Showing posts with label സി.കെ.ബാബു. Show all posts
Showing posts with label സി.കെ.ബാബു. Show all posts

Thursday, December 9, 2010

മൂർത്ത യുക്തി(വാദം) , അമൂർത്ത ബാബു(സികെ)

ഈ ബൂലോകത്തെ യുക്തി മുഴുവന്‍ തന്റെ തലയിലാണെന്ന് മുന്നേ പ്രഖ്യാപിച്ച് കഴിഞ്ഞ മഹാനായ ചിന്തകനാണ് ബാബുസാര്‍. ആരെങ്കിലും അതിന്നപ്പുറം ചിന്തിക്കുന്നുവെങ്കില്‍ അവര്‍ക്കെല്ലാം തലക്ക് വെളിവില്ലാത്തതിനാലാണെന്ന് മുമ്പേ അദ്ദേഹം മനസ്സിലാക്കിയിരുന്നു. മാത്രമല്ല സമയം വളരെ സൂക്ഷ്മതയോടെ മാത്രം ചിലവാക്കുന്ന അപൂര്‍‌വ്വം ജനുസ്സുക്കളില്‍ പെട്ട മനുഷ്യനാണദ്ദേഹം. സമയത്തിന്റെ വിലയറിയാത്ത മറ്റുള്ളവര്‍ക്ക് അദ്ദേഹത്തില്‍ വലിയ മാതൃകയുണ്ട്. അങ്ങിനെ തന്റെ വിലപ്പെട്ട കുറച്ച് സമയം ഡോക്കിന്‍സ് നിരൂപണം എന്ന തുക്കടാ ബ്ലോഗില്‍ ചിലവാക്കിയതിന്റെ അരിശം തീര്‍ക്കാന്‍, തുടര്‍‌വായന നിര്‍ത്തിക്കളയേണ്ടി വന്നെങ്കിലും വായിച്ചതനുസരിച്ച് മറുപടിയോ ചര്‍ച്ചയോ അല്ലെങ്കിലും ഹുസൈന്റെ ചവറിനു ചില കുറിപ്പുകള്‍ നല്‍കാന്‍ തന്റെ വിലപ്പെട്ട സമയം നീക്കി വച്ചത് ബ്ലോഗ് സമൂഹത്തിന് ഒരു കിട്ടാകനിയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. അതിനാല്‍ അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ് മൂർത്തദൈവം, അമൂർത്തദൈവവും വായിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍ പങ്കു വക്കാതിരിക്കാന്‍ എനിക്കുമാവുന്നുമില്ല.

ബാബുവിന്റെ ആദ്യത്തെ ആരോപണം ഹുസൈന്‍ മലയാളം ബ്ലോഗുലകത്തിലെ യുക്തിബോധമുള്ള സകല മനുഷ്യരെയും കിടുകിടാ വിറപ്പിച്ചു് നിശബ്ദരാക്കുമെന്നുമൊക്കെ ചില അനൗൺസ്മെന്റ്റ് ചെയ്തു എന്നാണു. അങ്ങിനെ ഒക്കെയുണ്ടായോ? അതെപ്പോള്‍? മറിച്ച് ഹുസൈന്റെ ഒരു ബ്ലോഗ് കുറേ ബ്ലോഗു കൂട്ടത്തിലൊന്ന് എന്ന ഒരു സമീപനം മാത്രമുണ്ടായാല്‍ തീരുന്ന ഒരു പ്രശ്നമല്ലെയുള്ളൂ. ബാബു തന്നെ മുമ്പെഴുതിയത് പോലെ    അന്യനിലപാടുകള്‍ മാത്രമല്ല, സ്വന്തനിലപാടുകളും വിമര്‍ശനാത്മകമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കുവാന്‍ ഏതു് സത്യാന്വേഷിക്കും കടപ്പാടുണ്ടു്. അതിനു് മടി കാണിക്കുന്നിടത്തു് യുക്തിചിന്തപോലും യുക്തിസഹമാവുകയില്ല. തത്വശാസ്ത്രപരമായും, പ്രകൃതിശാസ്ത്രപരമായും മനുഷ്യന്‍ ഇതുവരെ കൈവരിച്ച സങ്കീര്‍ണ്ണവും ആഴമേറിയതുമായ കാര്യങ്ങളില്‍ സാമാന്യമായ ഒരറിവെങ്കിലും ഉണ്ടായാലേ സ്വന്തനിലപാടുകളുടെ അപഗ്രഥനം ഒരു പരിധി വരെയെങ്കിലും വസ്തുനിഷ്ഠമാവുകയുള്ളു.   എന്ന ഒരു സമീപനം പോരെ.

ഒരു വിശ്വാസി ദൈവം ഉണ്ടെന്നു് ശാസ്ത്രീയമായോ അല്ലാതെയോ തെളിയിക്കാൻ തുടങ്ങുന്നതിനു് മുൻപു് ‘ഏതു്’ ദൈവത്തിന്റെ അസ്തിത്വമാണു് താൻ തെളിയിക്കാൻ തുടങ്ങുന്നതെന്നു് ആരും ആവശ്യപ്പെടാതെതന്നെ അവൻ വെളിപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ, ചുരുങ്ങിയ പക്ഷം, ആരെങ്കിലും അങ്ങനെ ഒരാവശ്യം മുന്നോട്ടു് വയ്ക്കുമ്പോഴെങ്കിലും ഏതാണു് ‘തന്റെ’ ദൈവം എന്നു് പറയാൻ അവൻ ബാദ്ധ്യസ്ഥനാണു്. 

ബാബുവിന്റെ പ്രധാന പ്രശ്നം അതാണു. ഹുസൈന്‍ തന്റെ ദൈവത്തെ പറയുന്നില്ല. പക്ഷെ ബാബു ഒരു യുക്തിവാദിയല്ലെ? കാര്യങ്ങള്‍ പറയുമ്പോള്‍ യുക്തിസഹമാകേണ്ടതുണ്ടല്ലോ- ഒരു യുക്തിവാദിയുമായുള്ള ആദ്യത്തെ പ്രശ്നം ദൈവത്തിന്റെ സ്വഭാവത്തേക്കാള്‍ അസ്ഥിത്വവുമായി ബന്ധപ്പെട്ടതായിരിക്കണമല്ലോ?

ദൈവം ഉണ്ടെങ്കിലെല്ലേ ഏതാണു ശരിയായ ദൈവം എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയുള്ളൂ.
ഉദാഹരണത്തിന് ബാബു ഒരു കമ്യൂണിസ്റ്റ്കാരെനെന്നു കരുതുക. ഒരു വലതുപക്ഷക്കാരനോട് സോഷ്യലിസത്തെ കുറിച്ചും കമ്യൂണിസത്തെ കുറിച്ചും വിശദീകരിച്ചതിനു ശേഷമല്ലേ അതില്‍ നക്സലാണോ. സി/പീ/എമ്മാണോ സി.പി.ഐ ആണോ ശരിയായ വീക്ഷണം പുലര്‍ത്തുന്നത് എന്നുള്ള ചര്‍ച്ചക്ക് പ്രസക്തിയുള്ളൂ. അതേ പോലെ അല്ലാഹുവോ യഹോവയോ അയ്യപ്പനോ ശരി  എന്ന ചര്‍ച്ച പ്രസക്തമാകുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചക്ക് ശേഷമല്ലേ?

ഒരു പുസ്തകമോ രണ്ടു് ലേഖനങ്ങളോ വായിച്ചതിന്റെ പേരിൽ ‘യുക്തിവാദി’ ആവുന്നവൻ, അടുത്ത തലവേദന വരുമ്പോൾ വീണ്ടും ദൈവവിശ്വാസിയായി മാറിയിരിക്കും. അത്തരക്കാർ യഥാർത്ഥത്തിൽ ഒരിക്കലും യുക്തിവാദികൾ ആയിത്തീർന്നിരുന്നില്ല എന്നതാണു് സത്യം. അതിനുവേണ്ട ലോജിക്കൽ ആൻഡ്‌ ഫിലോസഫിക്കൽ ഡെപ്ത്‌ അവരുടെ ചിന്തകൾ ഒരിക്കലും കൈവരിച്ചിട്ടുണ്ടായിരുന്നില്ല. 

അങ്ങിനെ ഡെപ്ത് കൈവരിച്ച ബാബുവാകട്ടെ ഡെപ്തായി കാര്യങ്ങള്‍ പറയുന്നതിന്നു പകരം ഇങ്ങിനെയുള്ള കുറേ ക്ലീഷേകളില്‍ കളിക്കുകയാണു.  ഉദാഹരണത്തിനു

അക്വീനാസിന്റെ തെളിവുകൾ ഡോക്കിൻസ്‌ ഖണ്ഡിക്കാൻ ‘ശ്രമിക്കുക’ മാത്രമല്ല, ഖണ്ഡിക്കുകയും ചെയ്തു എന്നു് ആ പുസ്തകം വായിച്ചിട്ടുള്ള ആർക്കും മനസ്സിലാവും. തന്നെയുമല്ല, അക്വീനാസിന്റെ തെളിവുകളെ ഖണ്ഡിച്ചതിന്റെ നേട്ടം ഡോക്കിൻസിന്റേതല്ല, അവ പണ്ടേ ഖണ്ഡിക്കപ്പെട്ടവയാണു്.

എന്ന് ബാബു എഴുതുമ്പോള്‍ അങ്ങിനെ ഡോക്കിന്‍സ് ഖണ്ഡിച്ച വാദങ്ങളെ ഒന്നു മൊഴിമാറ്റി കൊടുക്കുന്ന പണിയേ ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷെ, അവിടെ വാദങ്ങളെ ഖണ്ഡിക്കുന്നതിന്നു പകരം വിടുവായത്തം പറയുക മാത്രമാണു തുടര്‍ന്നുള്ള

" 6/7 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മുഹമ്മദിന്റെ ഖുർആൻ ദൈവവചനമാണെന്നു് കട്ടായമായും വിശ്വസിക്കുന്ന ശ്രീ എൻ. എം. ഹുസൈൻ, പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അക്വീനാസിന്റെ പണ്ടേ ഖണ്ഡിക്കപ്പെട്ട തത്വങ്ങൾ തന്റെ നിലപാടുകൾക്കു് യോജിച്ചതായതുകൊണ്ടു് ഇന്നും സാധുവാണെന്നു് വിശ്വസിക്കുന്നു, അതു് കേൾക്കുന്നവരെല്ലാം അങ്ങനെ തന്നെ വിശ്വസിക്കുമെന്നു് കരുതുകയും ചെയ്യുന്നു. ശരിയാണു്, കേരളത്തിലെ നൂറുശതമാനം വിശ്വാസികളും മതഭേദമെന്യേ അതൊക്കെ വിശ്വസിച്ചെന്നുവരും. അക്വീനാസിനെ പോയിട്ടു് സ്വന്തം മതഗ്രന്ഥമായ ഖുർആനോ ബൈബിളോ ഗീതയോ വായിക്കാത്തവരാണു് വിശ്വാസിപ്പട്ടം കെട്ടി കേരളത്തിലൂടെ നടക്കുന്ന മിക്കവാറും മുഴുവൻ പേരും. അതാണു് വ്യാഖ്യാതാക്കളുടെ തുറുപ്പുചീട്ടും. എല്ലാം പൊട്ടന്മാരാവുമ്പോൾ തങ്ങളുടെ ചെമ്പു് തെളിയും എന്ന ഭയം വേണ്ടല്ലോ." 

എന്ന  വരികളിലൂടെ ചെയ്യുന്നത്.

“ഞാൻ ഒരു ആനയാണു്, നീ ഒരു കുഴിയാനയും” എന്ന രീതിയിലുള്ള പൊങ്ങച്ചപ്രകടനം വസ്തുതാപരമായി ആരെയും എങ്ങും എത്തിക്കുന്നില്ല. എന്നും ബാബു പറയുന്നു. ശരിക്കും ഇത് വായിച്ച് സ്റ്റണ്ടടിച്ചു പോയി എന്നു പറയാതെ വയ്യ. കാരണം ബാബു തന്നെ കുറിച്ചെഴുതുന്ന പല പ്രസ്ഥാവനകളും അദ്ദേഹത്തെ ഒരു തന്നെപ്പൊക്കി എന്ന നാടന്‍ ചൊല്ലില്‍ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. ദൈവ വിശ്വസികളെല്ലാം തലയില്‍ ചകിരിചോറുമായി നടക്കുന്നവരെന്നും മാനസികരോഗികളെന്നും മാത്രം എഴുതിവരുന്ന ഉദ്ധരണികളാണു ബാബുവിന്റെ പോസ്റ്റുകള്‍ മുഴുവന്‍. ചില സാമ്പിളുകള്‍-

സാക്ഷാൽ കുരങ്ങൻ മാതൃകയിൽ അങ്ങോട്ടു് പറയുന്നതു് അതേപടി  ഇങ്ങോട്ടു് തിരിച്ചുപറയുന്ന തരം ഡയലോഗുകളാണു് അവരുടെ മാസ്റ്റർപീസ്‌.  കാഴ്ചക്കാർ മുഴുവൻ 'ലോറലും ഹാർഡിയും' ആണെന്ന ധാരണയിൽ അവർ ഡാർവിനേയും,  ഐൻസ്റ്റൈനേയും, ഡോക്കിൻസിനേയുമൊക്കെ കാലിൽ പിടിച്ചു് കശക്കി എറിയുന്ന  നമ്പരുകൾ കോമാളികളുടെ ചരിത്രത്തിൽ സമാനതകളില്ലാത്തവയാണു്. ഒരിക്കലും  അധഃപതിക്കാൻ പാടില്ലാത്ത ഒരു നിലവാരത്തിലേക്കു് മനുഷ്യരുടെ സാമാന്യബുദ്ധി  തരം താണാൽ എങ്ങനെയിരിക്കും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ! 
(സ്വന്തം ദൈവത്തെ വ്യാഖ്യാനിച്ചു് കൊല്ലുന്നവർ (രണ്ടാം ഭാഗം))


വരിയുടച്ചവരോടു് ലൈംഗികശേഷിയെപ്പറ്റി സംവദിക്കുന്നതുപോലെയാണു് തീവ്രവിശ്വാസികളുമായി യുക്തിബോധം ചർച്ച ചെയ്യുന്നതു്. അതുവഴി ഷണ്ഡനു് ലൈംഗികശേഷിയോ, മതഭ്രാന്തനു് യുക്തിബോധമോ ഉണ്ടാവുകയില്ല. ഏതെങ്കിലുമൊരു ദൈവത്തിൽ വിശ്വസിക്കുക എന്നതിനോളം എളുപ്പമായ വേറൊരു കർമ്മവുമില്ല. ഏതു് നിരക്ഷരകുക്ഷിക്കും ദൈവത്തിൽ വിശ്വസിക്കാം. വെറുതെ വിശ്വസിക്കുക എന്നതിൽ കവിഞ്ഞ ഒരു നിബന്ധനയും വിശ്വാസത്തിനില്ല. 

ചില 'നിത്യ ഇന്നലെകളെ' തിരുത്താൻ ആവില്ലെങ്കിലും ചിന്താശേഷി പൂർണ്ണമായും മതവിശ്വാസത്തിനു് അടിയറവച്ചിട്ടില്ലാത്തവരെ അവരുടെ നിലപാടുകൾ ഒരു പുനർവിചിന്തനത്തിനു് വിധേയമാക്കാൻ പ്രേരിപ്പിച്ചേക്കാം


 പറയാൻ അഭിപ്രായമൊന്നും ഇല്ലാത്തതല്ല അതിനു് കാരണം. സാമാന്യവിദ്യാഭ്യാസമെങ്കിലു- മുള്ള മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ, ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം 'നാൽക്കവലവാദപ്രതിവാദങ്ങളിൽ' തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലതു് എന്ന തോന്നൽ. 


എന്തു് പറയണം, എന്തു് പറയാതിരിക്കണം എന്നതു് ആരോടു് പറയുന്നു എന്നതിൽ അധിഷ്ഠിതമാണെന്നതിനാൽ ആരോടാണു് പറയുന്നതു് എന്നു് നേരത്തേ അറിയാൻ കഴിഞ്ഞാൽ പല സംഭാഷണങ്ങളും ലാഭമല്ലാതെ നഷ്ടമൊന്നുമില്ലാത്തവിധത്തിൽ ആരംഭിക്കുന്നതിനു് മുൻപു് തന്നെ അവസാനിപ്പിക്കാവുന്നവയാണു് എന്നതു് വേറൊരു സത്യം.
(വിശ്വാസിയുടെ പോക്കറ്റിലെ ദൈവം)

ഇതെല്ലാം തന്നെ ബാബു സ്വയം ഒരു ആനയാകുന്നു എന്ന് എനിക്ക് തോന്നിയ ചില വാക്യങ്ങളാണ്. ഇങ്ങിനെ ഒരാനയായ ഒരാള്‍ മറ്റൊരാളെ കുറിച്ച് ആനയെന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ രസമുണ്ട്.

ബാബുവിന്റെ പ്രശ്നം  “അല്ലാഹു എന്ന ഏകദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ? അല്ലാഹു 1400 കൊല്ലം മുൻപു് മുഹമ്മദിനു് ഒരു മാർഗ്ഗനിർദ്ദേശം (ദിവ്യമായ) കൊടുത്തു എന്നും താങ്കൾ കരുതുന്നുണ്ടോ? ദയവായി ഈ ചോദ്യത്തിനു് ഉത്തരം തരിക, ധൈര്യമായി.” എന്ന ഒറ്റവാക്യത്തിൽ മറുപടി പറയാമായിരുന്ന Dr.Doodo-വിന്റെ ഒരു കമന്റിനു് മറ്റാരോ വന്നു് കുറെ ഗീർവ്വാണം അടിച്ചതല്ലാതെ, ഹുസൈന്റെ വകയായി ഒരുത്തരവും നൽകിക്കണ്ടില്ല എന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

 Dr.Doodo വിന്റെ നിലവാരം അദ്ദേഹത്തിന്റെ പല ചോദ്യങ്ങളിലും കാണാറുള്ളതാണു. ഒരു നല്ല ചര്‍ച്ച എങ്ങിനെ വഴി തെറ്റിക്കണം എന്ന കല പഠിക്കേണ്ട യുക്തിവാദകലാകാരന്മാരാണ് ഇതു പോലെയുള്ള ചില കോമാളികള്‍ . അവര്‍ക്കെല്ലാം അര്‍ഹിക്കേണ്ട മറുപടികള്‍ അവഗണനയാണെന്ന് ഹുസൈനറിയാം. എന്തായാലും ആദ്യത്തെ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ ഓക്കാനിച്ച ബാബു ഹുസൈന്റെ ബ്ലോഗിലെ നാലാമത്തെയോ അഞ്ചാമത്തെയോ പോസ്റ്റിലെ ഡോഡുവിന്റെ കമെന്റ്റ് വായിച്ചത് എങ്ങിനെയാണാവോ?

ഇനി ഡൂഡ് ആവശ്യപ്പെട്ടത് പോലുള്ള ഒരു ചര്‍ച്ച പ്രസക്തമാകുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്നതിനു ശേഷമല്ലേ- ദൈവത്തിന്റെ വിശേഷണങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നതിനാല്‍ അത് ദൈവമില്ല എന്നതിനെങ്ങിനെ തെളിവാകും. അത് ഡൂഡോ സുശീലോ അപ്പൂട്ടനൊ ആരാകട്ടെ ചര്‍ച്ചയില്‍ പിന്നീട് കൊണ്ട് വരാനാവുന്നതല്ലെയുള്ളൂ.

ഒരു ക്രമമനുസരിച്ച് ചര്‍ച്ച ചെയ്യുക എന്നത് ഒരു സം‌വാദത്തിന്റെ പ്രാഥമിക സ്വഭാവമല്ലെ? അതെല്ലാതെ യേശു ക്രൂശിക്കപ്പെട്ടോ ഇല്ലയോ എന്ന വിഷയം ഒരു യുക്തിവാദിയോടാണോ ചര്‍ച്ചക്കെടുക്കുക. അപ്പോള്‍ ഡാക്കിന്‍സിനെ വിട്ട് അയ്യപ്പനിലേക്കും യാഹോവയിലേക്കും അല്ലാഹുവിലേക്കും  സുശീലനും ബാബുവിനും ചര്‍ച്ച കൊണ്ട് പോകേണ്ടത് നില നില്‍പ്പിന്റെ പ്രശ്നം തന്നെയാണു.  തങ്ങളുടെ കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്നത് അവര്‍ വ്യക്തമായുമറിയുന്നുണ്ട്.

വിഷയത്തിലേക്ക് കടക്കുന്ന ബാബു-

ദൈവം ഇല്ല എന്നു് തർക്കിക്കേണ്ട ആവശ്യം സത്യത്തിൽ ഒരു നിരീശ്വരവാദിക്കില്ല. 

പിന്നെന്താണാവോ ഈ നിരീശ്വരവാദികള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്. ബാബുവിന്റെ തന്നെ ബ്ലോഗിലെ പ്രധാന വിഷയമെന്താണു. അങ്ങിനെ ആവശ്യമില്ലാത്തതില്‍ തര്‍ക്കിക്കുന്നതിനെയാണോ യുക്തിവാദം എന്നു പറയുക. ഹുസൈന്റെ ഒന്നാമത്തെ പോസ്റ്റായ
നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍('നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം)   വായനക്കാര്‍  ഒന്നു വായിക്കുക. എന്നിട്ട് ബാബു വിഷയത്തിലേക്ക് എത്രമാത്രം പ്രവേശിച്ചു എന്നും വിലയിരുത്തുക. ഖണ്ഡനം എന്നാലെന്ത് എന്നും ഇനി യുക്തിവാദികളെ പഠിപ്പിക്കേണ്ടി വരുമോ? ഹുസൈന്‍ പറഞ്ഞ ഏതെങ്കിലും ഒരു ഭാഗത്തെ ബാബു സ്പര്‍ശിക്കുന്നു പോലുമില്ല. തന്റെ വക ഒരു ലേഖന പരമ്പര എഴുതിയാല്‍ ഖണ്ഡനം എന്നു പറയില്ല. അതിനെ നമുക്ക് വിഷയാധിഷ്ഠിതമായ മറ്റൊരു പോസ്റ്റ് എന്നു വേണമെങ്കില്‍ വിളിക്കമെന്നെല്ലാതെ.

പിന്നെ പ്രൊബബിലിറ്റി വച്ചൊരു കളിയാണു. ഈ പ്രപഞ്ചം മുഴുവന്‍ ആകസ്മികമായി രൂപപ്പെട്ടു എന്നു പറയുന്ന വിശ്വാസം ഒരു സൃഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്ന വിശ്വാസത്തേക്കാള്‍ മികച്ചതാണെന്നതിനു എന്തു തെളിവുണ്ട്. അതാണല്ലോ നമ്മുടെ ചര്‍ച്ചയുടെ മര്‍മ്മം തന്നെ. രണ്ടും വിശ്വാസങ്ങള്‍ തന്നെയല്ലെ.

ബാബുവിന്റെ പോസ്റ്റിന്റെ ആകെത്തുക അവസാനത്തെ പാരഗ്രാഫാണു. അതാകട്ടെ ഹുസൈന്റെ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ചര്‍ച്ചക്കെടുത്തതും.

ഗ്രന്ഥകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6) ഹുസൈന്‍ വിഷയം തുടങ്ങുന്നത് ചര്‍ച്ചയിലൂടെയാണു. ഡാക്കിന്‍സിന്റെ പുസ്തകത്തിലെ വിഷയത്തിലേക്ക് നേരിട്ട് പ്രവേശിക്കുകയും തന്റെ വാദങ്ങള്‍ നിരത്തുകയുമാണു ചെയ്യുന്നത്. ബാബുവാകട്ടെ അവസാന പാരഗ്രാഫിലേക്ക് വിഷയമൊതുക്കുകയും ഗീര്‍‌വ്വാണം നിറച്ചൊരു പോസ്റ്റ് മലയാള ബൂലോകത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു.

എന്തായാലും ചര്‍ച്ച തുടരട്ടെ - ബാബുവും തുടരും എന്നു തന്നെയാണല്ലോ എഴുതിയിരിക്കുന്നത്.

Thursday, February 4, 2010

നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബു-പി.എച്ച്.ഡി അവര്‍കളും

ബാബുവിന്റെ ആദ്യത്തെ പോസ്റ്റില്‍ മതവിശ്വാസികളെല്ലാം സാമാന്യവിവരമില്ലാത്തവരായാണു ഗണിച്ചിരുന്നതെങ്കില്‍ എനിക്കു തന്ന കമെന്റില്‍ മതത്തിന്റെ മാറാല കയറിയ ഒരു നാലാം ക്ലാസ്സുകാരന്‍ എന്ന പട്ടമാണു ചാര്‍ത്തി തന്നിരിക്കുന്നത്, അതിലെനിക്കു ഒരു പരാതിയുമില്ല. കാരണം ആദ്യത്തെ പോസ്റ്റില്‍ വന്ന കമെന്റുകളെ കണക്കിലെടുക്കുന്നതിന്നു മുമ്പ് പോസ്റ്റിലെഴുതിയ മൂന്നു ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമാണ് ഞാന്‍ നമ്പര്‍ ഇട്ടു മറുപടി നല്‍കിയത്-
അതിന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കിയും എഴുതിയേനെ എന്നെഴുതുമ്പോള്‍ എന്താണു ആ പോസ്റ്റില്‍ മനസ്സിലാവതെ ഇനിയുമുള്ളതെന്നു ഒന്നു പരിശോധിക്കാമല്ലോ.
ഒന്നാമത്തെ ചോദ്യം എനിക്കു മനസ്സിലായത് അല്ലാഹു പരിപൂര്‍ണ്ണനാണെന്നു മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. പക്ഷെ അവന്റെ സൃഷ്ടികളില്‍ അപൂര്‍ണ്ണമായ സൃഷ്ടിപ്പുകളും. സൃഷ്ടിയിലെ അപൂര്‍ണ്ണത കാണിക്കുന്നത് സൃഷ്ടാവു പൂര്‍ണ്ണനല്ല എന്നതല്ലെ? അതിന്നുദാഹരണമായാണു ജന്മനാ അന്ധനേയും മന്ദബുദ്ധിയേയും കയ്യിലാത്തവനേയും കാലില്ലാത്തവനേയും എല്ലാം എടുത്തുദ്ധരിക്കുന്നത്-
ഉത്തരം നല്‍കുന്നതിന്ന് മുമ്പ് ഒരു വാക്ക് - ഈ ചോദ്യത്തിന്നുത്തരമായി ഞാന്‍ കേവലയുക്തി മാത്രമാണു ഉപയോഗിക്കുന്നത്. കാരണം ചോദ്യകര്‍ത്താവിനേയും സമാനമായ വായനക്കാരനോടും വിശ്വാസത്തിന്റെ അടിത്തറയിലുള്ള ഒരു മറുപടിക്കു പ്രസ്ക്തിയില്ല.
അത് കൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കാണാവുന്ന സൃഷികളെയും അതിന്റെ സൃഷ്ടാവുമായി താരതമ്യം ചെയ്താല്‍ പോരെ. അതിനാലാണു ഞാന്‍ ഒരു ശില്പിയേയും ശില്പത്തെയും ഉദാഹരിച്ചത്. ശില്പം എത്ര രൂപ ഭം‌ഗിയുള്ളതായാലും ശില്പിയാകില്ല. അതിനാല്‍ തന്നെ ബാബുവിന്റെ ഈ വാദത്തിനു പ്രകൃത്യാ നിലനില്പ്പില്ല.
അടുത്ത പ്രശ്നം സൃഷ്ടികളിലെതന്നെ ന്യൂന്യതകളാണു. ഉദാഹരണത്തിനു കണ്ണു കാണാത്തവനും മന്ദബുദ്ധിയുമെല്ലാം.
ഒന്നാമതായി ജീവികളിലെ ജന്മവൈകല്യങ്ങള്‍ക്ക് പ്രധാന കാരണമായി പറയുന്നത് മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന കൈകടത്തലുകളുടെ ഫലമാണെന്നാണ്. ജപ്പാനിലെ അണുബോമ്പ് വര്‍ഷത്തിനു ശേഷം ഇപ്പോഴും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യമുണ്ടാകുന്നു എന്നു നാം വായിക്കുന്നു. എന്തിനേറെ നമ്മുടെ ഭക്ഷണത്തിനെ രാസവളങ്ങളുടെയും കീടനാശിനികളുടെ പോലും സാന്നിദ്ധ്യം കുഞ്ഞുങ്ങളിലെ വൈകല്യങ്ങള്‍ക്കു കാരണമാകുന്നു. അപ്പോള്‍ പല വൈകല്യങ്ങളുടെയും പ്രധാനകാരണം മനുഷ്യന്‍ തന്നെയാണെന്നു കാണാം. മനുഷ്യന്റെ ആര്‍ത്തിയും മത്സരവും അവന്നു തന്നെ വിനയായി തീരുന്നു.
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌-(പരിശുദ്ധ ഖുര്‍ആന്‍ 030:41)
രണ്ടാമതായി, സൃഷ്ടികളെല്ലാം തന്നെ അപൂര്‍ണ്ണമാണെന്നാണ് വിശ്വാസ്ത്തിന്റെ ഒരു അടിത്തറ. പൂര്‍ണ്ണത എന്നത് സൃഷ്ടാവിന്റെ മാത്രം ഒരു ഗുണവിശേഷമാണു. തീര്‍ച്ചയായും ഇത് വിശ്വാസവുമായി ബന്ധപെട്ട ഒരു വിഷയമാണു. പക്ഷെ അങ്ങിനെ വിശ്വസിക്കുന്ന ഒരാളോട് ആ അപൂര്‍ണ്ണത സൃഷ്ടാവിന്റെ ന്യൂന്യതയായി കാണിക്കുന്നത് എങ്ങിനെ ശരിയാകും.
മൂന്നാമതായി, മനുഷ്യന്‍ ഒരു വ്യക്തി മാത്രമല്ല. സമൂഹത്തിന്റെ ഭാഗമാണു. അതിനാല്‍ തന്നെ എന്തെങ്കിലും ന്യൂന്യതയില്ലാത്ത ആരുമില്ല. പൂര്‍ണ്ണമനുഷ്യനെന്നു നാം ഗണിക്കുന്ന ഒരാള്‍ മാനസികമായി പിന്നിലാകും. രണ്ടും പൂര്‍ണ്ണതയുള്ള ഒരാള്‍ക്ക് സാമ്പത്തികമായി അപൂര്‍ണ്ണതയുണ്ടാകാം. അപ്പോള്‍ ഓരോരുത്തരുടെയും അപൂര്‍ണ്ണത വ്യത്യസ്ത തലങ്ങളിലാകുന്നു.
പരിപൂര്‍ണ്ണ മനുഷ്യനെന്നത് ഒരിക്കലുമില്ലാത്ത ഒന്നാണു. മുഴുവന്‍ അവയവങ്ങളുമുണ്ടായി മുഴുപ്പട്ടിണി കിടക്കുന്ന ഒരാള്‍ക്ക് സമ്പന്നനായ വികലാംഗനെ ഭാഗ്യവാനായി കരുതാന്‍ കഴിയും.
രണ്ടാമത്തെ ബാബുവിന്റെ ദൈവം ഉണ്ടാകാതിരിക്കാനുള്ള കാരണം പ്രപഞ്ചനാഥനെന്ന വിശേഷണവുമായി ബന്ധപ്പെട്ടതാണു. പ്രപഞ്ചമെന്നത് പൂര്‍ണ്ണമായി മനുഷ്യന്നറിയില്ല. അപ്പോള്‍ പ്രപഞ്ചനാഥനെന്നു വിളിക്കണമെങ്കില്‍ പ്രപഞ്ചത്തെകുറിച്ചു വിളിക്കുന്ന മനുഷ്യനു മുഴുവനുമായി അറിയേണ്ടെ?
ഇതിലും യുക്തിയില്ല. കാരണം പ്രപഞ്ചത്തെ സം‌രക്ഷിക്കുന്നത് മനുഷ്യനല്ല. പ്രപഞ്ചനാഥന് പ്രപഞ്ചത്തെകുറിച്ചറിയില്ല എന്ന് തെളിയിക്കുകയാണെങ്കില്‍ ഈ വാദത്തിന്ന് പിന്‍ബലമുണ്ട്.
അതിനു ചെറിയ ഒരുദാഹരണം തന്നെയെടുക്കാം- സമൂഹത്തിന്റെ ഒരു ചെറിയ ഘടനയാണല്ലോ കുടുമ്പം. എന്റെ കുടുമ്പത്തിന്റെ നാഥന്‍ ഞാനാണു- എന്റെ കീഴില്‍ എന്റെ സം‌രക്ഷണത്തിലാണെന്റെ കുടുമ്പം. എന്റെ മക്കള്‍ക്ക് ഞാന്‍ നാഥനാണ്. കുടുമ്പത്തിന്നു വേണ്ട എല്ലാ കാര്യങ്ങളും അറിയേണ്ടത് നാഥനെന്ന നിലയില്‍ എന്റെ ബാധ്യതയാണ്. മറ്റുള്ളവര്‍ക്കു അറിയാനും ഭാഗികമായിയറിയാനും തീരെ അറിയാതിരിക്കാനുമുള്ള സാധ്യതയുണ്ട്. അത് കുടുമ്പനാഥന്‍ എന്ന എന്റെ വിശേഷണത്തെ ബാധിക്കുന്നേ ഇല്ല.
അത് പോലെ പ്രപഞ്ചത്തെ മനുഷ്യനു അറിയുന്നില്ല എന്നത് പ്രപഞ്ചനാഥനെന്ന വിശേഷണത്തെ ബാധിക്കുന്നില്ലല്ലോ?
ഏത് നാലാം ക്ലാസുകാരനും പറഞ്ഞാല്‍ ഉള്‍കൊള്ളാവുന്ന സരളമായ ഒരു കാര്യമാണു ഞാന്‍ ഉദാഹരിച്ചത്.
മൂന്നാമത്തെ പ്രശ്നം
ബാബുവിന്റെ പോസ്റ്റില്‍ നിന്നും
ഒരു വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ പരസ്പരവിരുദ്ധമാണെങ്കില്‍, അവ ഇന്നു് ലോകത്തില്‍ പൊതുവേ അംഗീകരിക്കപ്പെടുന്നതും പലവട്ടം തെളിയിക്കപ്പെട്ടതുമായ സാമാന്യസത്യങ്ങള്‍ക്കു് കടകവിരുദ്ധമാണെങ്കില്‍, അവ വര്‍ണ്ണിക്കുന്ന കഥകള്‍ ഇന്നത്തെ മനുഷ്യരുടെ സാമാന്യബോധത്തിനു് നിരക്കാത്തവയാണെങ്കില്‍ അവ തെറ്റോ നുണയോ ആണെന്നും അതുപോലൊരു ഗ്രന്ഥം അവതരിപ്പിച്ചതു് ഒരിക്കലും ഭൂത-വര്‍ത്തമാന-ഭാവികാലങ്ങള്‍ അറിയേണ്ടവനായ ഒരു ദൈവം ആവാന്‍ കഴിയില്ലെന്നും, അങ്ങനെയെങ്കില്‍ അതു് മനുഷ്യരുടെ സൃഷ്ടി മാത്രമേ ആവാന്‍ കഴിയുകയുള്ളുവെന്നും അംഗീകരിക്കുവാനുള്ള മിനിമം ചുമതല ചിന്താശേഷിയുള്ള ഏതൊരു മനുഷ്യനുമുണ്ടു്. അവ സത്യത്തില്‍ ഒരു ദൈവത്തിന്റെ വാക്യങ്ങലള്‍ ആയിരുന്നെങ്കില്‍ അവ നുണകളോ പരസ്പരവിരുദ്ധങ്ങളോ കെട്ടുകഥകളോ ആവുകയില്ലായിരുന്നു. ആവാന്‍ പാടില്ലായിരുന്നു. കാരണം, ദൈവം എന്ന ആശയം നിര്‍വചനപ്രകാരം ഒരിക്കലും തെറ്റു് പറ്റാന്‍ കഴിയാത്ത ഒന്നാണു്.
ഉദാഹരണത്തിനു്, ബൈബിള്‍ പ്രകാരം ആദിയില്‍ 'ഒന്നാം ദിവസം' ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകള്‍ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!)
ബാബുവിന്റെ ഒന്നാമത്തെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഇത് ശരിയായ ഒരു സമീപനമാണു. പക്ഷെ രണ്ടാമത്തെ ഭാഗമുണ്ടല്ലോ അത് മുസ്ലിംകളും ക്രൈസ്തവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ കേള്‍ക്കാത്തതിന്റെ കുഴപ്പമാണു. മുസ്ലിങ്ങള്‍ ക്രൈസ്തവരോട് ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ ഇങ്ങോട്ട് ഇട്ട് തരുന്നത് കാണുമ്പോള്‍ മുസ്ലിം സമൂഹത്തിന്റെ അടിസ്ഥാനകാര്യങ്ങളെ കുറിച്ചുള്ള ചോദ്യകര്‍ത്താവിന്റെ വിവരത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും.
ഈ ചര്‍ച്ചകളുടെ വലിയൊരു ശേഖരം തന്നെ യൂട്യൂബിലടക്കമുണ്ട്. യൂറ്റ്യൂബില്‍ അഹ്മെദ് ദീദാത്തെന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് ഈ വിഷയകവുമായി നടന്ന സം‌വാദങ്ങളുടെ വലിയൊരു കൂമ്പാരം തന്നെയാണു.യഹോവ എന്ന പദത്തിനോടല്ല പ്രശ്നം. മറിച്ച് യഹോവയുടെ വിശദീകരനത്തിന്നോടാണ്.
ഉദാഹരണത്തിന്നു ---
ഉല്പത്തി പുസ്തകം, അദ്ധ്യായം 32:28
നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.
എന്നു വായിക്കുന്നു. ഇസ്രേയേല്‍ സ്ഥാപകനായ യാക്കോബിനെ പുകഴ്ത്താന്‍ യഹൂദര്‍ കെട്ടിച്ചമച്ച ഒരു കഥയായെ മുസ്ലിങ്ങള്‍ ഇതിനെ കാണുന്നുള്ളൂ. യാക്കോബിനോട് മല്ലിടിച്ചു വിജയിക്കാന്‍ കഴിയാത്ത യഹോവ അഥവാ അല്ലാഹു എന്നു ബാബു വാശിപിടിക്കരുത്. ഈ വാക്യം വച്ച് യാക്കോബ് എന്ന പ്രവാചകനിലും ദൈവത്തിലും നിങ്ങള്‍ വിശ്വസിക്കുന്നില്ലെ- എങ്കില്‍ ഇതിന്നുത്തരം പറയണമെന്നു വാദിക്കുന്നത് ശരിയാകുമോ?
ഇത് മാത്രമൊന്നുമല്ല-
ബൈബിള്‍ പ്രകാരം ദൈവം തന്റെ സാദൃശ്യപ്രകാരം മനുഷ്യനെയുണ്ടാക്കുന്നു-(ഉത്പത്തി-1:26) ദൈവം വിശ്രമിക്കുന്നു-(2:2)- ആദമിനെയും ഹവ്വയെയും കാണാഞ്ഞു തിരഞ്ഞു നടക്കുന്നു(3:8-13) -സ്വന്തം സൃഷ്ടിയെ കുറിച്ചു ഖേദം തോന്നുന്നു(പുറപ്പാട് 6:6) ഇങ്ങിനെ മുസ്ലിങ്ങളുടെ വിശ്വാസവുമായി യോജിക്കാത്ത പല വിശേഷണങ്ങളും ബൈബിളിലെ കഥകളില്‍ യഹോവക്കും പ്രവാചകന്മാര്‍ക്കുമുണ്ട്. അത് കൊണ്ടു തന്നെ പേരുകളിലും പലചരിത്രങ്ങളിലും മുസ്ലിം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കു സമാനതയുണ്ടെങ്കിലും അത്രതന്നെ വിയോജിപ്പുകളുമുണ്ട്.
അതിനാല്‍ ബാബുവിനോടും ബാബുവിനെ വായിക്കുന്ന ആളുകളോടും പറയാനുള്ളത് ബൈബിളിലെ പ്രവാചകന്മാരെ മുസ്ലിങ്ങള്‍ അംഗീകരിക്കുന്നു. അത് ബൈബിള്‍ കഥയുടെ പിന്‍ബലത്തിലല്ല. അത് ആദം മുതല്‍ ബൈബിളിലെ യേശുവരെ അങ്ങിനെ തന്നെ.
പിന്നെ നാലാം ക്ലാസിന്നൊരു ഗുണമുണ്ട്. ഒരു നാലാം ക്ലാസുകാരന്‍ പറയുന്നത് ഏത് പീഎച്ച്ഡിക്കും മനസ്സിലാകും. പീഎച്ച്ഡി പറഞ്ഞത് നാലാം ക്ലാസുകാരനു മനസ്സിലാകണമെന്നില്ല, അതിനാല്‍ ഇനിയും മനസ്സിലാകാത്ത ഭാഗമേതെന്നു വ്യക്തമാക്കിയാല്‍ ഒന്നാം ക്ലാസുകാരനാവാനും തയ്യാറാണു.
ഒരു മതവിശ്വാസി എന്ന നിലക്ക് വിവരമില്ലാത്തവനെ എന്നു എന്നെ വിളിച്ചപ്പോള്‍ വിവരം കെട്ടവനേ എന്നു ഞാനുമൊന്നു തിരിച്ചു വിളിച്ചു. ആ പ്രശ്നം അതോടെ ഞാനും വിട്ടിരിക്കുന്നു. ഈ പ്രകോപനമായ ഭാഷ ആര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന ഒന്നാണെന്നു മാത്രം സൂചിപ്പിക്കുന്നു.
ബാബുവിന്റെ പോസ്റ്റിലെ മൈന്‍ ബോഡിയെയാണു ഞാന്‍ ചര്‍ച്ചക്കെടുത്തത്- വിഷയത്തില്‍ മാത്രം ഒതുങ്ങാനാണു എനിക്കു താത്പര്യം. കാടു കയറിയ കമെന്റിനെ ഞാന്‍ ബാബുവിനെ കുറ്റപ്പെടുത്തുന്നില്ല. മോഡെറേഷന്‍ ആവശ്യമായി വരുന്നത് ഇങ്ങിനെയാണു. അതിനാല്‍ തന്നെ ഫൈസലിന് നല്‍കിയ മറുപടിയില്‍ ബാബു തന്നെ അതാവശ്യപ്പെടുന്നുണ്ട്.
പക്ഷെ ബാബു ഫൈസലിനോട് എന്നിട്ട് തിരിച്ച് ചോദിക്കുന്ന ചോദ്യങ്ങളോ? അതും വിഷയത്തില്‍ നിന്നും എത്രയോ അകലത്തിലല്ലെ
ബാബുവിന്റെ പോസ്റ്റില്‍ നിന്നും
പിന്നെയും പറയേണ്ടിവരുന്നു: ഇവിടത്തെ വിഷയത്തില്‍ നില്‍ക്കൂ ഫൈസല്‍. പോസ്റ്റില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒരിക്കല്‍ കൂടി:
1. അല്ലാഹു സര്‍വ്വശക്തനും തെറ്റു് പറ്റാത്തവനുമാണോ?
2. ഖുര്‍ആന്‍ അല്ലാഹു നല്‍കിയ വചനങ്ങളാണോ?
3. ബൈബിള്‍ അല്ലാഹു നല്‍കിയ വചനങ്ങളാണോ?
4. അല്ലാഹുവും യഹോവയും ഒന്നുതന്നെയോ?
5. ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനോ?
6. ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പുരാതനപിതാക്കളായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
7. മൂസാ, ദാവൂദ്‌, സുലൈമാന്‍, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
8. ഈസാ എന്ന യേശുവിനെ അതുവരെ 'പുരുഷനെ അറിയാത്ത' മര്‍യമില്‍ നിന്നും അല്ലാഹു ജനിപ്പിച്ചവനോ അല്ലയോ?
9. ഖുര്‍ആനില്‍ വിശ്വസിച്ചാല്‍ മാത്രമേ മനുഷ്യനു് 'രക്ഷ' ലഭിക്കുകയുള്ളോ?
10. യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുര്‍ആന്‍ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമോ അല്ലയോ?
ഇത്രയും ചോദ്യങ്ങള്‍ പോസ്റ്റിലുണ്ടെന്നു മനസ്സിലാക്കാന്‍ തീര്‍ച്ചയായും ഇങ്ങിനെ ഒരു വിശദീകരണം ആവശ്യം തന്നെ. അതിനാല്‍ അവയാണു ഈ പോസ്റ്റിന്റെ മര്‍മ്മം എന്നു ധരിക്കാമെന്നു കരുതുന്നു.
ഉത്തരങ്ങള്‍
1. അല്ലാഹു സര്‍വ്വശക്തനും തെറ്റു് പറ്റാത്തവനുമാകുന്നു.
2. ഖുര്‍ആന്‍ അല്ലാഹു നല്‍കിയ വചനങ്ങളാണ്
3. ബൈബിള്‍ മുഴുവനായും അല്ലാഹു നല്‍കിയ വചനങ്ങളാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല.
4. അല്ലാഹുവും യഹോവയും അവയുടെ വിശദീകരണങ്ങളില്‍ ഒന്നുതന്നെയല്ല
5. ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനാണ്.
6. ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നു. ഈ പുരാതനപിതാവെന്ന ഒരു സംജ്ഞതന്നെ ഇസ്ലാമിലില്ല.
7. മൂസാ, ദാവൂദ്‌, സുലൈമാന്‍, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നു
8. 'പുരുഷനെ അറിയാത്ത' മര്‍യമില്‍ നിന്നും അല്ലാഹുവിന്റെ കല്പന പ്രകാരം ജനിച്ചവനായ പ്രവാചകനാകുന്നു ഈസാ എന്ന യേശു
9. ഖുര്‍ആനില്‍ വിശ്വസിച്ചാല്‍ മാത്രമേ മനുഷ്യനു് 'രക്ഷ' ലഭിക്കുകയുള്ളൂ
10. യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുര്‍ആന്‍ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമാകുന്നു.
ഇവിടെ ഞാന്‍ കാണുന്നത് ഒരു ബാബുവിനെയല്ല, ബാബുവിലോ കാട്ടിപ്പരുത്തിയിലോ വലിയ താത്പര്യമില്ലാത്ത വസ്തുതകളറിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന വായനക്കാരിലാണു. അവര്‍ വളരെ കുറച്ചാണെങ്കില്‍ പോലും-

Saturday, January 30, 2010

സി.കെ.ബാബുവിന്റെ പോക്കറ്റിലെ ദൈവം

ചീന്തുകളില്‍ ഞാന്‍ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും എന്ന കുറിപ്പിനോടനുബന്ധിച്ച് നാലു പോസ്റ്റുകളാണു ബ്ലോഗുകളിലായി ചര്‍ച്ചകളെ കുറിച്ചു വന്നത്. ഒരഭിപ്രായത്തെ വുത്യസ്ത വീക്ഷണങ്ങളില്‍ ചര്‍ച്ച ചെയ്യെപ്പെടുന്നത് വളരെ ഗുണകരമായ കാര്യമാണു.
അതില്‍ സി.കെ.ബാബുവിന്റെ പോസ്റ്റിലൂടെയാണു ഞാന്‍ മുസ്ലിങ്ങളുമായി അയാള്‍ നടത്തിയെന്നവകാശപ്പെടുന്ന ഒരു പോസ്റ്റിനെ കുറിച്ചും അതില്‍ നടന്ന ഒരു ചര്‍ച്ചയെകുറിച്ചും കാണുന്നത്. അതിനാല്‍ തന്നെ ഒരു മറുകുറിപ്പിനു പ്രസ്ക്തിയുണ്ടെന്നു തോന്നിയതിനാലാണു ഇങ്ങിനെ ഒരു പോസ്റ്റ് ചെയ്യുന്നത്.
ബാബുവിന്റെ പോസ്റ്റിലെ വെറുപ്പ്, അഹങ്കാരം, വിദ്വേഷ്വം, തന്നെപൊക്കല്‍ എന്നിവ അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ സ്ഥിരം സ്വഭാവമായതിനാല്‍ ആറ്റികുറുക്കി ബാക്കി കിട്ടുന്ന വിഷയത്തിലേക്ക് മാത്രമാണു ഞാന്‍ ശ്രദ്ധനല്‍കുന്നത്.
വിശ്വാസികളെല്ലാം ഒരു വിവരവുമില്ലാത്ത മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ ഒന്നിനും കൊള്ളാത്ത ആളുകളാണെന്നത് ആദ്യം തന്നെ ലാബെല്‍ ചെയ്തു പട്ടം ചാര്‍ത്തി വിവരമെന്നതും ബുദ്ധിയെന്നതും തന്റെ മാത്രം കയ്യിലുണ്ടാകാന്‍ വിധിക്കപ്പെട്ട ഒരു സാധനമായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞതാണല്ലോ?
പിന്നെ ആരോ പുള്ളിയെ പിടിച്ച് ശാസ്ത്രത്തിന്റെ താക്കോല്‍ ഏല്പിച്ചതായി അദ്ദേഹത്തിനൊരു മാനസിക രോഗമുണ്ട്. ശാസ്ത്രമെന്നത് തനിക്കു പറ്റാത്തവരെങ്ങാനും പറഞ്ഞ് പോയാല്‍ ആള്‍ക്ക് കുറച്ച് നൊസ്സാകും, താന്‍ പറയുന്നതും കരുതുന്നതും മാത്രമേ ശാസ്ത്രമാകാവൂ തങ്ങള്‍ക്കു മാത്രമേ ശാസ്ത്രമാകാവൂ എന്നതാണ്‍ ബാബുശാസ്ത്രം.
കൂടാതെ മതം എന്നത് -ആരംഭകാലം മുതൽ ഒരു വർഗ്ഗശത്രുവിനോടെന്നപോലെ ശാസ്ത്രത്തോടു് കുടിപ്പക പുലർത്തുന്ന മതങ്ങൾ ബ്ലോഗ്‌ പോലെയുള്ള ഒരു ആധുനികശാസ്ത്രീയ സംവിധാനത്തെ ശാസ്ത്രത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാനും അതുവഴി 'സ്വന്തം' ദൈവത്തിന്റെ മഹത്വവും ശക്തിയും സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുമ്പോൾ അതു് ശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കലല്ലേ എന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം ദൈവം രാത്രിയും പകലും, വേനലും മഴയും വഴി മനുഷ്യരെ കാണിച്ചുതരുന്ന 'ദൃഷ്ടാന്തങ്ങൾ' വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാവാനേ കഴിയൂ!---എന്ന ഒരസംബന്ധ പ്രസ്താവന കൂടെകൂട്ടി തങ്ങളുടെ പക്ഷത്ത് ശാസ്ത്രത്തെയാക്കാനുള്ള ഒരു അതിബുദ്ധികൂടി സമര്‍ത്ഥമായി നടത്തുന്നുണ്ട് , ഇത് പോലെയുള്ള നൂറായിരം പ്രസ്ഥാവനകള്‍ ബ്ലോഗിന്റെ വലിപ്പം കൂട്ടാനുതകും എന്നതല്ലാതെ മറ്റെന്തു ധര്‍മം ചെയ്യുന്നു.
വിഷയത്തിലേക്കു നീങ്ങുമ്പോള്‍ മൂന്നു ചോദ്യങ്ങളാണ്‍ ഈ പോസ്റ്റില്‍ ചോദിച്ചിരിക്കുന്നത്, അതിനാല്‍ ഇവിടെ അതിന്നുള്ള മറുപടികള്‍ ആ ക്രമത്തില്‍ തന്നെ നല്‍കുന്നു.
1.ചോദ്യം ( അരിച്ചെടുത്തത് )
സൃഷ്ടാവു പൂര്‍ണ്ണനാണെങ്കില്‍ എങ്ങിനെ അല്ലെങ്കില്‍ എന്തിനു അപൂര്‍ണ്ണങ്ങളായ സൃഷ്ടികളെ സൃഷ്ടിക്കുന്നു. ഇത് സൃഷ്ടാവ് പൂര്‍ണ്ണനല്ല എന്നതിന്റെ തെളിവല്ലെ?
ഉത്തരം-
സൃഷ്ടാവിനോളം പൂര്‍ണ്ണതയിലേ സൃഷ്ടി നടത്താവൂ അല്ലെങ്കില്‍ ഉണ്ടാക്കുന്ന ആളെപോലെ പൂര്‍‌ണ്ണ്മായരീതിയില്‍ ഉണ്ടാക്കിയതാവും എന്നതിനു എന്താണു തെളിവ്? ശില്‍‌പിയെ പോലെ ഒരു ശില്പമെന്നതുണ്ടായിട്ടുണ്ടോ? ഈ വാദം ശരിയാവണമെങ്കില്‍ ഇനി ശില്‍‌പങ്ങള്‍ക്കെല്ലാം ജീവനും നല്‍കാന്‍ ശില്‍‌പി ബാധ്യസ്ഥനാകില്ലെ?
പിതാവ് മക്കള്‍ പ്രയോഗമെല്ലാം ബാബുവുന്റെ പഴയ നൊസ്റ്റാളജിയില്‍ നിന്നു വരുന്ന വാക്കുകളാണ്. കൃസ്തുമതത്തോട് സം‌വദിക്കുന്ന അതെ അളവുകോലില്‍ മറ്റുള്ളവരോട് സം‌വദിക്കുന്നത് മറ്റുള്ളവരെ കുറിച്ചുള്ള അജ്ഞതയാണു സൂചിപ്പിക്കുന്നത്. ഒരു വിഭാഗത്തോട് സം‌വദിക്കുമ്പോള്‍ എന്താണ്‍ അവരുടെ ആ വിഷയത്തിലുള്ള കാഴ്ച്ചപ്പാടെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയും യുക്തിയും എന്നാണു ഈ യുക്തിവാദികള്‍ പഠിക്കുക.
2.ചോദ്യം-
'പ്രപഞ്ചനാഥൻ' എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്നു് അവകാശപ്പെടാൻ മനുഷ്യനു് അർഹത ലഭിക്കണമെങ്കിൽ ആദ്യം 'പ്രപഞ്ചം' എന്നാൽ എന്തെന്നു് അവൻ അറിഞ്ഞിരിക്കണം, വേണ്ടേ?നമ്മുടെ' പ്രപഞ്ചത്തിന്റെ 95 ശതമാനത്തെ സംബന്ധിച്ചും മനുഷ്യനു് ഇന്നും യാതൊരുവിധ അറിവുമില്ല.
ഉത്തരം-
പ്രപഞ്ചനാഥന് പ്രപഞ്ചത്തെ കുറിച്ചുള്ള എല്ലാ അറിവും വേണമെന്നതായിരുന്നു വാദമെങ്കില്‍ അതില്‍ യുക്തിയുണ്ടാകുമായിരുന്നു.
ഞാനെന്റെ കുടുമ്പനാഥനാണെന്നു പറയുമ്പോള്‍ എന്റെ മക്കള്‍ക്ക് കുടുമ്പത്തിലെ ചിലവുകളും മറ്റു പ്രയാസങ്ങളെ കുറിച്ചെല്ലാം എന്നെപ്പോലെ അറിയണമെന്നോ?
കുടുമ്പത്തിന്റെ നാഥനെന്ന നിലക്ക് അതറിയേണ്ട ബാധ്യതയും ആവശ്യവും എനിക്കല്ലെ വരുന്നുള്ളൂ, അതറിയില്ല എന്നതിനാല്‍ എന്റെ മകന്‍ എന്നെ കുടുമ്പനാഥനായി കാണാന്‍ പാടില്ല എന്നോ?
ഇത്രയും വിശാലമായ പ്രപഞ്ചങ്ങലിലെ ഒരു ചെറിയ മൂലയിലിരുന്ന് ഈ പ്രപഞ്ചവും അതിനപ്പുറമുള്ളതുമെല്ലാം അങ്ങോട്ട് തനിയെത്തനിയെ ഉണ്ടായി എന്നും ആ വിവരമെല്ലാം എന്റെ ബുദ്ധിക്കനുസരിച്ച് മാത്രമെ ആകാവൂ എന്നു കരുതുന്നതിനെ യുക്തിയായി കരുതുന്നതിന്റെ പൊട്ടത്തരം തന്നെയാണു ചോദ്യം ചെയ്യപ്പെടുന്നത്.
ഇത്രയുമൊക്കെ സമ്മതിച്ച സ്ഥിതിക്ക് അത്രക്കൊന്നും മനസ്സിലാക്കാനോ എന്റെ അറിവിന്നപ്പുറത്തുള്ള കാര്യങ്ങള്‍ എനിക്കറിയില്ലേ എന്നെങ്കിലും ഉള്‍കൊള്ളാനുള്ള കോമണ്‍സെന്‍സ് ഉണ്ടാകുന്നതില്‍ വിരോധമുണ്ടോ? ഇത്ര വിശാലമായ ഈ പ്രപഞ്ചങ്ങള്‍ക്ക് ഒരു നിയന്ത്രകന്‍ ഉണ്ട് എന്നു വിശ്വസിക്കുന്നത് അബദ്ധമാണെങ്കില്‍ ഇല്ല എന്നു വിശ്വസിക്കുന്നതിന്റെ യുക്തി എന്താണു?
3.ചോദ്യം-
ഉദാഹരണത്തിനു്, ബൈബിൾ പ്രകാരം ആദിയിൽ 'ഒന്നാം ദിവസം' ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകൾ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!)
ഉത്തരം-
മുസ്ലിങ്ങളും കൃസ്ത്യാനികളും തമ്മിലാണോ ദൈവത്തെ കുറിച്ചിവിടെ ചര്‍ച്ച നടത്തുന്നത്? ഇത് പശുവിനെ കുറിച്ച് ഉപന്യാസമെഴുതാന്‍ പറഞ്ഞപ്പോള്‍ അത് കെട്ടിയ തെങ്ങിനെ കുറിച്ചു ഉപന്യാസമെഴുതിയ കുട്ടികഥയായല്ലോ? വിവരക്കേടിനു കയ്യും കാലും വച്ചാല്‍ യുക്തിവാദി ആകുമോ? ബൈബിളിലെ ദൈവ സങ്കല്പവും ഖുര്‍‌ആനിലെ ദൈവ സങ്കല്പവും ഒത്ത് പോകുന്നില്ല. ബൈബിളില്‍ പരിചയപ്പെടുത്തുന്ന യഹോവയുടെ ഗുണങ്ങള്‍ ഇസ്ലാമിലെ അല്ലാഹു എന്നതുമായി യോജിക്കാത്ത പല ഭാഗങ്ങളും മുസ്ലിം കൃസ്ത്യന്‍ സം‌വാദങ്ങളിലെ വിഷയമായിരിക്കെ, ബാബുവിന്നറിയുന്നത് ബാബു ചോദിച്ചിരിക്കും അല്ലെ?!!!
ആദ്യം ചോദ്യമെങ്കിലും പഠിക്കു- എന്നിട്ടാകാം വിളമ്പല്‍-
ഇനി ഈ വിഷയത്തിനു മറൂപടി പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാതെ മറ്റു പുതിയ ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമായിരിക്കും പുറത്തെടുക്കുന്നത് - കമെന്റില്‍ നടന്ന ചര്‍ച്ച അതിനുള്ള ഒരു തെളിവു മാത്രം-