും ഖുര്‍‌ആനിലെ ആറു യൗമുകളിലായി ആകാശഭൂമികളെ സൃഷിച്ചു എന്ന പരാമര്‍ശത്തെ ബൈബിളിന്റെ  അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാറാണു പതിവ്. ഇക്കാര്യം ഞാന്‍ മുമ്പ് പ്രപഞ്ചഘടനയും ഖുര്‍‌ആനും എന്ന പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

മനുഷ്യസൃഷ്ടിപ്പുമായ ചില പരാമര്‍ശമൊഴികെ മറ്റൊരു സൃഷ്ടി വിവരവും ഖുര്‍‌ആന്‍ നല്‍കുന്നില്ല. എന്നിരിക്കെ ഇനി ഒരു ജീവി മറ്റൊരു ജീവിയായി പരിണമിച്ചു എന്നത് കൊണ്ട് മാത്രം അത് ഖുര്‍‌ആനിനു വിരുദ്ധമാകുന്നില്ല. അതിനാലാണു ഞാന്‍ 1406 മാര്‍ച്ചില്‍ മരണമടഞ്ഞ മുസ്ലിം പണ്ഡിതനും തത്വചിന്തകനുമായിരുന്ന ഖല്‍ദൂമിന്റെ പരാമര്‍ശങ്ങള്‍ ആദ്യം തന്നെ എടുത്തു കൊടുത്തത്.

ഖുര്‍‌ആനിലെ സൃഷ്ടി പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു മുഖദ്ദിമയിലെ ഈ പരാമര്‍ശങ്ങളെങ്കില്‍ അതെന്നോ മുസ്ലിം ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. അങ്ങിനെയില്ലാതിരിക്കാന്‍ കാരണം അതൊരു ഖുര്‍‌ആന്‍ വിരുദ്ധപരാമര്‍ശമായി മുസ്ലിം ലോകം കണ്ടില്ല എന്നതിന്റെ ഒരു തെളിവാണു. അഥവാ ഒരു ജീവിയില്‍ നിന്നു  മറ്റൊരു ജീവിയായി ജീവജാലങ്ങള്‍ രൂപപ്പെടുന്നു എന്നതു കൊണ്ട് മാത്രം അത് ഖുര്‍‌ആനിനു വിരുദ്ധമാകുന്നില്ല. ഒന്നു കൂടി വിശദീകരിക്കുകയാണെങ്കില്‍ സൃഷ്ടിപ്പ് എങ്ങിനെ എപ്പോള്‍ എന്നതിനെ കുറിച്ച് ഖുര്‍‌ആന്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. മനുഷ്യ സൃഷ്ടിപ്പുമായി ചില പരാമര്‍ശങ്ങളൊഴികെ മറ്റൊന്നും തന്നെ ഖുര്‍‌ആനിലില്ല.


ഈ പോസ്റ്റെഴുതാനുള്ള പ്രചോദനം എന്‍ എം ഹുസൈന്‍ എന്ന ബ്ലോഗറുടെ ഡോക്കിന്‍സ് നിരൂപണം എന്ന ബ്ലോഗുമായി നടന്ന് ചില ചര്‍ച്ചകളില്‍ നടന്ന ചില ചര്‍ച്ചകളില്‍ പങ്കെടുത്തതിനാലാണു. ചര്‍ച്ചകളില്‍ നിന്നു ഞാന്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പിന്മാറുകയായിരുന്നു. അതിന്റെ പ്രധാന കാരണം ആ വിഷയത്തില്‍ ഒരിടപെടല്‍ നടത്താന്‍ മാത്രം വളരെ കുറച്ചേ ഞാന്‍ വായിച്ചിരുന്നുള്ളൂ എന്നതായിരുന്നു. പക്ഷെ, ചര്‍ച്ചയില്‍ പങ്കെടുത്ത പലരും വളരെ ആധികാരികമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ കുറച്ചുകൂടി പഠിച്ച ശേഷം മാത്രമേ ഇടപെടാവൂ എന്ന്‍ തോന്നി. വെറും വാദങ്ങള്‍ ചിലപ്പോള്‍ വാദിച്ചു വിജയിപ്പിക്കാന്‍ കഴിഞ്ഞാലും യാഥാര്‍ത്ഥ്യത്തോട് വളരെ അകലെയായിരിക്കും. അതിനാല്‍ തന്നെ കുറച്ചുകൂടി വായിച്ചുതിനു ശേഷമാകാം ഇടപെടുന്നത് എന്നു കരുതുകയായിരുന്നു. പിന്നെ ചര്‍ച്ച പതിവു ബ്ലോഗ് ചര്‍ച്ചകളെ പോലെ വിഷയത്തില്‍ നിന്നും തെന്നിമാറി എവിടേക്കെല്ലാമോ എത്തിയപ്പോള്‍ പലതിനെ കുറിച്ചും അഭിപ്രായമുണ്ടായെങ്കിലും കാഴ്ച്ചകാരനാവുകയായിരുന്നു.

കാരണം അതില്‍ പങ്കെടുത്ത പരിണാമവാദികളാകട്ടെ പരിണാമം ഒരു ശാസ്ത്രസത്യം എന്ന രീതിയില്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞു എന്ന് ഒരു സംശയത്തിനുമിടയില്ലാത്ത വിധം പ്രസ്ഥാവിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതമാണു തോന്നിയത്. മാത്രമല്ല, സൃഷ്ടിവാദം എന്ത് എന്ന രീതിയിലുള്ള ഒരു ചര്‍ച്ച ആദ്യമായാണു ബ്ലോഗില്‍ വരുന്നത്. മറ്റെല്ലാം പരിണാമവാദത്തിന്റെ  വൈകല്യങ്ങളെ എടുത്തു കാണിക്കുന്ന ചര്‍ച്ചകള്‍ മാത്രമായിരുന്നു മലയാളം ബ്ലോഗിലെങ്കിലും നടന്നിരുന്നത്. അതില്‍ നിന്നു വ്യത്യസ്തമായി എന്താണു സൃഷ്ടിവാദം എന്ന് വിശദീകരിക്കുന്ന ആദ്യത്തെ ചര്‍ച്ചയാണു ഇപ്പോള്‍ നടന്നു വരുന്നത്.

പരിണാമവാദം ഞാന്‍ അംഗീകരിക്കാത്തത് അങ്ങിനെ സംഭവിക്കാനുള്ള സാധ്യതയില്ലായ്മയില്‍ നിന്നാണു. മുമ്പ് പരാമര്‍ശിക്കപ്പെട്ടത് പോലെ ശാസ്ത്രലോകം മറ്റൊരു സാധ്യതയും സൃഷ്ടിക്ക് വിശദീകരിക്കാനില്ലാത്തതിനാല്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നു എന്നതിനാല്‍ മാത്രം ഒന്നു ശാസ്ത്രമാകില്ലല്ലോ. എന്തു കൊണ്ട് പരിണാമവാദം എനിക്കുള്‍ക്കൊള്ളാനാവുന്നില്ല എന്നത് അടുത്ത ചില പോസ്റ്റുകളില്‍ വിശദീകരിക്കാന്‍ ശ്രമിക്കാം. അതെന്റെ അറിവുമായി എങ്ങിനെ വിരുദ്ധമാകുന്നു എന്നത് ചര്‍ച്ച ചെയ്യുകയാണെന്റെ ഉദ്ദേശ്യം. എന്നതല്ലാതെ ഒരു ജീവിയില്‍ നിന്നു മറ്റൊരു ജീവി രൂപാന്തരം പ്രാപിക്കുന്നു എന്നതിനാല്‍ മാത്രം എന്റെ വിശ്വാസത്തെ അത് ചോദ്യം ചെയ്യും എന്ന ഭയപ്പാടില്‍ നിന്നൊന്നുമല്ല. പക്ഷെ, മറ്റൊരു സാധ്യതയുമില്ലാത്തതിനാല്‍ പരിണാമവാദത്തെ അന്ധമായി വിശ്വസിക്കാനും പിന്താങ്ങുവാനും പരിണാമവാദികള്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നു മാത്രം.

സൃഷ്ടിവാദത്തിന്റെ ഏറ്റവും വലിയ പരിമിതി അത് ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും ക്രൈസ്തവ മത പ്രചരണത്തിന്റെ ഭാഗമായാണു എന്നതാണു. അതിനാല്‍ തന്നെ ബൈബിളിലെ പല അസംബന്ധങ്ങള്‍ക്കും ഉത്തരം പറയേണ്ട ബാധ്യത കൂടി അവര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അത് കൊണ്ട് തന്നെ ഭൂമിയുടെ പ്രായവുമെല്ലാം ബൈബിള്‍ കണക്കുകൂട്ടി വിമര്‍ശിക്കപ്പെടുമ്പോള്‍ പരിണാമത്തിന്നെതിരില്‍ തങ്ങള്‍ ഉയര്‍ത്തുന്ന വസ്തുതകള്‍ വേണ്ട വിധം ഉപയോഗിക്കാനാകാതെ പോകുന്നു. ഇപ്പോഴും പരിണാമത്തെ കുറിച്ച് സൂക്ഷ്മതലത്തിലുള്ള ഒരു ചര്‍ച്ചക്കൊന്നുമുള്ള വിവരം എനിക്കില്ല. മൈക്രോബയോളജിയിലെ പല സാങ്കേതിക പദങ്ങളും വേണ്ടത്ര വഴങ്ങുന്നുമില്ല. ചിലതെല്ലാം പഠിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും ബ്ലോഗിലെ പല ആധികാരിക വിക്കീപീഡിയാ പരിണാമവാദികളെപോലെ ഗഹനമായ ചര്‍ച്ച നടത്താനുള്ള ശരീരികക്ഷമതയും ആയിട്ടില്ല.

എങ്കിലും സൃഷ്ടിവാദത്തെ കുറിച്ച് ഒന്നും വായിക്കാതെ സൃഷ്ടിവാദം തെറ്റാണെന്ന്‍ സമര്‍ത്ഥിക്കുന്നവരെ പോലെ ആകാന്‍ വയ്യല്ലോ. അതിനാല്‍ ഇനി ചില പോസ്റ്റുകളില്‍ വരുന്നത് എന്റെ വിനീതമായ ചില സംശയങ്ങളാണു. പരിണാമവാദം ശരിയാണെന്ന് തെളിയിച്ചു കഴിഞ്ഞ വിക്കീപീഡിയന്‍ വാദികള്‍ക്ക് മുമ്പിലല്ല, ഒരു ചര്‍ച്ചയെ അതിന്റെ മൂല്യത്തിലെടുക്കുന്ന വായനക്കാരെയാണെനിക്കാവശ്യം. ഇതില്‍ പഴയ പല ബ്ലോഗുകളിലായി വന്ന പരിണാമവാദത്തെ കുറിച്ചുള്ള പോസ്റ്റുകളും കമെന്റുകളും ചര്‍ച്ചക്കെടുക്കാനുള്ള എന്റെ സ്വാതന്ത്രത്തെ അം‌ഗീകരിക്കുമെന്ന പ്രതീക്ഷയോടെ.