Wednesday, November 25, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി

ഇത് യാത്രാമൊഴിയുടെ ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ എന്ന പോസ്റ്റിന്നൊരിടപെടലാണ് - ആദ്യം ആ പോസ്റ്റ് വായിക്കുവാന്‍ താത്പര്യം
ചരിത്രമെന്നത് ഇന്നലെ സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളാണ്. അവ നോക്കിക്കാണുക എന്നതിന്നപ്പുറം നമുക്കിടപെടാന്‍ കഴിയാത്ത ഒന്ന്. കഴിയാവുന്നത് അതില്‍ നിനും ചില പാഠങ്ങള്‍ ഉള്‍കൊള്ളുക എന്നു മാത്രം.
പക്ഷെ ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കു താത്പര്യമുള്ള രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമം എല്ലാകാലത്തും നടന്നിട്ടുണ്ട്. അവയ്ക്കൊരു ലക്ഷ്യമുണ്ടായിരിക്കും. ചിലത് താനുള്‍കൊള്ളുന്ന സമൂഹത്തെ ഉയര്‍ത്തി പ്രതിഷ്ഠിക്കുക എന്ന മിനിമം താത്പര്യമാണെങ്കില്‍ മറ്റുചിലവയ്ക്കു ദൂരവ്യാപകമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ഇതിന്നും ചരിത്രം സാക്ഷിയാണു. ജൂതരെ ഉന്മൂലനം ചെയ്യുവാന്‍ ഹിറ്റ്ലര്‍ ഉപയോഗിച്ച ന്യായീകരണങ്ങള്‍ ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു. ഇന്ന് സിയോണിസ്റ്റുകള്‍ മുസ്ലിങ്ങള്‍ക്കെതിരെ ആയുധമാക്കുന്നതും ഈ ചരിത്രം തന്നെ.
നേച്ചര്‍ മാഗസിനില്‍ വന്ന ഒരു റിപ്പോറ്ട്ടിന്റെ അടിസ്ഥാനത്തില്‍ യാത്രാമൊഴിയുടെ പോസ്റ്റിന്ന് ഒരു പ്രതികരണമെഴുതുമ്പോള്‍ ചരിത്രമെന്നത് ഇത്രയേറെ വളര്‍ന്നിട്ടും ഇപ്പോഴും ഇങ്ങിനെയുള്ളയവകാശങ്ങളുമായി മുന്നോട്ടുവരാനും അതവതരിപ്പിക്കുവാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും കഴിയുന്നുവല്ലോ എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
എന്റെ ഈ പോസ്റ്റില്‍ യാത്രാമൊഴിയുടെ പരാമര്‍ശങ്ങളെ മാനവേന്ദ്രനാഥ റോയ് എന്ന എം.എന്‍ റോയിയുടെ 1939-ല്‍ പ്രസിദ്ധീകരിച്ച “ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്“ എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങളുമായി ഒത്തുനോക്കുകയാണു പ്രധാനമായും ചെയ്യുന്നത്. ചരിത്രത്തിലെ ഇസ്ലാമിന്റെ അല്ലെങ്കില്‍ മുസ്ലിങ്ങളുടെ പങ്കിനെ കുറിച്ച് ഞാന്‍ സ്വന്തമായൊന്നും പറയുന്നില്ല. പക്ഷെ യാത്രാമൊഴിയുടെ നിരീക്ഷണങ്ങളോട് ഞാന്‍ പ്രതികരിക്കുകയും ചെയ്യുന്നു.
കെ.സി. വര്‍ഗ്ഗീസ് വിവര്‍ത്തനം ചെയ്തു ഒലിവ് പുസ്തകം പ്രസിദ്ധീകരിച്ച ഈ പുസ്തകം തിരഞ്ഞെടുക്കാനുള്ള ചില കാരണങ്ങളുണ്ട്. അത് റോയ് എഴുതി പ്രസിദ്ധീകരിച്ചത് 1939-ലാണെന്നതാണ് - എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതപ്പെട്ട ഒരു പുസ്തകത്തില്‍ നിന്നുമുദ്ധരിക്കുന്നത് തന്നെ ധാരാളമെന്ന് മനസ്സിലാക്കുമ്പോള്‍ ചരിത്ര പഠനം പിന്നേയും കുറേ മുന്നോട്ടു പോയ ഒന്നാണെന്നു ഓര്‍മയിലുമിരിക്കട്ടെ. കൂടാതെ ഒരു കമ്യൂണിസ്റ്റുകാരനില്‍ നിന്നും ഹ്യൂമണിസ്റ്റോളം വളര്‍ന്ന റോയി മോറിസ് ബുക്കായിയെ പോലെ കൊട്ടാരം കാശു വാങ്ങി എന്നെങ്കിലും ആരോപിക്കില്ല എന്നും കരുതാം.
യാത്രാമൊഴി
ഇസ്ലാമിന്റെ രൂപീകരണത്തിന്റെ (610 CE) ആദ്യകാലങ്ങളില്‍ അറബിക് സംസ്കാരത്തില്‍ ശാസ്ത്രത്തിനു സ്ഥാനം ഉണ്ടായിരുന്നില്ല. രൂപീകരണത്തെ തുടര്‍ന്ന് അന്നും ഇന്നും ഖുറാന്‍ എന്ന പുസ്തകത്തിന്റെയും ചില അനുബന്ധകൃതികളുടെയും സാക്ഷരതായജ്ഞത്തിലൂന്നിയാണ് ഇസ്ലാമിന്റെ നിലനില്‍പ്പ്‌
എം.എന്‍. റോയ്
ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ വ്യാപിച്ച ഇസ്ലാമിന്റെ അത്ഭുതകരമായ വലര്‍ച്ചക്ക് തുല്യമായ മറ്റൊരത്ഭുതം ലോകത്ത് സംഭവിച്ചിട്ടില്ല. റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് തുടക്കമിട്ട റോമാ സാമ്രാജ്യത്തിന്റെ വളര്‍ച്ച അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയത് എഴുനൂറു ദീര്‍ഘ വര്‍ഷങ്ങല്‍ നീണ്ടു നിന്ന യുദ്ധങ്ങളിലൂടെയാണ്. ഇസ്ലാമിക ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ അറേബ്യന്‍ സാമൃജ്യം കേവലം നൂറു വര്‍ഷം കൊണ്ട് കൈവരിച്ച വളര്‍ച്ചയും വ്യാപ്തിയും റോമാ സാമ്രാജ്യത്തിന് ഏഴു നൂറ്റാണ്ടുകള്‍ കൊണ്ടുപോലും കൈവരിക്കാന്‍ കഴിഞ്ഞില്ല. മഹാനായ അലെക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ ഖലീഫമാ‍രുടെ സാമ്രാജ്യത്തിന്റെ ചെറിയൊരംശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോമാ സാമ്രാജ്യത്തിന്റെ ഭീഷണിയെ ആയിരത്തോളം വര്‍ഷം തടുത്തുനിര്‍ത്തിയ പേര്‍ഷ്യന്‍ സാമ്രാജ്യത്തെ അല്ലാഹുവിന്റെ വാളിന്റെ മുമ്പില്‍ മുട്ടുകുത്തിക്കുവാന്‍ ഇസ്ലാമിക ഖലീഫമാര്‍ക്ക് കേവലം ഒരു ദശാബ്ദത്തിന്റെ പരിശ്രമമേ വേണ്ടിവന്നുള്ളൂ. അതു കൊണ്ടാണ്‍ ഒരു ആധുനിക ചരിത്രകാരന്‍ ഇസ്ലാമിന്റെ വളര്‍ച്ചയെ ഒരത്ഭുതം എന്നു വിവരിക്കുന്നത്-പേജ് 14- 15
ശാന്തതയും സഹിഷ്ണുതയും പുലര്‍ത്തിയിരുന്ന ജനവിഭാഗങ്ങളെ ഇസ്ലാമിക മതഭ്രാന്തിന്റെ പിന്‍ബലത്തോടെ ആക്രമിച്ച് കീഴ്പ്പെടുത്തിയാണ് ഇസ്ലാമിനു മേല്‍പ്പറഞ്ഞ വിജയം വരിക്കാന്‍ കഴിഞ്ഞത് എന്ന അസംബന്ധ സിദ്ധാന്തം അഭ്യസ്തവിദ്യരായ പരിഷ്കൃത ലോകം തള്ളിക്കളഞ്ഞതാണ്. ഇസ്ലാമിന്റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്‍ഭവിച്ചിരിക്കുന്ന വിപ്ലവസ്വഭാവം കൊണ്ടും ഗ്രീസ്,റോം, പേര്‍ഷ്യ തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്‍ണ്ണതകൊണ്ടും സംഭവിച്ചതാണെന്നു കാണാം. (പേജ്-16)
സാരസന്മാര്‍, ഹൂണന്മാര്‍ തുടങ്ങിയവരുടെ ആക്രമണവും ഇസ്ലാം നേടിയ ദിഗ്വിജയവും പരസ്പരം താരതമ്യം ചെയ്യുമ്പോഴാണ് രണ്ടിന്റെയും വ്യത്യാസം ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് മനസ്സിലാവുക. ആദ്യത്തെത് മരണവും നാശവും മറ്റാത്യാഹിതങ്ങളുമാണ്.രണ്ടാമത്തെത് മാനവികതയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുകയാണ് ചെയ്തത്. (പേജ്-17)
മുഹമ്മെദിന്റെ പിന്‍‌ഗാമികള്‍ ഉയര്‍ന്ന സ്വഭാവശുദ്ധി, മികച്ച ലക്ഷ്യബോധം, ഉന്നതമായ ആത്മീയ ബോധം എന്നിവയാല്‍ നയിക്കപ്പെട്ടവരായിരുന്നു ഇസ്ലാമിക വിപ്ലവകാരികള്‍. അതില്‍ നിന്നു അതിരു കവിഞ്ഞ അവരുടെ അര്‍പ്പണബോധം അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായിരുന്നുവെന്ന് സമര്‍ത്ഥിക്കുമ്പോള്‍ തന്നെ അതൊരിക്കലും കാപട്യങ്ങളാല്‍ ആവൃതമായിരുന്നില്ല. അവരുടെ മതാന്ധതയുടെ തീവൃത അവരുടെ ഉദാരമനസ്കത കൊണ്ടും സാമാന്യബോധം കൊണ്ടും ലളിതവത്കരിക്കപ്പെട്ടിരുന്നു. അവരുടെ മോഹങ്ങളില്‍ ഒരിക്കലും സ്വാര്‍ത്ഥതയുടെ കറ പുരണ്ടിരുന്നില്ല. അവരുടെ ദൈവികത ഒരിക്കലും അഹങ്കാരത്തിന്റെ മൂടുപടമായിരുന്നില്ല. (പേജ്-20)
കാട്ടിപ്പരുത്തി
ശാസ്ത്രം പിടിച്ചു നില്‍ക്കാന്‍ ആവശ്യമുള്ള ഒരു കാലഘട്ടത്തിലായിരുന്നില്ല ഇസ്ലാമിന്റെ വ്യാപനം. എന്നിട്ടും ശാസ്ത്രത്തിന്നു വളരാനുള്ള വളക്കൂറ് അന്നേവരെ ശാസ്ത്രമെന്തെന്നറിയാത്ത ഒരു കൂട്ടം നല്‍കിയെങ്കില്‍ അതിന്റെ കാരണമാണന്യേഷണ വിധേയമാക്കേണ്ടിയിരുന്നത്.
യാത്രാമൊഴി
കൂടുതല്‍ വികസിതമായിരുന്ന മറ്റു മതങ്ങള്‍ക്കും, അതാതു നാടുകളില്‍ നിലവിലിരുന്ന വിമര്‍ശനാത്മകമായ ബൌദ്ധിക ചിന്താപദ്ധതികള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി, ആദ്യകാല മുസ്ലിം ഭരണകര്‍ത്താക്കള്‍ ഗ്രീക്ക്‌ ഫിലോസഫി, സയന്‍സ് എന്നിവയുള്‍പ്പെടെ തങ്ങള്‍ നേരിട്ട ദേശങ്ങളിലെ ശാസ്ത്രസാംസ്കാരിക പാരമ്പര്യങ്ങളില്‍ വൈദഗ്ദ്യം നേടുന്നത് പ്രോല്‍സാഹിപ്പിച്ചിരുന്നു.
കാട്ടിപ്പരുത്തി
ഏതെല്ലാമായിരുന്നാവോ ആ കൂടുതല്‍ വികസിതമായ മറ്റു മതങ്ങള്‍ ?
അന്നത്തെ സമകാലിക മതങ്ങളെ കുറിച്ചും മുസ്ലിങ്ങളുടെ വിജ്ഞാന വളര്‍ച്ചയെ കുറിച്ചുമുള്ള റോയിയുടെ കാഴ്ച്ചപ്പാടുകളിലേക്ക്-
എം.എന്‍. റോയ്
നിഷ്ഫലമായ ഭക്തിയും കാപട്യം നിറഞ്ഞ വിശുദ്ധതാ സങ്കല്പവും ഒത്തുചേര്‍ന്ന മദ്ധ്യകാല ക്രൈസ്തവതക്ക് പൌരാണിക ശാസ്ത്ര സമൂച്ചയത്തെ തൊഴിച്ചു പിന്നോട്ട് മാറ്റാന്‍ യാതൊരു ശങ്കയും ഉണ്ടായില്ല. തികഞ്ഞ അജ്ഞതയുടെ ഈ പൊങ്ങച്ചപ്രകടനത്തിന്റെ ഫലമായി യൂറോപ്പിലെ ജനത ഒന്നടങ്കം മദ്ധ്യകാല സംസ്കാരത്തിന്റെ അഗാധകൂപങ്ങളിലേക്ക് നിപധിക്കുകയുണ്ടായി. ഇതില്‍നിന്നവരെ കരകയറ്റിയത്, പുരാതന ഗ്രീസിലെ വിജ്ഞാനകുതുകികളായ ഗുരുവരന്മാര്‍ പ്രചരിപ്പിച്ച ചിന്തകളുടെ ഉയര്‍ത്തെഴുനേല്‍പ്പ് സാധ്യമായതോടെയാണു, ഇതു ക്രമേണെ അവര്‍ക്കു ഭൌതിക പുരോഗതിക്കും, ആത്മീയ വളര്‍ച്ചക്കുമുള്ള വഴി കാണിച്ചു കൊടുത്തു. അറേബ്യന്‍ തത്ത്വജ്ഞാനികളും ശാസ്ത്രജ്ഞന്മാരുമാണ് ഇതിനുള്ള പശ്ചാത്തലമൊരുക്കിയത്. ആധുനിക യുക്തിവാദത്തിന്റെ പൈതൃകം സ്ഥിതി ചെയ്യുന്നത് ഗ്രീക്ക് ചിന്തകളിലാണ്. ശാസ്ത്രഗവേഷണങ്ങളുടെ ആചാര്യനായിരുന്ന റോജര്‍ ബേക്കണ്‍ അറബ് പണ്ഡിതന്മാരുടെ ശിഷ്യനായിരുന്നു.നമ്മളിന്നു കരുതുന്നതു പോലുള്ള ഭൌതിക ശാസ്ത്രത്തിന്റെ സ്ഥാപകരെന്നു വിളിക്കാവുന്നത് അറബികളെയാണ്. പരീക്ഷണനിരീക്ഷണങ്ങളാണ് പുരോഗതിയുടെ പാതയൊരുക്കുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തം മുതല്‍ ഗ്രീക്കുകാരുടെ ശാസ്ത്രീയ നേട്ടങ്ങള്‍ വരെ മാത്രമല്ല ആധുനികകാലം വരെയുള്ള എല്ലാ ശാസ്ത്രീയ നേട്ടങ്ങളും അറബികളോട് കറ്റപ്പെട്ടിരിക്കുന്നു. (പേജ്-61)
ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രംഗത്തുവന്ന ഭക്തനായ ജസ്റ്റീനിയന്‍ ചകൃവര്‍ത്തിയുടെ മര്‍ക്കടമുഷ്ടിയിലധിഷ്ടിതമായ മതഭ്രാന്ത് യൂറോപ്പിലവശേഷിച്ചിരുന്ന പാഗന്‍ പഠിപ്പിക്കലുകളിലെ, അവശിഷ്ടങ്ങളെ കൂടി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യുകയുണ്ടായി. അവശേഷിച്ചിരുന്ന ഗ്രീക്കു പണ്ഡിതന്മാരും തങ്ങളുടെ പുരാതന വിദ്യാപീഠങ്ങള്‍ ഉപേക്ഷിച്ചു നാടു വിട്ടു പോകാന്‍ നിര്‍ബന്ധിതമായി. (പേജ്- 62)
ബൈസാന്തിയന്‍ ഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടി ടോളമിമാരുടെ പല പ്രഗത്ഭ രചനങ്കളെയും ഉന്മൂലം ചെയ്യുകയുണ്ടായി. (പേജ്-65)
പുരാതന ഗ്രീസിലെ ലോകഗുരുക്കളുടെ രചനകള്‍ സംരക്ഷിക്കുക മാത്രമല്ല മറഞ്ഞു കിടന്നവയെ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അരബികള്‍ ഉത്സാഹം കാണിച്ചു. പ്ലേറ്റോ, അരിസ്റ്റോട്ടില്‍, യൂക്ലിഡ്, അപ്പോളോനിയസ്, ടോളമി, ഹിപ്പോക്രാറ്റ്സ്,ഗാലന്‍ തുടങ്ങിയ പ്രമുഖരുടെ കൃതികള്‍ ആധുനിക യൂറോപ്പിന്റെ പിതാക്കള്‍ക്കുപോലും ലഭ്യമായത് അറബി ഭാഷയില്‍ മാത്രമായിരുന്നു. അറബികള്‍ ഇവക്കെല്ലാം പണ്ഡിതോചിതമായ വ്യാഖ്യാനവും നല്‍കിയിരുന്നു. ആധുനിക യൂറോപ്പ് അറബികളില്‍ നിന്നും ഔഷധവിദ്യയും ഗണിത ശാസ്ത്രവും മാത്രമല്ല ജ്യോതിശാസ്ത്രവും പഠിച്ചു.
ദൂരദര്‍ശിനിപോലെയുള്ള ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അറബ് ചിന്തകന്മാര്‍ ഭൂമിയുടെ യഥാര്‍ത്ഥ പരിധിയും വ്യാപ്തിയും കണക്കു കൂട്ടുക മാത്രമല്ല ചെയ്തത്, ഭൂമിയെ ചുറ്റുന്ന ഗ്രഹങ്ങളുടെ എണ്ണവും സ്ഥാനവും വരെ നിര്‍ണ്ണയിച്ചു.
ജ്യോതിഷം യഥാര്‍ത്ഥ ജ്യോതിശാസ്ത്രത്തിനു മുമ്പില്‍ വഴി മാറിക്കൊടുക്കാന്‍ നിര്‍ബന്ധിതമായി. (പേജ്-66)
ബോട്ടണി വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിച്ചിരുന്നുവെങ്കിലും ഡിയക്കോറൈസസ് എന്ന അറബ് പണ്ഡിതന്‍ 2000 ഇനം ചെടികളെ വര്‍ഗ്ഗീകരിച്ച് പട്ടികയുണ്ടാക്കിയതോടെ ഒരു പുതിയ ശസ്ത്ര ശാഖയുടെ പിറവി തന്നെയാണു സംഭവിച്ചത്.
കെമിസ്ട്രി ഒരു ഒരു ശാസ്ത്രവിഷയമെന്ന നിലയില്‍ അതിന്റെ ആവിര്‍ഭാവത്തിനും പ്രഥമഘട്ട വികാസത്തിനും ഏറെ കടപ്പെട്ടിരിക്കുന്നത് അറബികളോടാണ്. അവാരാണാദ്യമായി ദ്രാവകങ്ങള്‍ ഡിസ്റ്റല്‍ ചെയ്യുന്നതിനുള്ള പാത്രം കണ്ടു പിടിച്ചത്.
ആസിഡുകളെന്നും ആല്‍ക്കലികളെന്നും ദ്രാവകങ്ങളെ വേര്‍ത്തിരിച്ചതും അവയുടെ പരസ്പര ബന്ധം ആദ്യമായി മനസ്സിലാക്കിയതും അവരായിരുന്നു. ദ്രാവകങ്ങളില്‍ അന്തര്‍ലീനമായിരുന്ന രാസപദാര്‍ത്ഥങ്ങളെ വേര്‍ത്തിരിച്ചെടുത്ത് വിലപ്പെട്ട ഔഷധങ്ങളാക്കി മാറ്റുവാന്‍ അവരുടെ ഈ പരിശ്രമത്തിനു കഴിഞ്ഞു എന്ന കാര്യം ഗിബ്ബണ്‍ തന്റെ ചരിത്ര പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.( പേജ്-67)
അല്‍കന്‍ഡി( Al Kandi ) ആയിരുന്നു ആദ്യകാല തത്ത്വചിന്തകരില്‍ പ്രമുഖന്‍. സ്വതന്ത്ര ചിന്തകരായിരുന്ന അബ്ബാസൈദികളുടെ തലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം, തത്വ ചിന്ത കേവലം അനുമാനങ്ങളില്‍ അധിഷ്ടിതമയാല്‍ പോരെന്നും, അത് ഗണിതശാസ്ത്ര തത്വങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയാവണമെന്നും ആദ്യം വാദിച്ചത് ഇദ്ദേഹമായിരുന്നു. (പേജ്-71)
അടുത്തതായി പരാമര്‍ശം അര്‍ഹിക്കുന്നത് അല്‍ ഫറാബിയാണ്. ഇദ്ദേഹം ഡമസ്കസിലും ബഗ്ദാദിലും പഠിപ്പിച്ചിരുന്നു. അരിസ്റ്റോട്ടിലിന്റെ കൃതികളെ കുറിച്ച് ഇദ്ദേഹം എഴുതിയ വിമര്‍ശനം നൂറ്റാണ്ടുകളോളം ആധികാരിക രേഖയായിരുന്നു.
10-ം നൂറ്റാണ്ടിന്റെ അവസാന പകുതിയിലാണ് അവിസിന്നാ രംഗത്ത് വരുന്നത്. അദ്ദേഹം ഗണിതശാസ്ത്രത്തെയും ഊര്‍ജ്ജതന്ത്രത്തെയും കേന്ദ്രീകരിച്ച് ഒട്ടേറെ രചനകള്‍ നടത്തി. 16 )ം നൂറ്റാണ്ട് വരെയും യൂറോപ്പിലുട നീളം അവിസിന്നായുടെ കൃതികള്‍, വൈദ്യ ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠന പുസ്തകമായിരുന്നു.
ഒരു ശാസ്ത്ര പ്രതിഭയായിരുന്നു അല്‍ ഹസ്സന്‍ , കാഴ്ചശേഷിയെ കുറിച്ചുള്ള പഠനമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വിഷയം. അദ്ദേഹം ഗ്രീക്കു കാരില്‍ നിന്നാണത് അഭ്യസിച്ചത്. പക്ഷേ ഈ വിഷയത്തില്‍ ഗ്രീക്കുകാര്‍ പോയതിനൊക്കെ വളരെ അപ്പുറത്തേക്ക് പോകുവുകയുണ്ടായി. അദ്ദേഹം അവരുടെ പല തെറ്റുകളും തിരുത്തി. പ്രകാശ രശ്മികള്‍ പുറപ്പെടുന്നത് കണ്ണില്‍ നിന്നാണെന്നാണ് ഗ്രീക്കുകാര്‍ പഠിപ്പിച്ചിരുന്നത്. ശരീരശാസ്ത്രപരമായും, ക്ഷേത്രഗണിത നിയമപ്രകാരവും പ്രകാശരശ്മികള്‍ നമ്മുടെ കാഴ്ച്ചക്ക് വിധേയമാവുന്ന പദാര്‍ത്ഥത്തില്‍ തട്ടി പുറപ്പെട്ട് കണ്ണിന്റെ റെറ്റിനയില്‍ തട്ടി സംഘട്ടനം സൃഷ്ടിക്കുമ്പോഴാണ് കാഴ്ച എന്ന പ്രതിഭാസം സംഭവിക്കുന്നതെന്ന് അല്‍ ഹസ്സന്‍ തെളിയിച്ചു. (പേജ്-73)
അറബ് ചിന്തകന്മാരുടെ ഗതകാല പഠിപ്പിക്കലുകലില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് യൂറോപ്പിലാകെ നൂതനചിന്തകള്‍ പടര്‍ന്നു പന്തലിച്ചു. പിന്നീറ്റ് വന്ന നാനൂറു വര്‍ഷങ്ങലില്‍ യൂറോപ്പിലെ ശാസ്ത്രീയ ചിന്താരംഗത്ത് മേധാവിത്വം പുലര്‍ത്തിയത് ഈ ആശയങ്ങളായിരുന്നു.
കാട്ടിപ്പരുത്തി
യാത്രാമൊഴിയുടെ പോസ്റ്റിലുടനീളം വൈരുദ്ധ്യങ്ങളാണ്. ഒരു ഭാഗത്ത്
ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്ത രീതിയില്‍ എന്തോ ഒന്ന് ഇസ്ലാം മതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു-
എന്ന് പറയുന്നു. മറു ഭാഗത്ത്
എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗ്രീക്കുവിജ്ഞാനത്തിന്റെ നിധികള്‍ കണ്ടെത്തിയ ചില ഖലീഫമാര്‍ നിരവധി പണ്ഡിതന്മാരെ നിയമിച്ചു ഗ്രീക്ക് വിജ്ഞാനത്തെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതോടെ ഇസ്ലാമിക് രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ തിരി തെളിയുവാന്‍ തുടങ്ങുന്നു. തല്‍ഫലമായി മധ്യകാല ഇസ്ലാം പ്രാചീന ഗ്രീക്ക് ശാസ്ത്രത്തിന്റെ മുഖ്യ അവകാശികളാകുകയും, തുടര്‍ന്ന് വന്ന അഞ്ചു നൂറ്റാണ്ടുകളോളം (800-1300 CE ) അന്നത്തെ നിലയില്‍ മിക്ക ശാസ്ത്രമേഖലകളിലും നേതൃസ്ഥാനത്ത് എത്തുകയും ചെയ്തു. ഈ കാലഘട്ടത്തെയാണ് ഇസ്ലാമിക് രാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ സുവര്‍ണകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നതു
എന്നും പറയുന്നു.
ഇതെങ്ങിനെ സാധ്യമാകും - ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്തവരെന്തിനു സ്വന്തം നാട്ടില്‍ അടിച്ചോടിക്കപെട്ട ശാസ്ത്രജ്ഞര്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കണം.
ചരിത്രകാരെ യൂറോപിയന്‍ - മുസ്ലിം എന്നെല്ലാം വിഭജിക്കാമെങ്കിലും യൂറോപ്യന്‍ ചരിത്രകാരിലെ നിഷ്ക്ഷരില്‍ നിന്നാണ് മുസ്ലിം ലോകത്തെ കുറിച്ച് സത്യസന്ധമായ വിവരം പുറം ലോകമറിയുന്നതെന്നാനു സത്യം. ഗിബ്ബണെ പോലെയുള്ളവര്‍ ഉദാഹരണം.
ലോകമെങ്ങും വിപ്ലവകരമായ മാറ്റത്തിന് ഹേതുവായ ആധുനികശാസ്ത്രവിപ്ലവത്തിന് ഉദയം കുറിച്ചത് ഇസ്ലാമിക്‌ രാജ്യങ്ങളിലായിരുന്നില്ല മറിച്ച് യൂറോപ്പിലായിരുന്നു. സുവര്‍ണ കാലത്തിനു ശേഷം ഈ രാജ്യങ്ങളില്‍ ശാസ്ത്രം പടിപടിയായി ഇരുട്ടിലേക്ക് നടന്നു കയറുകയായിരുന്നു. അല്ലെങ്കില്‍ ഇരുട്ടിലേക്ക്‌ ആട്ടിയകറ്റുകയായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ?
ഇത് നല്ലയൊരു ചോദ്യമാണ് അതിന്നുള്ള എന്റെ ചില നിഗമനങ്ങള്‍ അടുത്ത പോസ്റ്റിലാകാം

11 comments:

[Shaf] said...

കാട്ടിപരുത്തിയുടെ ഈ ഉദ്യമത്തെ ആദ്യം തന്നെ പ്രശംസിക്കട്ടെ...
യാത്രമൊഴിയുടെ ആ പോസ്റ്റുകളിൽ ഇടപെടലുകൽ നടത്തിയിട്ടില്ലെങ്കിലും സസൂക്ഷം വായിക്കുകയും തുടർന്നുള്ള സംവാദങ്ങളും ശ്രദ്ധിച്ചിരുന്നു..അതുതന്നെ ഇവിടേയും തുടരുന്നു ..:)പഠിത്തം കഴിഞു മതി ഇടപെടൽ,‘പ്രവാസജീവിതത്തിലെ സമയ ദൌർലഭ്യം‘ എന്നതിനുള്ളിൽ ഞാൻ ഒളിക്കുന്നു..

ഭായി said...

വളരെ പ്രസക്തമാണ് താങ്കളുടെ നിരീക്ഷണം!
അഭിനന്ദനങള്‍.

സുല്‍ |Sul said...

ഈ ഉദ്ദ്യമം പ്രശംസനീയം. തുടരട്ടെ.

കുമാരന്‍ | kumaran said...

അഭിനന്ദനങള്‍!

ചിന്തകന്‍ said...

വളരെ നല്ല ശ്രമം ....അഭിനന്ദനങ്ങള്‍

ശിഹാബ് മൊഗ്രാല്‍ said...

കാട്ടിപ്പരുത്തി, വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
കിന്തി ,
ഫാറാബി ,
അവിസെന്ന തുടങ്ങിയവര്‍ തത്വശാസ്ത്രരംഗത്ത് തങ്ങളുടേതായ, ഉന്നതമായ സംഭാവനകളര്‍പ്പിച്ചവരാണല്ലേ.
ജാബിറ് ബിന്‍ ഹയ്യാനിന്റെ
ചരിത്രം വായിക്കാനേറെയുണ്ട്.
അങ്ങനെ എത്രയെത്ര...

അറിവും ചിന്തയും വര്‍ദ്ധിക്കുന്നത് ദൈവത്തെ നിഷേധിക്കാനും, പിന്നെ ദൈവമതത്തെ ഇകഴ്ത്തിക്കാട്ടാനും കാരണമാകുന്നത് ഒരു പുതിയ കാഴ്ച്ചയല്ല. എന്നാല്‍ ഇവിടെയൊക്കെ സത്യത്തിനു നേരെ കണ്ണുകള്‍ ഇറുക്കിയടയ്ക്കുന്നതാണ്‌ ഖേദകരം. വായനയെക്കുറിച്ചും അറിവിനെക്കുറിച്ചുമുള്ള പ്രദിപാതനത്തിനു ശേഷം, മനുഷ്യന്‍ സ്വയം‌ പര്യാപ്തതയില്‍ ധിക്കാരികളായിത്തീരുന്നുവെന്ന് ഇതേ ഖുര്‍‌ആനില്‍തന്നെ സൂചിപ്പിക്കുന്നുണ്ട്.

sherriff kottarakara said...

ചരിത്രം നിഷ്പക്ഷമായിരിക്കണം, അതു സത്യസന്ധവുമാകണം . താങ്കളുടെ ഉദ്യമം ആ വഴിയിലൂടെയാണു. അഭിനന്ദനങ്ങൾ.

യാത്രാമൊഴി said...

കാട്ടിപ്പരുത്തിക്കുള്ള മറുപടി ഞാന്‍ ഒരു കമന്റായി എന്റെ പോസ്റ്റില്‍ തന്നെയിടുന്നു.

പാവപ്പെട്ടവന്‍ said...

ഈ ചരിത്രം യാത്രകള്‍ ശരിക്കും ഹൃദ്ദ്യം ആശംസകള്‍

ഭൂതത്താന്‍ said...

കൊള്ളാം നിരീക്ഷണങ്ങള്‍

NCF 4 U said...

ഇസ്ലാമിനെ താറടിച്ചു കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അവര്‍ക്ക് പരിമിതമാണെങ്കിലും ഉള്ള അറിവില്‍ നിന്ന് ഒരു മറുപടി നല്‍കണമെന്ന് ചിന്തിച്ചിരുന്നു ....എന്നാല്‍ താങ്കള്‍ നല്‍കിയ മറുപടികള്‍കപ്പുറം എനിക്ക് നല്കനോന്നുമില്ല എന്ന് തിരിച്ചറിയുന്നു.....വസ്തുനിഷ്ഠവും ആത്മാര്‍ത്ഥവും സത്യസന്ദവുമായ നിരീക്ഷണമാണ് താങ്കള്‍ നടത്തിയിരിക്കുന്നത്.....അഭിനന്ദനങ്ങള്‍...ദൈവം അനുഗ്രഹിക്കട്ടെ.....