ബ്ലോഗില്‍ പരിണാമവാദവും സൃഷ്ടിവാദവും തമ്മിലുള്ള ചൂടേറിയ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ- പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കുവാന്‍ കഴിയില്ല എന്നായപ്പോള്‍ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിക്കേണ്ടതുണ്ട് എന്ന ചോദ്യത്തിലേക്ക് വന്നിരിക്കുകയാണു പരിണാമവാദികള്‍.
സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം തന്നെ നിരര്‍ത്ഥകമാണെന്നാണ് എന്റെ അഭിപ്രായം. കാരണം എല്ലാ കാര്യങ്ങളും ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാനാവില്ല എന്നതാണ് ഒരാളെ വിശ്വാസിയാക്കുന്നത്. വിശ്വാസം എന്നത് തന്നെ ശാസ്ത്രീയമായി പൂര്‍ണ്ണമായും തെളിയിക്കാനാവാത്ത ഒന്നാണെന്നിരിക്കെ എല്ലാം ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നായി ഒരു വിശ്വാസി എടുക്കേണ്ടതില്ല. ഇത് കേവലം ദൈവ വിശ്വാസത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.
ഒരു പരിണാമവാദി പരിണാമവാദം ശാസ്ത്രീയമല്ലാ എങ്കില്‍ സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം ഉന്നയിക്കുന്നതു തന്നെ പരിണാമവാദികളുടെ പരാജയം സമ്മതിക്കലാണെന്നു പറയാതെ വയ്യ. കാരണം സൃഷ്ടി രഹസ്യങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരം എന്ന നിലയിലാണു പരിണാമവാദത്തിന്റെ തുടക്കം. എന്നതല്ലാതെ സൃഷ്ടിവാദത്തിനു ഒരു എതിര്‍വാദം എന്ന നിലയിലല്ല. അഥവാ സൃഷ്ടിവാദം പരിണാമവാദത്തിനെതിരില്‍ ശാസ്ത്രീയമായ രൂപപ്പെടുത്തിയ വാദമോ സിദ്ധാന്തമോ അല്ല.
മാത്രമല്ല സൃഷ്ടിപ്പ് ഒരു പ്രാപഞ്ചികപ്രതിഭാസം എന്ന രീതിയിലാണു പരിണാമവാദികള്‍ കാണുന്നത്, അതിനാല്‍ തന്നെ അതിന്നൊരു ശാസ്ത്രീയ അടിത്തറ ഉണ്ടായേ മതിയാകൂ. അതിന്നു പകരം ഒരു മറു ചോദ്യം ഒരു വാദത്തിനു കൊള്ളുമെങ്കിലും ഉത്തരമാകുന്നില്ല.
ദൈവം സൃഷ്ടിച്ചതിന്റെ ശാസ്ത്രീയത ചോദിക്കുന്നത് ദൈവത്തെ അംഗീകരിച്ചതിനു ശേഷമല്ലെ ആകാനാകൂ. ഇല്ലാത്ത ദൈവം സൃഷ്ടിക്കുന്ന പ്രശ്നം വരുന്നില്ലല്ലോ-
ഇവിടെ പരിണാമവാദികള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്നത് സ്വയം പരിഹാസ്യരാകുകയാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണു സത്യം. കാരണം സൃഷ്ടി നമ്മുടെ മുമ്പിലുണ്ട്. യഥാര്‍ത്ഥമായ സൃഷ്ടി ഉണ്ടാകുവാന്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന്‍ അത് സ്വയം ഉണ്ടായതാകണം. അല്ലെങ്കില്‍ ഒരാള്‍ ഉണ്ടാക്കിയതാകണം. ഈ രണ്ട് സാധ്യതകള്‍ക്കപ്പുറം മറ്റൊന്നില്ല എന്നിരിക്കെ ഒരു സാധ്യത ശരിയല്ല എന്നിരിക്കെ എതിര്‍വാദത്തെ അംഗീകരിക്കേണ്ടി വരുന്നു.
അങ്ങിനെ വരുമ്പോള്‍ സൃഷ്ടിവാദം തെറ്റാണെന്നു തെളിയിച്ചാല്‍ പരിണാമവാദം ശരിയാണെന്നു വരില്ലെ? ഇല്ല- കാരണം സൃഷ്ടിവാദത്തിനടിസ്ഥാനമായ കാര്യങ്ങള്‍ പ്രാപഞ്ചികമല്ല. എന്നാല്‍ പരിണാമവാദത്തിന്റെ അടിസ്ഥാനം ശാസ്ത്രമാണെന്ന് പരിണാമവാദികളെങ്കിലും വിശ്വസിക്കുന്നു. വാദിക്കുന്നു. അപ്പോള്‍ തങ്ങളുടെ വാദത്തിന്നാവശ്യമായ തെളിവുകള്‍ നിരത്തേണ്ടത് പരിണാമവാദികളാണ്. അങ്ങിനെ തെളിയിക്കുന്നതില്‍ പരാജയെപ്പെടുമ്പോള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയ തെളുവുകള്‍ ചോദിച്ച് രക്ഷപ്പെട്ടാല്‍ പരിണാമവാദം ശാസ്ത്രീയമാകില്ല.
ദൈവത്തെ കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് പൂര്‍ണ്ണമായും യുക്തിയുടെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന ഒന്നല്ല. അതിനാല്‍ തന്നെ സൃഷ്ടി രഹസ്യങ്ങളും. ഇതൊരു വിശ്വാസിയുടെ അടിസ്ഥാന വിശ്വാസമെന്നിരിക്കെ സ്രഷ്ടി രഹസ്യം അഥവാ ശാസ്ത്രം നിങ്ങള്‍ക്കറിയാത്തതിനാല്‍ എല്ലാ വസ്തുക്കളും പരിണമിച്ചുണ്ടായതാണെന്ന് ഞങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്ന് പറയുകയാണു ഇനി യുക്തിവാദികള്‍ക്കു നല്ലത്.
പരിണാമവാദം രൂപപ്പെടുന്നത് തന്നെ ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണു, അതല്ലാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. വിശ്വാസത്തിന്നെപ്പോഴും കേവലയുക്തിക്കപ്പുറമുള്ള ഒരു തലമുണ്ട്. എല്ലാ കാര്യങ്ങളും വിശദീകരണയോഗ്യമല്ല എന്നതാണു വിശ്വാസം തന്നെ. അങ്ങിനെയിരിക്കെ പരിണാമവാദത്തിന്റെ ശാസ്ത്രീയത ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്നു ഓടിയൊളിക്കാന്‍ പരിണാമവാദികള്‍ തര്‍ക്കശാസ്ത്രമെടുക്കരുത്.
അതല്ല, സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിച്ചിട്ടെ ഇനി പരിണാവാദം ചര്‍ച്ചെക്കെടുക്കാവൂ എന്നാനെങ്കില്‍ അനവധി വിശ്വാസത്തിലേക്ക് പരിണാമവാദ വിശ്വാസവും കടന്നു വരട്ടെ.
28 comments:
സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം തന്നെ നിരര്‍ത്ഥകമാണെന്നാണ് എന്റെ അഭിപ്രായം. കാരണം എല്ലാ കാര്യങ്ങളും ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാനാവില്ല എന്നതാണ് ഒരാളെ വിശ്വാസിയാക്കുന്നത്.
താങ്കള്‍ ഈ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ, വ്യക്തമായും തെറ്റാണെന്നു തെളിഞ്ഞ ഒരു കാര്യം യുക്തിയുടെ തരിമ്പുപോലും പ്രയോഗിക്കാതെ കണ്ണടച്ച് വിശ്വസിക്കണം എന്നു പറഞ്ഞാല്‍ അത് അംഗിക്കരിക്കാന്‍ പറ്റില്ല. അങ്ങനെ വരുമ്പോള്‍ ലോകത്തു കാണുന്ന എല്ലാ അന്ധ വിശ്വാസങ്ങളും യാതൊരു ചോദ്യം ചെയ്യലും കൂടാതെ നാം അംഗീകരിക്കേണ്ടി വരും. ഇത് താങ്കള്‍ക്കും സ്വീകാര്യമല്ലെന്ന് ഞാന്‍ കരുതുന്നു.
പറഞ്ഞു വരുന്നത്, സൃഷ്ടിവാദം എന്ന നിലയില്‍ ഇന്ന് പരക്കെ അറിയപ്പെടുന്ന, ഏതാനും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം മനുഷ്യനെ മണ്ണു കുഴച്ചു സൃഷ്ടിച്ചു എന്ന രീതിയിലുള്ള, സൃഷ്ടിവാദം അല്പം ശാസ്ത്രബോധമുള്ള ആരും അംഗീകരിക്കും എന്ന് എനിക്ക് വിശ്വാസമില്ല. ഇതു പകരം വെക്കാന്‍ മറ്റെന്തെങ്കിലും സൃഷ്ടിവാദം താങ്കള്‍ക്കുണ്ടോ എന്നറിയാന്‍ താല്പര്യമുണ്ട്.
സൃഷ്ടിവാദത്തിന്റെ അടിസ്ഥാനം ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നതു തന്നെയാണ്. സ്വയം രൂപപ്പെട്ടു എന്നത് പരിണാമവാദവും. സൃഷ്ടിവാദത്തിന്റെ ഏറ്റവും വലിയ തെളിവ് പ്രാപഞ്ചികമായ ഒന്നും സ്വയം ഉണ്ടാകുന്നില്ല എന്നത് തന്നെയാണു. പ്രപഞ്ചമാകട്ടെ വളരെ ആസൂത്രിതമായി ചലിക്കുന്നു എന്നത് തന്നെ ഒരു ആസൂത്രകനെ സൃഷ്ടിവാദ പ്രകാരം ബലപ്പെടുത്തുന്നു
"ഒന്നും സ്വയം ഉണ്ടാകുന്നില്ല എന്നത് തന്നെയാണു."
:) അപ്പോള്‍ ദൈവം എങ്ങിനെ ഉണ്ടായോ എന്തോ? ഹിന്ദുക്കള്‍ സ്വയം ഭൂവായെന്ന് പറഞ്ഞ് തടിയൂരും എന്നാല്‍ അബ്രഹാമിക്കുകാര്‍ എന്ത് പറയും?
ഓ... ബ്ലോഗിലെ സൃഷ്ടിവാദികളോട് ഈ ചോദ്യം ചോദിക്കരുതല്ലോ...
ബിഗ് ബാങിന് മുന്‍പ് എന്ത് എന്ന് പരീക്ഷണത്തിലൂടെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ പെടാ പാട് പെടുകയാണ്. പക്ഷേ ദൈവത്തിന് മുന്‍പ് എന്നതിനെ സൃഷ്ടിവാദികള്‍ വാചക കസര്‍ത്ത് കൊണ്ടാണ് നേരിടുന്നത്. വലിയ സൃഷ്ടി വാദികളായ കാത്തലിക്കുകാര്‍ പരിണാമവാദം അംഗീകരിക്കുകയും അമേരിക്കയിലെ തങ്ങളുടെ സ്കൂളുകളില്‍ അത് പഠിപ്പിക്കാം എന്നും എന്നാല്‍ കാത്തലിക്ക് കുട്ടികള്‍ ദൈവത്തെ അംഗീകരിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം എന്ന നിലപാടില്‍ വരെ എത്തി എന്നിട്ടും ബ്ലോഗിലെ “ചില” സൃഷ്ടിവാദികള്‍ ഇപ്പോഴും കിണറ്റില്‍ തന്നെ...
പരിണാമവാദം ശാസ്ത്രീയമായി തെളിയിച്ചില്ല എന്ന മുന്‍ധാരണയോടെ ഇതു വായിക്കാന്‍ കഴിഞ്ഞാല്‍ കാട്ടിപ്പരുത്തിയുടെ വാക്കുകള്‍ ശരിയാണെന്ന് തോന്നിയേക്കാം. എന്നാല്‍ അതേ അളവുകോല്‍ സൃഷ്ടിവാദത്തെ അളക്കാന്‍ ആരും ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. വിശ്വാസം പോലെ അമൂര്‍തമായ ഒരു വികാരമല്ല സൃഷ്ടി എന്ന് കാട്ടിപ്പരുത്തി വിശേഷിപ്പിക്കുന്ന സംഭവം.
ഭൂമിയില്‍ ജീവന്‍ എന്ന അമൂല്യമായ ഒരു അവസ്ഥ എങ്ങനെ വന്നു എന്ന് അവനവന് ഉള്ള യുക്തി ഉപയോഗിച്ച് ഓരോരുത്തരും ചിന്തിക്കുന്നു. അവരവര്‍ക്ക് കിട്ടുന്ന ഉത്തരങ്ങള്‍ ശരിയാകാം തെറ്റാകാം. ഇത്തരം ചിന്തകള്‍ വഴിതന്നെയാണ് സൃഷ്റ്റിവാദവും രൂപപ്പെട്ടത്. ഒരു കുട്ടി ജനിക്കാന്‍ ഒരു അമ്മ വേണമെന്നിരിക്കെ ( അച്ഛനെ അംഗീകരിച്ചത് പിന്നീടാണ് ) അറിയപ്പെടാത്തെ ഏതോ അമ്മയില്‍ നിന്ന് പിറന്നതാവാം ഈ ജീവന്‍ എന്ന് കരുതുന്നത് ഒരു കാലത്ത് ഭൂഷ്ണമാണ് . എന്നാല്‍ എല്ലാ കാലത്തും അല്ല.
ഇത്തരം ഒരമ്മയില്‍ നിന്നുമാണ് നമ്മള്‍ പിറന്നതെങ്കില്‍ ആ അമ്മ എങ്ങനെ പിറന്നു എന്ന ചോദ്യം ഇത്തിരി അപകടമാണ്. അതില്‍ നിന്ന് മനഃപൂര്‍വം തടിയൂരുന്ന ഒരു തട്ടിപ്പാണ് അമ്മയ്ക്ക് /ദൈവത്തിന് ആരംഭമില്ല എന്ന് പറയുന്നത്. അത് ഇവിടത്തെ വിഷയമല്ല.
സൃഷ്ടിവാദം ശാസ്ത്രീയമായി അളന്നാല്‍ ഒരെത്തും പിടിയും കിട്ടില്ല. അതിനാല്‍ തന്നെ അങ്ങനെ അളക്കണ്ട , വിശ്വസിച്ചാല്‍ മതി എന്നാണല്ലോ താങ്കളുടെ വാദം. ഇത് ഒരു വിശ്വാസിക്ക് മാത്രം അംഗീകരിക്കാവുന്ന കാര്യമാണ്. സൃഷ്ടി എന്ന സംഭവം നടന്നു എന്നതിന്റെ തെളിവുകള്‍ എന്താണ് നമുക്ക് ലഭിക്കുക. മത ഗ്രന്ഥങ്ങളെ തെളിവുകളാക്കരുത്. കാരണം അവ വിശ്വാസത്തിന്റെ ഭാഗമാണ് .
ഇവിടെ സൃഷ്ടിവാദത്തില്‍ താങ്കള്‍ “ വിശ്വസിക്കുന്നല്ലോ” . ഈ വിഷയത്തില്‍ എനിക്ക് ചില ജിജ്ഞാസകള്‍ ഉണ്ട് .
ഒന്ന് ) ആരാണ് സൃഷ്ടിച്ചത്
രണ്ട് ) എങ്ങനെയാണ് സൃഷ്ടിച്ചത് ?
മൂന്ന് ) ഈ പ്രപഞ്ചസൃഷ്ടിക്ക് ഒപ്പം തന്നെ ഭൂമിയും അതിലെ ജീവനും സൃഷ്റ്റിക്കപ്പെട്ടോ?
നാല് ) ഇന്ന് നിരവധി ജീവി വര്‍ഗങ്ങലുണ്ടല്ലോ . അവ എല്ലാം ഒന്നിച്ചാണോ സൃഷ്ടിക്കപ്പെട്ടത് ?
അഞ്ച് ) അങ്ങനെയല്ലെങ്കില്‍ ഓരോ കാലത്തേയ്ക്ക് ഓരോ തരം ജീവികളായി സൃഷ്ടിക്കപ്പെട്ടോ
ആറ് ) ഭൂമിയില്‍ ഒരു പുതിയ സ്പീഷീസ് ഉത്ഭവിക്കുന്നത് എങ്ങനെയാണ് ? അവ പെട്ടെന്ന് ഒരിടത്ത് പ്രത്യക്ഷപ്പെടുകയാണോ
ഏഴ് ) ഇത്തരം ജീവികള്‍ പ്രത്യക്ഷപ്പെടുന്നത് എന്തെങ്കിലും ആവശ്യത്തിനാണോ അതോ വെറും പ്രത്യക്ഷപ്പെടല്‍ മാത്രമാണോ
Comment tracking....
പ്രപഞ്ചത്തിന്റെ ആസൂത്രണമികവ് വലിയൊരു സംഭവമായി കാട്ടിപ്പരുത്തി കാണുന്നു. എന്നാല്‍ ആസൂത്രണമികവ് എന്നത് വലിയൊരു തെറ്റിദ്ധാരണ മാത്രമാണ്. ആസൂത്രണമികവ് എന്ന് കാട്ടിപ്പരുത്തി പറയുന്നത് ജീവന്റെ അനുകൂലനമികവിനെ മാത്രമാണ് . ജീവന് അനുകൂലമായ സാഹചര്യത്തില്‍ ഈ ഭൂമി ഉണ്ടായി എന്ന് പരയുന്നതിനേക്കാള്‍ ശരി ഭൂമിയിലെ അവസ്ഥയ്ക്ക് അനുകൂലമായ വിധത്തിലുള്ള ജീവന്‍ ഓരോ കാലത്തും ഇവിടെ ഉണ്ടായി എന്നതാണ്.
( കമന്റ് മോഡറേഷന്‍ ഇഷ്ടായി. സാരമില്ല. ഓരോ കമന്റും ഞാന്‍ സേവ് ചെയ്തിട്ടുണ്ട് )
അരുണ്‍ പോസ്റ്റ് ഒന്നു കൂടി വായിക്കുക. പരിണാമവാദത്തിന്റെ അടിസ്ഥാനം തന്നെ സൃഷ്ടിപ്പിന്റെ പിന്നിലെ ശാസ്ത്രീയതയാണു. അത് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് തന്നെയാണു. സൃഷ്ടിവാദമോ അത് എല്ലാ സൃഷ്ടിപ്പും ദൈവത്താലെന്നും. അതിന്റെ അടിത്തറ വിശ്വാസം തന്നെയാണു. ഈ രണ്ട് ഓപ്ഷനുകളേ നമുക്കു മുമ്പിലുള്ളൂ. മൂന്നാമത്തെ ഒരു സാധ്യത അരുണ്‍ പറഞ്ഞു തരിക.
പരിണാമവാദം ശരിയാണെന്ന വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ല എന്നതിനെ മറികടക്കാന്‍ സൃഷ്ടിവാദം ശാസ്ത്രീയമായി ശരിയല്ല എന്ന പരിണാമവാദികളുടെ മറുപടിയെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഇപ്പോഴും അരുണ്‍ പരിണാമവാദം ശരിയാണെന്നു സമര്‍ത്ഥിക്കുന്നതിന്നു പകരം സൃഷ്ടിവാദത്തെ ചോദ്യം ചെയ്യുകയാണു.
ശാസ്ത്രം എന്നത് നിലവിലുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് എന്നത് മാത്രമാണു. അതിനാല്‍ തന്നെ നിലവില്‍ നമുക്ക് എന്തെല്ല്ലാം അറിവുകള്‍ താങ്കളുടെ ചോദ്യത്തിനു ശാസ്ത്രത്തിനു നല്‍കുവാന്‍ കഴിയുന്നുവോ അത്രമാത്രമേ എനിക്കും നല്‍കാനാവുകയുള്ളൂ.
സൃഷ്ടിവാദം ശാസ്ത്രീയമായി അളന്നാല്‍ ഒരെത്തും പിടിയും കിട്ടില്ല. അതിനാല്‍ തന്നെ അങ്ങനെ അളക്കണ്ട , വിശ്വസിച്ചാല്‍ മതി എന്നാണല്ലോ താങ്കളുടെ വാദം.
എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മറിച്ച് പരിണാമവാദം ശാസ്ത്രീയമല്ല എന്നത് മറികടക്കാന്‍ സ്രഷ്ടിവാദം ശാസ്ത്രീയമല്ല എന്ന മറുവാദം കൊണ്ട് നേരിടേണ്ടി വരുന്ന പരിണാമവാദികളുടെ ഗതികേടിനെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.
പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്ന പൂര്‍ണ്ണമായി അറിയാന്‍ നാം പ്രപഞ്ചത്തിനു പുറത്തേക്ക് പോകേണ്ടി വരും . ആപേക്ഷികതാ സിദ്ധാന്തം ആവശ്യപ്പെടുന്നത് അതാണു. അപ്പോള്‍ പ്രപഞ്ചത്തിന്നപ്പുറത്തെ സൃഷ്ടി രഹസ്യങ്ങളെ കുറിച്ച് ഞാന്‍ ഉത്തരം പറഞ്ഞേ മതിയാകൂ എന്ന് അരുണ്‍ വാശി പിടിക്കരുത്.
നിലവിലുള്ള ഒരു ശാസ്ത്രതത്വങ്ങളുമനുസരിച്ച് പരിണാമവാദം തെളിയിക്കാനാവുന്നില്ല. നൂറ്റമ്പത് വര്‍ഷമായി പരിണാമസിദ്ധാന്തം ഉടലെടുത്തിട്ട്. ഇന്നും അതൊരു വാദം മാത്രമായി നില്‍ക്കുന്നതും അത് കൊണ്ട് തന്നെ. അതിനാല്‍
ഒന്ന് ) ആരാണ് സൃഷ്ടിച്ചത്
രണ്ട് ) എങ്ങനെയാണ് സൃഷ്ടിച്ചത് ? എന്നീ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരം ഉണ്ടാകില്ല. അത് മനുഷ്യനെന്ന നിലയിലുള്ള പ്രാപഞ്ചികമായ പരിമിതിയാണു.
അത് പരിണാമവാദിക്കും സൃഷ്ടിവാദിക്കും ഒരു പോലെ ബാധകവുമാണ്.
പ്രപഞ്ചത്തിന്റെ ആസൂത്രണമികവ് വലിയൊരു സംഭവമായി കാട്ടിപ്പരുത്തി കാണുന്നു. എന്നാല്‍ ആസൂത്രണമികവ് എന്നത് വലിയൊരു തെറ്റിദ്ധാരണ മാത്രമാണ്. ആസൂത്രണമികവ് എന്ന് കാട്ടിപ്പരുത്തി പറയുന്നത് ജീവന്റെ അനുകൂലനമികവിനെ മാത്രമാണ് . ജീവന് അനുകൂലമായ സാഹചര്യത്തില്‍ ഈ ഭൂമി ഉണ്ടായി എന്ന് പരയുന്നതിനേക്കാള്‍ ശരി ഭൂമിയിലെ അവസ്ഥയ്ക്ക് അനുകൂലമായ വിധത്തിലുള്ള ജീവന്‍ ഓരോ കാലത്തും ഇവിടെ ഉണ്ടായി എന്നതാണ്.
ജീവന്റെ അനുകൂലഘടകം ഭൂമിക്കു മാത്രമാണു പ്രപഞ്ചത്തില്‍ നാമറിയുന്നത്. പ്രപഞ്ചത്തിന്റെ ഓരോന്നും ആസൂത്രണ മികവ് കാണിക്കുന്ന മഹാത്ഭുതങ്ങളാണു. അത് പരിണാമവാദം പോലെ തെറ്റിദ്ധാരണയല്ല. യാഥാര്‍ത്ഥ്യമാണു.
ഭൂമിയിലെ അവസ്ഥയ്ക്ക് അനുകൂലമായ വിധത്തിലുള്ള ജീവന്‍ ഓരോ കാലത്തും ഇവിടെ ഉണ്ടായി എന്നതും ഒരു പ്രസ്ഥാവന മാത്രമാണ്. വെറും പ്രസ്ഥാവനകള്‍ക്ക് ശാസ്ത്രീയാടിത്തറ വേണമെന്നില്ലല്ലോ അല്ലെ?
മനോജ് എപ്പോഴും മനോജിനു ആവശ്യമുള്ളത് മാത്രം വായിക്കും.
പ്രാപഞ്ചികമായ ഒന്നും സ്വയം ഉണ്ടാകുന്നില്ല എന്നത് തന്നെയാണു എന്നതിലെ പ്രാപഞ്ചികമായ എന്നത് പ്രധാനം തന്നെയാണു. ദൈവം പ്രപഞ്ചാതീതനാണു. പ്രാപഞ്ചിക നിയമങ്ങള്‍ പ്രാപഞ്ചികമായ കാര്യങ്ങള്‍ക്കേ ബാധകമാവുകയുള്ളൂ. അതിനാല്‍ തന്നെ തടി ഊരേണ്ട ഒരാവശ്യം വരുന്നില്ല.
ബിഗ് ബാങിന് മുന്‍പ് എന്ത് എന്ന് പരീക്ഷണത്തിലൂടെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ പെടാ പാട് പെടുകയാണ്. ആയിക്കൊള്ളട്ടെ, അതിനു കുഴപ്പമെന്ത്? അതിനു പരിണാമവാദം ശരിയാണെന്നു വരുന്നില്ലല്ലോ മനോജേ- പരിണാമവാദികളും തങ്ങളുടെ കിണറ്റില്‍ നിന്നു പുറത്തു വരുന്നതാണു നല്ലത്.
tracking
Tracking
Manoj മനോജ് said...
:) അപ്പോള്‍ ദൈവം എങ്ങിനെ ഉണ്ടായോ എന്തോ?
ദൈവം 'ഉണ്ടായത്' ആണെങ്കിലേ ഈ ചോദ്യത്തിനു പ്രസക്തിയുള്ളൂ മനോജ്.
പ്രപഞ്ചം 'തനിയെ ഉണ്ടായി' എന്നത് ഉള്‍ക്കൊള്ളാന്‍ നാസ്തികന്‍റെ യുക്തിക്ക് പ്രയാസമേതുമില്ലെങ്കില്‍, എന്നെന്നും നിലനില്‍ക്കുന്ന ഒരു ദൈവത്തെ ഉല്‍ക്കൊള്ളാനുള്ള ആസ്തികന്‍റെ യുക്തിയെ സമ്മതിച്ചു കൊടുത്തേ മതിയകൂ. അതാണ് യതാര്‍ഥ യുക്തിവാദം.
T r a c k i n g ...
കാട്ടിപ്പരുത്തി ഈ പോക്ക് (ചിന്താധാര) പോയാൽ യുക്തിവാദ ലൈനിലേക്ക് വരും .
tracking
>>ഒരു പരിണാമവാദി പരിണാമവാദം ശാസ്ത്രീയമല്ലാ എങ്കില്‍ സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം ഉന്നയിക്കുന്നതു തന്നെ പരിണാമവാദികളുടെ പരാജയം സമ്മതിക്കലാണെന്നു പറയാതെ വയ്യ.
>>ദൈവം സൃഷ്ടിച്ചതിന്റെ ശാസ്ത്രീയത ചോദിക്കുന്നത് ദൈവത്തെ അംഗീകരിച്ചതിനു ശേഷമല്ലെ ആകാനാകൂ. ഇല്ലാത്ത ദൈവം സൃഷ്ടിക്കുന്ന പ്രശ്നം വരുന്നില്ലല്ലോ-
>>ഇവിടെ പരിണാമവാദികള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്നത് സ്വയം പരിഹാസ്യരാകുകയാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണു സത്യം
>>പരിണാമവാദത്തിന്റെ അടിസ്ഥാനം ശാസ്ത്രമാണെന്ന് പരിണാമവാദികളെങ്കിലും വിശ്വസിക്കുന്നു. വാദിക്കുന്നു. അപ്പോള്‍ തങ്ങളുടെ വാദത്തിന്നാവശ്യമായ തെളിവുകള്‍ നിരത്തേണ്ടത് പരിണാമവാദികളാണ്
>>സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിച്ചിട്ടെ ഇനി പരിണാമവാദം ചര്‍ച്ചെക്കെടുക്കാവൂ എന്നാനെങ്കില്‍ അനവധി വിശ്വാസത്തിലേക്ക് പരിണാമവാദ വിശ്വാസവും കടന്നു വരട്ടെ.
Good Points!
Thanks
>>> ഈ രണ്ട് സാധ്യതകള്‍ക്കപ്പുറം മറ്റൊന്നില്ല എന്നിരിക്കെ ഒരു സാധ്യത ശരിയല്ല എന്നിരിക്കെ എതിര്‍വാദത്തെ അംഗീകരിക്കേണ്ടി വരുന്നു.
അങ്ങിനെ വരുമ്പോള്‍ സൃഷ്ടിവാദം തെറ്റാണെന്നു തെളിയിച്ചാല്‍ പരിണാമവാദം ശരിയാണെന്നു വരില്ലെ? ഇല്ല- കാരണം സൃഷ്ടിവാദത്തിനടിസ്ഥാനമായ കാര്യങ്ങള്‍ പ്രാപഞ്ചികമല്ല. <<<
"നിങ്ങളുടെ വാദത്തിനു തെളിവു വേണം, ഞങ്ങളുടെ വാദത്തിനു തെളിവു വേണ്ട"
എത്ര മനോഹരമായ ആചാരം. ഈ വാദത്തിന്റെ പരിഹാസ്യത കാട്ടിപ്പരുത്തിക്കു മനസ്സിലാകാത്തതു കഷ്ടം തന്നെ.
>>>> കാരണം സൃഷ്ടിവാദത്തിനടിസ്ഥാനമായ കാര്യങ്ങള്‍ പ്രാപഞ്ചികമല്ല. <<<
ഇങ്ങനെ വെറുതെ അങ്ങു പറഞ്ഞാല്‍ കാര്യം ശരിയാകുമോ? തെളിവു ചോദിക്കാതിരിക്കാനുള്ള വെറുമൊരു അടവെന്നാല്ലതെ എന്തു അടിസ്ഥാനമാണിതിനുള്ളത്?
>>> വിശ്വാസത്തിന്നെപ്പോഴും കേവലയുക്തിക്കപ്പുറമുള്ള ഒരു തലമുണ്ട്. <<<
ഈ ഒരു തലം ശരിയായിരിക്കും എന്നു ഉറപ്പാണോ? ആണെങ്കില്‍ എന്തു കൊണ്ട്??
>>>ഒരു പരിണാമവാദി പരിണാമവാദം ശാസ്ത്രീയമല്ലാ എങ്കില്‍ സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം ഉന്നയിക്കുന്നതു തന്നെ പരിണാമവാദികളുടെ പരാജയം സമ്മതിക്കലാണെന്നു പറയാതെ വയ്യ. <<<
ഹ്മ്മ്.. ഒരാളു ഒരവസരത്തില്‍ അങ്ങനെ ചോദിച്ചുപോയാല്‍ അതു മൊത്തം പരിണാമവാദികളുടെ പരാജയം സമ്മതിക്കലാകുന്നതെങ്ങനെ ആണു പോലും?
പരിണാമത്തിനനുകൂലമായ തെളിവുകള്‍ ഒക്കെ ഈ ഒരു ചോദ്യം കൊണ്ടു ഇല്ലാതായി പോകുമോ?
നല്ല ചര്‍ച്ച
കാട്ടിപ്പരുത്തീ ചര്‍ച്ചകള്‍ തുടരട്ടെ...
പ്രിയ കാട്ടിപ്പരുത്തീ..
സൃഷ്ടിവാദം ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റും എന്ന് വെല്ലു വിളിച്ചത് ശ്രീ. ഹുസൈനാണ്. യുക്തിവാദികളല്ല. അത് നിരര്‍ത്ഥകമാണ് എന്ന് തോന്നുന്നുവെങ്കില്‍ അദ്ദേഹത്തോടല്ലേ പറയേണ്ടത്?
ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ .
>>പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്ന പൂര്‍ണ്ണമായി അറിയാന്‍ നാം പ്രപഞ്ചത്തിനു പുറത്തേക്ക് പോകേണ്ടി വരും . ആപേക്ഷികതാ സിദ്ധാന്തം ആവശ്യപ്പെടുന്നത് അതാണു.
ആപേക്ഷിക സിദ്ധാന്തം അങ്ങനെ ഒന്നും ആവശ്യപെടുന്നില്ല .
എന്റെ അഭിപ്രായം ദോ ഇവിടെ
മി-
Mi-
സൃഷ്ടിവാദം ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റും എന്ന് വെല്ലു വിളിച്ചത് ശ്രീ. ഹുസൈനാണ്. യുക്തിവാദികളല്ല
ഹുസൈന്‍ വെല്ലുവിളിച്ചതിന്റെ ഉത്തരവാദിത്വം ഹുസൈന്‍ ഏറ്റെടുത്തുകൊള്ളും - എന്നാല്‍ പല യുക്തിവാദപോസ്റ്റുകളിലെയും ഒരു ചോദ്യമാണു പരിണാമവാദം ശാസ്ത്രീയമല്ലാ എങ്കില്‍ സൃഷ്ടിവാദം ശാസ്ത്രീയമായി തെളിയിക്കാമോ എന്നത്- അതിനെ കുറിച്ചാണ് ഈ പോസ്റ്റ്-
ആപേക്ഷിക സിദ്ധാന്തം അങ്ങനെ ഒന്നും ആവശ്യപെടുന്നില്ല .
പിന്നെന്തൊക്കെയാണാവോ ആവശ്യപ്പെടുന്നത്
ആപേക്ഷിക വാദത്തെ കുറിച്ച് തെറ്റായ ഒരു കമന്റ് കണ്ടപ്പോള്‍ പറഞ്ഞു എന്ന് മാത്രം. ആപേക്ഷിക സിദ്ധാന്തം പറയുന്നതെല്ലാം ഇവിടെ പറഞ്ഞാല്‍ തീരില്ല.
"വിശ്വാസം എന്നത് തന്നെ ശാസ്ത്രീയമായി പൂര്‍ണ്ണമായും തെളിയിക്കാനാവാത്ത ഒന്നാണെന്നിരിക്കെ എല്ലാം ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നായി ഒരു വിശ്വാസി എടുക്കേണ്ടതില്ല. ഇത് കേവലം ദൈവ വിശ്വാസത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല"
ഇതാ, ഇതിനെയാണ് സത്യസന്ധത എന്ന് ഞാന്‍ വിളിക്കുക. വിശ്വാസമെന്നല്ല, ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നും തന്നെ ഇല്ല, അഥവാ, ഒന്നിനെയും ശാസ്ത്രീയമായി തെളിയിക്കേണ്ട ആവശ്യമില്ല, വെറുതെ വിശ്വസിച്ചാല്‍ തന്നെ ധാരാളമാകും എന്ന ഈ ധീരമായ പ്രഖ്യാപനം.
(വെറുതെ വിശ്വസിച്ചാല്‍ തന്നെ അത് ശാസ്ത്രമാകും എന്നുകൂടി കാട്ടിപ്പരുത്തി എഴുതുമെന്ന് പ്രതീക്ഷിച്ചു. കൊതിച്ചു.) തിരക്കില്ല. അടുത്ത പോസ്റ്റില്‍ മതി.
രാജീവ്-
എല്ലാം ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നായി ഒരു വിശ്വാസി എടുക്കേണ്ടതില്ല എന്നെഴുതിയതിനെ ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നും തന്നെ ഇല്ല, അഥവാ, ഒന്നിനെയും ശാസ്ത്രീയമായി തെളിയിക്കേണ്ട ആവശ്യമില്ല, വെറുതെ വിശ്വസിച്ചാല്‍ തന്നെ ധാരാളമാകും എന്ന ഈ ധീരമായ പ്രഖ്യാപനം. എന്നാക്കി മറ്റുന്നത് ധീരതയല്ല, മിതമായ ഭാഷയില്‍ വൃത്തികേടാണ്. രാജീവിനു ഭാഷ അറിയില്ല എന്നെനിക്കഭിപ്രായമില്ലാതിരിക്കുമ്പോള്‍ പ്രത്യേകിച്ചും.
ആശയങ്ങളില്‍ എതിരഭിപ്രായമുണ്ടാകാം. അംഗീകരിക്കുന്നു. പക്ഷെ, വളച്ചൊടിക്കരുത്.
അപ്പൂട്ടന്റെ -‘ഹുസൈന്റെ ശാസ്ത്രീയ സൃഷ്ടിവാദം’ തൽക്കാലം പൂട്ടിയിരിക്കുകയാണ്. അതുകൊണ്ട് ഈ വാർത്ത ഇവിടെ കിടക്കട്ടെ.
‘ഹോമോ സാപിയൻസ്’ ആദ്യം ഉണ്ടായത് ആഫ്രിക്കയിലോ ഇസ്രായേലിലോ ?
വാർത്തകൾ ഇവിടെ. http://en.news.maktoob.com/20090000541600/World_s_oldest_human_remains_claimed_in_Israel/Article.htm
സൃഷ്ടി വാദം എന്നാല്‍ പ്രപഞ്ചോല്‍പത്തിയും ജീവോല്‍പത്തിയും ചേര്‍ന്നതാണ്; ജീവോല്‍പത്തി മാത്രമല്ല.
Matter ഓ energy യോ സൃഷ്ടിക്കാന്‍ സാധിക്കില്ല എന്ന് "The law of conservation of energy" വ്യക്തമാക്കുകയും Big Bang ഉം Thermodynamics ഉം പ്രപഞ്ചത്തിനു ആരംഭം ഉണ്ടെന്ന് വിശദീകരിക്കുകയും ചെയ്തതോടെ സൃഷ്ടിവാദപരമായ പ്രപഞ്ചോല്‍പത്തി ശാസ്ത്രീയമാണെന്ന് തെളിഞ്ഞ്കഴിഞ്ഞിരിക്കുന്നു.
എന്നാല്‍ ജീവോല്‍പത്തിയുടെ കാര്യത്തില്‍ സൃഷ്ടിവാദമോ പരിണാമവാദമോ അതോ പരിണാമ-സൃഷ്ടി വാദമോ എന്നറിയാന്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടിയിരിക്കുന്നു.
ഇപ്പോഴത്തെ നില ഇങ്ങനെയാണ്:
ദൈവവിശ്വാസി - സൃഷ്ടിവാദപരമായ പ്രപഞ്ചോല്‍പത്തി ശാസ്ത്രീയമാണ്. ജീവോല്‍പത്തി തെളീകപ്പെട്ടിട്ടില്ല.
നിരീശ്വരവാദി - നിരീശ്വരവാദപരമായ പ്രപഞ്ചോല്‍പത്തി അശാസ്ത്രീയമാണ്. ജീവോല്‍പത്തി തെളീകപ്പെട്ടിട്ടില്ല.
ഇനി പറയൂ, ദൈവവിശ്വാസമാണോ നിരീശ്വരവാദമാണോ കൂടുതല്‍ ശാസ്ത്രീയം?
Following..
Post a Comment