Sunday, June 21, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-7

ആരോപണം
ജബ്ബാര്‍ എഴുതുന്നു.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം.
ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
മറുപടി
ഖുര്‍‌ആനിലെ ഈ ആയത്തുകളെ നമുക്കു വിശകലനം ചെയ്യാം
9. നീ പറയുക: രണ്ടു ദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.
10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍
11. പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.
12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.( അദ്ധ്യായം 41-ഫുസിലത്ത്)
ഇവിടെയെവിടെയും എട്ടു ഘട്ടങ്ങളിലായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് പറഞ്ഞിട്ടില്ലല്ലോ? രണ്ടും രണ്ടും എന്ന് കേള്‍ക്കുമ്പോഴേക്ക് കൂട്ടാന്‍ തുടങ്ങിയാലോ? ചിലപ്പോ കിഴിക്കേണ്ടി വരികയും ചെയ്യില്ലേ?
ഒന്നാമതായി ഇതിലെ 11-മത്തെ വാചകം ശ്രദ്ധിക്കുക. അവിടെ ആകാശത്തിലേക്കു തിരിഞ്ഞു എന്നാണ് പറയുന്നത്. സൃഷ്ടിച്ചു എന്നല്ല, അതായത് അവിടെ ആകാശമുണ്ടായിരുന്നു, ആ ആകാശത്തില്‍ നിന്നാണ് ഭൂമിയെ മാറ്റിനിര്‍ത്തുന്നത്. ഇവിടെ ആകാശമല്ല വിഷയം, ഭൂമിയാണ്.
ഉദാഹരണത്തിന്നു ഒരു കമ്പനി ഏഴു ടൌണ്‍ഷിപ്പുകള്‍ ഉണ്ടാക്കുന്നു. അതില്‍ ഒരു ടൌണ്‍ഷിപ്പില്‍ അതിലെ പ്രധാനപ്പെട്ട ഒരു ഓഫീസ് നിര്‍മിക്കുന്നു. മൊത്തം ടൌണ്‍ഷിപ്പ് ഉണ്ടാക്കാനുള്ള കാലാവധി ആറു ഘട്ടമായി 10 കൊല്ലമാണ്. എല്ലാ പണികളും വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരേപോലെ തുടങ്ങിയിട്ടുണ്ട്. അതിലെ ഒരു ടൌണ്‍ഷിപ്പിനെ നമുക്ക് ടൌണ്‍-A അന്നു വിളിക്കാം.
ടൌണ്‍-A യില്‍ ഒരു പ്രധാന ഓഫീസിന്റെ നിര്‍മാണം നാലു വര്‍ഷത്തിന്നു ശേഷം ആരംഭിക്കുന്നു. ഈ ഏഴു ടൌണ്‍ഷിപ്പുകളും ഉണ്ടാക്കുന്നതിന്നിടയില്‍ തന്നെയാണ് A- എന്ന ടൌണ്‍ഷിപ്പും അതിലെ ഓഫീസും ഉണ്ടാക്കുന്നത്. പ്രധാന ഓഫീസിന്റെ സ്റ്റ്രക്‍ചര്‍ പൂര്‍ത്തിയാക്കുന്നത് രണ്ട് ഘട്ടമായി രണ്ടു മാസം കൊണ്ടാണ്. അപ്പോഴും മറ്റു ടൌണ്‍ഷിപ്പുകളുടെ ജോലി നടക്കുന്നുണ്ട്. അതിന്നു ശേഷം അഞ്ചു ഘട്ടമായി 12 മാസം കൊണ്ടാണ് അതിന്റെ മിനുക്കുപണികളെല്ലാം ശരിയാവുന്നത്. അതിന്നു ശേഷം ഒരു വര്‍ഷമെടുത്തു എല്ലാ ടൌണ്‍ഷിപ്പുകളും പൂര്‍ത്തിയാവാന്‍. നമുക്ക് പറയാന്‍ കഴിയും മൊത്തം ടൌണ്‍ഷിപ്പ് ഉണ്ടാക്കാന്‍ 6 ഘട്ടമായി എന്നു.അതോടൊപ്പം തന്നെ ഓഫീസ് ഉണ്ടാക്കാന്‍ ഏഴു ഘട്ടമെടുത്തെന്നും.
ഇതിലെന്താണ് അശാസ്ത്രീയത. ഇവിടെ ഒരിടത്ത് സമയം വര്‍ഷമാണെങ്കില്‍ മറ്റൊരിടത്ത് മാസമാണ്.
ഇതിന്നു പുറമെ ഭൂമിയെ സൃഷ്ടിച്ചു കഴിഞ്ഞതിന്നു ശേഷം അകാശങ്ങളെ സൃഷ്ടിച്ചു എന്നു പറയാത്തിടത്തോളം ഒരേസമയമെന്നു വ്യാഖ്യാനിച്ചാലും നമുക്ക് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നു. അകാശങ്ങളില്‍ നിന്നല്ല ഭൂമിയെ മാറ്റി നിര്‍ത്തുന്നത്. അകാശത്തില്‍ നിന്നാണ്. സമാഉദ്ദുനിയയില്‍ നിന്ന്. 12-മത്തെ ആയത്തില്‍ ഏഴാകാശത്തെ പൂര്‍ത്തിയാക്കുന്ന കാര്യമാണ് പറയുന്നത്, അതെല്ലാതെ പുതുതായുണ്ടാക്കുകയല്ല. മാത്രമല്ല, ഓരോ അകാശവും വെവ്വേറെ എന്നും അതില്‍ സമാഉദ്ദുനിയയെ നമുക്ക് കാണാന്‍ കഴിയാവുന്ന ആകാശമെന്നും വ്യക്തമാക്കുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമല്ലാതെ എങ്ങിനെ 1400 കൊല്ലങ്ങള്‍ക്കു മുമ്പ് വിശദീകരിക്കാന്‍ കഴിയും, ഖുര്‍‌ആനിന്റെ മൌലികത തന്നെയാണിത്, കാലങ്ങളോട് സംവദിക്കുവാനുള്ള കഴിവ്.
എന്നാല്‍ 11-മത്തെ ആയത്തില്‍ ആകാശമെന്ന ഏകവചനം മാത്രമാണുപയോഗിക്കുന്നത്. ഭൂമി ആകാശങ്ങളില്‍ നിന്നല്ല മാറ്റപ്പെടുന്നത്, ആകാശത്തുനിന്നു മാത്രമാണ്.
ഖുര്‍‌ആനില്‍ യൌം എന്നല്ലാതെ നിശ്ചിതഘട്ടങ്ങളെന്നു കാണാനില്ല, ശാസ്ത്രലോകത്തുപോലും ഇങ്ങിനെ ഘട്ടങ്ങളെ വ്യ്ത്യസ്ത സമയബന്ധിത ഘട്ടങ്ങളാക്കി തരംതിരിക്കുന്നത് നാം വളരെ വിശദമായി വിശദീകരിച്ചതും.
കൂടാതെ മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറയുന്നതിങ്ങനെയാണ്.
57. തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ്‌ മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. ( അദ്ധ്യായം 40. മുഅ്മിന്‍)
പുതിയ വിവരങ്ങള്‍ ശാസ്ത്രം നമുക്കു നല്‍കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത് ഖുര്‍‌ആനിന്റെ ദൈവീകതയാണ്, അതിനാല്‍ ശാസ്ത്രം ഇനിയും പുരോഗമിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. യുക്തിവാദികള്‍ക്കതത്ര അരോചകമാണെങ്കിലും ശരി.

Saturday, June 20, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-6

(അതിനു മുമ്പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു (11:7)
രണ്ടാമത്തതിന്നുള്ള മറുപടി
ഇതില്‍ തന്നെ രണ്ടുകാര്യങ്ങള്‍ കടന്നു വരുന്നു. സിംഹാസനവും വെള്ളവും.
അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസങ്ങളില്‍ ഏറ്റവും പ്രധാനമായത് അള്ളാഹുവിനെ കുറിച്ച്, അവന്റെ സത്തയെ കുറിച്ചും ഗുണവിശേഷങ്ങളെ കുറിച്ചും അവനറിയിച്ചു തന്നതല്ലാത്തതൊന്നും തന്നെ അതില്‍ കൂടുതലായോ കുറവായോ വിശദീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നത് അവനെ കുറിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പെട്ട്താണ് . ഒന്ന് വിശദീകരിക്കുകയാണെങ്കില്‍ അല്ലാഹുവിനെ കുറിച്ചും അവനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നമുക്ക് നമ്മുടെതായ ഒരു ചിത്രവും വ്യാഖ്യാനവും പാടില്ല . കാരണം നാമുണ്ടാക്കുന്ന എല്ലാ ഭാവനകളും നമ്മുടെ പരിധിയിലൊതുങ്ങുന്നതാവും. നമ്മുടെ പ്രാപഞ്ചികമായ പരിമിതിയില്‍. അല്ലാഹുവാകട്ടെ നമ്മുടെ പ്രപഞ്ചത്തിനു മാത്രമല്ല, അതുപോലെയുള്ള ഏഴുപ്രപഞ്ചങ്ങള്‍ക്കുമതീതനാണ്.
അള്ളാഹുവിനെ കുറിച്ച് ഏറ്റവും പ്രാഥമികമായത് അവനെ പ്പോലെ മറ്റോന്നുമില്ല എന്നതാണ്. അതായത് നമുക്ക് എങ്ങിനെ ചിന്തിച്ചെടുത്താലും അവന്റെ ഒരു രൂപം ഉള്‍കൊള്ളാന്‍ ആവുകയില്ല.
കണക്കിലെ ഒരു സൂത്രവാക്യമാണ് if a=b then b=a
അതായത് ഒന്നും ഒന്നും രണ്ടാണെങ്കില്‍ രണ്ടെന്നത് ഒന്നും ഒന്നുമാണ്.
ഒന്നും ഒന്നുമെന്നത് രണ്ടെല്ലാത്തതൊന്നുമല്ല എന്നു പറയുമ്പോള്‍ രണ്ടെല്ലാത്തതൊന്നും തന്നെ ഒന്നും ഒന്നില്‍ നിന്നുമാവില്ലെന്നുമാകുന്നു.
അല്ലാഹുവിനെ കുറിച്ച് നമുക്കൊരിക്കലും ചിന്തയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നു പറയുമ്പോള്‍ നമ്മുടെ ചിന്ത രൂപപ്പെടുത്തിയെടുക്കുന്നതൊന്നും തന്നെ അല്ലാഹുവാകില്ലെന്നും വരുന്നു.
അതിനാല്‍ വെള്ളം, സിംഹാസനം എന്നെല്ലാം നമ്മള്‍ നമ്മുടെ ചിന്തയിലെ വെള്ളവും നാലുകാലുള്ള സിംഹാസനത്തിലുമായി ഒതുക്കുന്നത് നമ്മുടെ കഴിവുകേടിന്റെ ഭാഗം മാത്രമാണ്. പറഞ്ഞെതെന്തോ അതങ്ങിനെ വിശ്വസിക്കുക. എല്ലാറ്റിന്റെയും ഉത്തരം കിട്ടണമെങ്കില്‍ നാം പ്രപഞ്ചാതീതരാവേണ്ടി വരും. അത് നമ്മുടെ നിസ്സഹായവസ്ഥയാണ്.
കൂടാതെ വെള്ളം എന്ന പദമായ മാ‌അ് എന്നതിന്നു ദ്രാവകം, ഒഴുകുന്നത് എന്നല്ലാം അര്‍ത്ഥമുള്ള ഒരു വാക്കും.
എന്നിരുന്നാലും ഈ പദം എനിക്കു വളരെ അത്ഭുതമുണ്ടാക്കിയ ഒരു വാക്യമാണ്. കാരണം ഭൂമിയെയും ആകാശങ്ങളെയും സൃഷ്ടിച്ചുവെന്നു പലയിടത്തും ഖുര്‍‌ആനില്‍ പലയിടത്തും കാണുമ്പോള്‍ വെള്ളത്തെ കുറിച്ച് പറയുന്ന്ത് മനുഷ്യര്‍‌ക്ക് അനുഗ്രഹമായി ഇറക്കിത്തന്നതായാണ് ഖുര്‍‌ആന്‍ പറയുന്നത്.
നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌ അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത്‌ ( വെള്ളം ) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം ( അല്ലാഹു ) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (സൂറത്തു ത്വാഹ-53)
‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------
അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌ (സൂറത്തു നഹല്‍-65)
ഇവിടെയെല്ലാം ആകാശത്തുനിന്നും ഭൂമിയിലേക്ക് അല്ലാഹുവിന്റെ ഒരനുഗ്രഹമായി ഇറക്കിയതായാണ് വെള്ളത്തെ പരിചയപ്പെടുത്തുന്നത്.
മാത്രമല്ല 1996-ല്‍ നാസ ചൊവ്വയിലേക്കു പാത്ത്ഫൈന്റര്‍ എന്ന ബഹിരാകാശപേടകത്തെ വിക്ഷേപിച്ചപ്പോള്‍ ഒരു പ്രധാന ദൌത്യം ചൊവ്വയില്‍ വെള്ളമുണ്ടോ എന്നു നിരീക്ഷിക്കുക കൂടി ആയിരുന്നെന്നു നാം വായിക്കുന്നു. ചൊവ്വയില്‍ ജീവന്റെ അംശമുണ്ടോ എന്ന് അറിയുവാനായിരുന്നിത്. മറ്റൊരു ഭാഷയില്‍ വെള്ളം ജീവന്റെ ഒരു അടയാളമായാണ് ശാസ്ത്രലോകം കാണുന്നത്.
ഇവിടെ അല്ലാഹുവിന്റെ അര്‍ശ് ( സിംഹാസനം എന്നു നമ്മളര്‍ത്ഥം കൊടുത്തപദം) വെള്ളത്തിന്നു മുകളിലായിരുന്നുവെന്നു പറയുന്നവര്‍ ജീവന്റെ ഒരു പ്രതിഭാസമായ വെള്ളം ഏഴു പ്രപഞ്ചങ്ങള്‍ക്കുമുപരി ജീവനുള്ള അല്ലാഹുവിന്റെ സമീപമുള്ള ഒരു വസ്തുതയാണെന്ന് ഖുര്‍‌ആന്‍ വെളിപ്പെടുത്തുന്നതിനെ കുറിച്ചെന്തു പറയുന്നു.
ഖുര്‍‌ആനിലെ ഏറ്റവും പ്രധാനമായ സൂക്തങ്ങളിലൊന്നായ ആയത്തുല്‍ ഖുര്‍സിയ്യ് എന്നറിയപ്പെടുന്ന സൂക്തത്തില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് എങ്ങിനെയെന്നു നോക്കാം.
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെഅറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെഅധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ (ആയത്തുല്‍ കുര്‍സിയ്യ്- സൂറത്തുല്‍ ബഖറ-255)
എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിന്റെ അനുഗ്രഹമായി ഭൂമിയിലേക്കു വന്ന വെള്ളവും കുടിച്ച് അവന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരോടെന്തു പറയാന്‍.
ഇവര്‍ക്കുള്ള മറുപടി വിശുദ്ധ ഖുര്‍‌ആന്‍ 1400 വര്‍‌ഷങ്ങള്‍ക്കു മുമ്പ് നല്‍കിയിട്ടുണ്ട്- ജബ്ബാര്‍ ആദ്യത്തില്‍ തന്നെ എടുത്തു കൊടുത്ത ഖുര്‍‌ആന്‍ സൂക്തമുണ്ടല്ലോ- അത് പകുതി മുറിച്ചര്‍ത്ഥം പറഞ്ഞതാണ്- അതിന്റെ പൂര്‍‌ണ്ണരൂപമിങ്ങനെ. ( അറബിയില്‍ അതിന്റെ മുഴുവന്‍ കൊടുത്തിട്ടുണ്ടായിരുന്നു)
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവന്‍റെ അര്‍ശ്‌ ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ്‌ കര്‍മ്മം കൊണ്ട്‌ ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന്‌ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന്‌ ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌ എന്ന്‌ നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത്‌ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. (സൂറത്തുല്‍ ഹൂദ്- 7)
ഇതെല്ലാം പറഞ്ഞാലും ജബാറിനെപ്പോലെയുള്ളവര്‍ പറയും ഇതൊരു മുഹമ്മദ് കട്ടെടുത്ത് അന്നത്തെ ബുദ്ധിലെഴുതിയതാണെന്ന്.
അപ്പോള്‍ ജബ്ബാറിന്റെ ആ വെള്ളമങ്ങ് അടുപ്പത്തുനിന്നും മാങ്ങി വെച്ചോട്ടെ.
തുടരും............

Thursday, June 18, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-5

ഇനി നമുക്ക് ജബ്ബാറിന്റെ ഓരോ വിമര്‍ശനങ്ങളെയും പരിശോധിക്കാം.
ജബ്ബാറിന്റെ വിമര്‍ശനങ്ങളുടെ ഒരു സ്വഭാവം കുറെയേറെ കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ കടത്തിവിടുക എന്നതാണ്. സാധാരണ ഒരു കമെന്റിലൂടെ മറുപടി നല്‍കാന്‍ ശ്രമിച്ചാല്‍ പിന്നെയും കുറെ ബാക്കിയുണ്ടാവും. അതിന്നിടയില്‍ പുതിയ പോസ്റ്റുമിടും. ഒരു എ.കെ.47 കൊണ്ട് തുരുതുരെ വെടിവക്കുന്ന രീതി. എവിടെയെങ്കിലും കൊള്ളുമെന്ന കണക്കുകൂട്ടലില്‍. അതിനാല്‍ ഓരോ ആരോപണങ്ങളെയുമെടുത്ത് നമുക്കു പരിശോധിക്കേണ്ടി വരുന്നു. കൂടാതെ നിര്‍മാണമെന്നത് (construction ) നശീകരണത്തെപ്പോലെ അത്ര വേഗത്തിലാവില്ല. ഒരു വീടുണ്ടാക്കാന്‍ വര്‍ഷങ്ങളെടുക്കും. പൊളിക്കാന്‍ അത്ര പണിയില്ലല്ലോ.
ആരോപണം-1
ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്: وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ And He it is Who created the heavens and the earth in six days, the first of which was Sunday and the last, Friday — and His Throne, before creating them, was upon the water, borne by the winds — that He might try you (li-yabluwakum is semantically connected to khalaqa, ‘He [Who] created’), in other words, He created them and all that is beneficial and good for you in them, in order to test you: which of you is best in conduct, that is, [which of you] is most obedient to God. And if you were to say, O Muhammad (s), to them: ‘Truly you shall be raised again after death’, those who disbelieve will say, ‘This, Qur’ān that speaks of resurrection — or, [this] that you are saying — is nothing but manifest, clear, sorcery’ (sihrun: a variant reading has sāhirun, ‘sorcerer’, in which case the reference is to the Prophet (s). [Tafsir al-Jalalayn, trans. Feras Hamza] وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ “ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7] ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2) ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്. “ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)
ഖുര്‍‌ആനിലെ ഒരു കാര്യം വ്യഖ്യാനിക്കുമ്പോള്‍ മുസ്ലിങ്ങള്‍ മുഖവിലക്കെടുക്കുന്ന ഒരു സാമാന്യതത്വമുണ്ട്. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല എന്നതാണ്. അതായത് ഒരാളുടെ വ്യാഖ്യാനത്തില്‍ അയാളുടെ മനപ്പൂര്‍വമല്ലാത്ത ഏതെങ്കിലുമൊരു ഭാഗം പ്രവാചകനിലൂടെ വന്നതല്ലാ എന്ന് വരികയും അത് സ്വീകാര്യമല്ലാതാവുകയുമാണെങ്കില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ പ്രവാചകനിലൂടെ സ്ഥിരപ്പെട്ടതാകട്ടെ നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഒരു വിധത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതുമാണ്.
പ്രവാചക വചനങ്ങളെയും ചര്യകളെയും കുറിക്കുവാനുപയോഗിക്കുന്ന പദം ഹദീസ് എന്നാണ്. ഇനി ഹദീസ് എന്ന പദമാണ് ഞാന്‍ ഉപയോഗിക്കുക. പ്രവാചകനില്‍ നിന്നു തന്നെ എന്നുറപ്പു വരുത്തിയ ഹദീസുകളെ നമുക്കു കണക്കിലെടുക്കേണ്ടതുള്ളൂ എന്നര്‍ത്ഥം.
മുകളില്‍ കൊടുത്ത ജലാലൈനിയിലെ വ്യാഖ്യാനത്തിലെ ദിവസങ്ങള്‍ തിരിച്ച സൃഷ്ടികഥനം ഹദീസുകളില്‍ ഉള്ളതല്ല. ഒരു സഹീഹായ ഹദീസുകളിലും ഇങ്ങിനെ ഒരു ചരിത്രം പഠിപ്പിക്കുന്നില്ല.
ഇതിലെ മറ്റൊരു വസ്തുത ദിവസം എന്നത് തന്നെ ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷം ഉണ്ടാകുന്ന ഒരു സംഭവമാണ്. എന്നാലോ ബുഖാരി എന്നെഴുതി മുകളില്‍ കൊടുത്ത ഹദീസിനെ മുസ്ലിങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നു.
വ്യാഖ്യാനങ്ങള്‍ ഖുര്‍‌ആനു സമമായി ഒരു മുസ്ലിമും കരുതുന്നില്ല, അതിനാല്‍ ഒരു വ്യഖ്യാതാവിന്റെയും അറിവിന്റെ പരിമിതിയെ ഖുര്‍‌ആനിന്റെ പരിമിതി ആകുന്നില്ല. അത് ജലാലൈനി ആയാലും മൌദൂദിയുടെ ആയാലും.
മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു. “അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]
ഇത് എവിടെനിന്നും കിട്ടി എന്ന് ആരോപണമുന്നയിച്ച ആള്‍ ധാര്‍മികത എന്നത് യുക്തിവാദികള്‍ക്കു ബാധകമാണെങ്കില്‍ ഒന്ന് പറഞ്ഞു തരണം. ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിവച്ച് വിമര്‍ശിക്കുന്ന രീതി ശരിയല്ലല്ലോ.
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ “ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]
എന്ന വാക്യത്തില്‍ രണ്ട് കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു.
1. ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു.
2.( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു.
ഒന്നാമത്തെതിന്ന് മറുപടി
അറബിയില്‍ യൌം (Yaum) എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. യൌം എന്നതിന്നു ദിവസം എന്നും കാലഘട്ടമെന്നും (Age) അര്‍ത്ഥം വരുന്നു. അതായത് 24 മണിക്കൂര്‍ ഉള്‍കൊള്ളുന്ന ഒരു നിശ്ചിത സമയം മാത്രമല്ല യൌം എന്ന വാക്കില്‍ ഉള്‍കൊള്ളിക്കാവുന്നത്. അത് ഓരോ യൌമും ഒരേ അളവാകണമെന്നുമില്ല. ഇത് പ്രപഞ്ചത്തിന്റെ ചരിത്രം നാം വിശകലനം ചെയ്യുമ്പോള്‍ ഇതേരീതി പിന്തുടര്‍ന്നത് നാം കണ്ടതാണ്.
ഇനി ഞാന്‍ അറബിക് പദങ്ങളെ കൊണ്ടുള്ള ഒരു കസര്‍ത്ത് നടത്തുകയാണെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് ആയ എഡ്വാര്‍‌ഡ് വില്യം ലയിനിന്റെ അറബിക് ലക്സികോണ്‍ നോക്കാവുന്നതാണ്. അതില്‍ യൌം എന്നതിന്നു കൊടുത്ത അര്‍ത്ഥങ്ങള്‍ നോക്കുക. ഏറ്റവും നല്ല അറബിക് ഇംഗ്ലീഷ് ശബ്ദതാരാവലി എന്നറിയപ്പെടുന്നത് മുസ്ലിങ്ങള്‍ എഴുതിയതല്ല, മറിച്ച് ലയിനിന്റെതാണ്.

Ya-Waw-Miim = day, era, time, today, this/that day, age/period of time, rising of the sun till it's resting, accident or event.

yawm n.m. (pl. ayyam)

ബിഗ്ന്ബാംഗിനു ശേഷമുള്ള ഹാഡ്രോനിക് എയ്ജ് (Hadronic Age) ഒരു സെകന്റിനെ പതിനായിരം ഭാഗമാക്കിയതില്‍ ഒരംശമാണെങ്കില്‍ സ്റ്റാര്‍ എയ്ജ് (Star Age) ആയിരം കോടി പ്രകാശവര്‍ഷത്തിന്നു മുകളിലാണ്. നമ്മുടെ പുതിയ അറിവുകള്‍ പോലും കാലത്തെ വിശദീകരിക്കാന്‍ വളരെ ദൈര്‍‌ഘ്യവ്യത്യാസമുണ്ടെങ്കിലും Age എന്ന പദം തന്നെ ഉപയോഗിക്കുന്നുവെന്നത് ഖുര്‍‌ആനിന്റെ ഈ യൌമിനെ കളിയാക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ആറു യൌമുകള്‍ എന്നതിന്റെ വിശദീകരണം നമ്മുടെ കയ്യിലില്ല, ആറ് എന്നതല്ലാതെ. അതെത്ര വ്യത്യാസം, ഒരോ യൌമും ഒരേ കാലയളവോ അല്ലേ എന്നെല്ലാം ചോദിച്ചിട്ട് കാര്യവുമില്ല. ചോദിക്കുന്നവരെ പോലെ ചോദിക്കപ്പെടുന്നവരും അറിയാത്ത കാര്യങ്ങളാണവ.
നമുക്കൊരു വിവരവുമില്ല. ആറു യൌമുകളിലായി സൃഷ്ടിച്ചു എന്നല്ലാതെ അതിങ്ങനെ ഇത്ര കാലയളവില്‍ എന്ന് ഒരിടത്തും ഒരു സൂചനയുമില്ല, തനിക്കൊരു കാര്യം അറിയില്ല എന്നതിനാല്‍ അതില്ല എന്നു പറയാന്‍ ആവില്ലല്ലോ?
നമ്മുടെ അറിവ് നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ ബോധത്തിന്റെ ഉല്പന്നമാണ്. അതിലെ ഒരു ഇന്ദ്രിയമില്ല എങ്കില്‍ നമ്മുടെ അറിവെത്ര കുറയും എന്നതിന്ന് അന്ധരുടെ ലോകത്തെ ഉദാഹരിച്ചൊരിക്കല്‍ പറഞ്ഞതാണ്. ആവര്‍‌ത്തിക്കുന്നില്ല. മാത്രമല്ല അറിവിന്റെ 80% കാഴ്ച്ചയിലൂടെയാണെന്നത് ശാസ്ത്രവും. അപ്പോള്‍ ഈ ഒന്നാമത്തെ പ്രപഞ്ചത്തെ കുറിച്ചു തന്നെ വളരെ കുറച്ചറിയുന്ന നാം സമാഉദ്ദുനിയ കൂടാതെയുള്ള ആറു ആകാശത്തെ കുറിച്ചറിയില്ലാ എന്നതിനാല്‍ നിഷേധിക്കുന്നത് എത്ര വിഢ്ഢിത്തമാണ്.
എനിക്കു വന്ന കമെന്റിലെ ഒരു ലിങ്കിലൂടെ പോയപ്പോള്‍ കിട്ടിയ ചില ആശയങ്ങള്‍ ശാസ്ത്രലോകത്ത് ഇങ്ങിനെ ഒരു ചര്‍ച്ച സജീവമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ( കമെന്റിട്ട കിച്ചുവിന്നു പ്രത്യേക നന്ദി).
ആറ് യൌമുകളിലായി അകാശത്തെ സൃഷ്ടിച്ചു എന്നല്ല പറയുന്നത്, ആകാശങ്ങളെ എന്നു തന്നെയാണ്. മാത്രമല്ല മറ്റു ഭാഗങ്ങളില്‍ ഈ ആകാശമെന്നത് ഏഴായി നിജപ്പെടുത്തുന്നുണ്ട്.
നമ്മുടെ പ്രപഞ്ചലോകത്തിന്നപ്പുറമുള്ള മറ്റൊരു പ്രപഞ്ചം നമ്മുടെ സങ്കല്‍‌പനത്തില്‍ ഉള്‍കൊള്ളാനാവാത്തത് സൂപര്‍സ്ട്രിങ്ങ് തിയറി എനിക്കു മനസ്സിലാവാത്തതിനാല്‍ അങ്ങിനെ ഒന്നിനു സാധ്യതയില്ല എന്ന് വാദിക്കുന്നത് പോലെയാകും. എനിക്കത്രയേ വിവരമുള്ളൂ എന്ന് ഞാന്‍ കരുതിയാല്‍ തീരുന്ന പ്രശ്നം.
തുടരും....................

Wednesday, June 17, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-4

ഇത്രയും നാം ചര്‍ച്ചചെയ്തത് നമ്മുടെ പ്രപഞ്ചൊത്പത്തിയുടെ അറിവെന്ത് എന്നു വിശകലനം ചെയ്യുവാനായിരുന്നു. ഒരു പ്രസ്ഥാവനയുടെ തുടര്‍ച്ച ഈ രീതിയിലല്ലാതെ കഴിയില്ല എന്നതിനാലാണ് ഇത്ര വിശദീകരിക്കേണ്ടി വന്നത്.
ഇനി പരിശുദ്ധ ഖുര്‍‌ആന്‍ പ്രപഞ്ചോല്‍‌പത്തിയെ കുറിച്ച് എന്തു പഠിപ്പിക്കുന്നു എന്നാണോ? ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഖുര്‍‌ആന്‍ പ്രപഞ്ചോല്‍‌പത്തിയെ കുറിച്ച് ഒന്നും തന്നെ പഠിപ്പിക്കുന്നില്ല . ഖുര്‍‌ആനിന്റെ ദൌത്യം അതല്ല. അത് പറയുന്നത് മനുഷ്യസംസ്കരണവും അതു വഴിയുള്ള ജീവിതമോക്ഷവുമാണ്. പ്രപഞ്ചമെങ്ങിനെ ഉണ്ടായി എന്നറിയാത്ത ഒരാള്‍ക്ക് മോക്ഷത്തിന്റെ വഴി അടഞ്ഞിരിക്കുന്നു എന്ന് വാദിക്കുമ്പോഴല്ലെ ഖുര്‍‌ആന്‍ ഇത് പഠിപ്പിക്കുന്നെന്ന് സമര്‍‌ത്ഥിക്കേണ്ടതുള്ളൂ.
പിന്നെയോ പലകാര്യങ്ങളെ കുറിച്ചും പറയുന്നതിന്നിടയില്‍ ആ വരികള്‍ക്കിടയില്‍ ചില കാര്യങ്ങളെ കുറിച്ച് ചില സൂചനകള്‍ പറഞ്ഞു പോകുന്നുവെന്നു മാത്രം. അങ്ങിനെ പറഞ്ഞു പോയ ചില വാചകങ്ങള്‍ ആകാശത്തെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള പരാമര്‍‌ശങ്ങളില്‍ ചില ശാസ്ത്ര കണ്ടെത്തലുകളുമായി ഒത്തുവരുന്നു എന്നു മാത്രം. ഇത് പറയുമ്പോഴേക്ക് ചിലര്‍ ശാസ്ത്രമെന്നത് തങ്ങളുടെ അപ്പനപ്പൂന്മാരായി കൈവക്കുന്ന തറവാട്ടു സ്വത്താണെന്ന രീതിയില്‍ കുന്തവും കോലുമായി വരും . എന്നിട്ട് അറിയാത്ത കാര്യങ്ങളുമായി തെറിവിളി നടത്തും. എന്നിട്ടതിന്നു വിമര്‍‌ശനമെന്ന് ഓമനപ്പേരുമിട്ടു വിളിക്കും. അങ്ങിനെ വിമര്‍‌ശിക്കപ്പെട്ടവയെ ഒന്നു പരിജയപ്പെടാം.
അതിന്നു മുമ്പ് ഈ പോസ്റ്റില്‍ ഖുര്‍‌ആനിലെ ചില പദങ്ങളെ നിങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവരികയാണ്.
അറബിയില്‍ ആകാശം എന്നര്‍ത്ഥം വരുന്ന പദം സമാ‌അ് (samaaU) എന്നാണ്. അതിന്റെ ബഹുവചനമാകട്ടെ സമാവാത്ത് (Samaavaath) എന്നാണ്. ആകാശങ്ങള്‍ എന്നര്‍ത്ഥം. ഈ രണ്ടു പദങ്ങളും ഖുര്‍‌ആനില്‍ കാണാം, എന്നാല്‍ ഇവ ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ രണ്ടായിട്ടു തന്നെയാണ്. കൂടാതെ സമാഉല്‍ ദുനിയ (Samaa-ul-Duniyaa) എന്ന പദം മൂന്നു പ്രാവശ്യം ഖുര്‍‌ആന്‍ ഉപയോഗിച്ചിട്ടുണ്ട്.
അറബിയില്‍ രണ്ടു പദങ്ങളെ ചേര്‍ത്ത് ഒരു പദമാക്കി മാറ്റുമ്പോളാണ് ഉല്‍ എന്നത് ചേര്‍ക്കുന്നത്.
ഉദാഹരണത്തിന്നു ബൈത്തുല്‍ മാല്‍ (ബൈത്ത്-വീട് : മാല്‍- ധനം : ധനം കൈകാര്യം ചെയ്യുന്ന സ്ഥാപനം).
മസ്ജിദ് ഉല്‍ ഹറം ( മസ്ജിദ്- പള്ളി : ഹറം- പവിത്രമായ :- പവിത്രമായ പള്ളി)
അത് പോലെ സമാ‌അ്-ആകാശം(ഏകവചനമാണ്) എന്നതും ദുനിയ എന്ന ഇഹലോകം എന്നതും ചേര്‍ന്നതാണ് സമാ‌അ് ഉല്‍ ദുനിയ് ( ഇത് ഉച്ചരിക്കുന്നത് സമാഉദ്ദുനിയ എന്നാണ്) .
അതായത് ഈ ലോകമുള്‍കൊള്ളുന്ന ആകാശമാണ് സമാഉദ്ദുനിയ.
ഖുര്‍‌ആനില്‍ ഈ പദമുപയോഗിച്ച മൂന്നു വാക്യങ്ങളാണുള്ളത്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. ശരിക്ക്‌ അണിനിരന്നു നില്‍ക്കുന്നവരും,

  2. എന്നിട്ട്‌ ശക്തിയായി തടയുന്നവരും,

  3. എന്നിട്ട്‌ കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;

  4. തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.

  5. അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

  6. തീര്‍ച്ചയായും സമാഉദ്ദുനിയായെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.

അദ്ധ്യായം 037 സ്വാഫ്ഫാത്

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

  2. നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

  3. ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?

  4. പിന്നീട്‌ രണ്ടു തവണ നീ കണ്ണിനെ തിരിച്ച്‌ കൊണ്ട്‌ വരൂ. നിന്‍റെ അടുത്തേക്ക്‌ ആ കണ്ണ്‌ പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.

  5. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

    വിശുദ്ധ ഖുര്‍‌ആന്‍: അദ്ധ്യായം - മുല്‍ക്ക്

    പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍

    9. നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.

    10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍

    11. പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.

    12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.

    13. എന്നിട്ട്‌ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ്‌ എന്നീ സമുദായങ്ങള്‍ക്ക്‌ നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു.

    അദ്ധ്യായം 41-ഫുസ്സിലത്ത്-

    ഞാന്‍ ഈ ആയത്തുകള്‍ മാത്രം എടുത്ത് കൊടുക്കാതെ കുറച്ചു കൂടുതല്‍ കാണിക്കുന്നത് നിങ്ങള്‍ ചില കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ വേണ്ടിയാണ്. ഖുര്‍‌ആനില്‍ ആകാശം എന്ന പദം മാത്രം 298 തവണ വരുന്നുണ്ട്. അത് മാത്രം എടുത്ത് കൊടുത്താല്‍ ഇതെന്തോ ആകാശത്തെ കുറിച്ച് പറയുന്ന ഒരു പുസ്തകമാണെന്ന് ധരിപ്പിക്കുവാന്‍ എളുപ്പമാണ്. ഇവിടെ മുകളില്‍ മാത്രം എത്ര പ്രാവശ്യം ആകാശം കടന്നു വരുന്നു. അതൊന്നും തന്നെ ആകാശമെന്തെന്നു പഠിപ്പിക്കാനല്ല.

    ഈ സമാഉദ്ദുനിയ ഉപയോഗിച്ച മൂന്നു ഭാഗത്തും വിളക്കുകള്‍ കൊണ്ടലങ്കരിച്ചു എന്നത് വെറും യാദൃച്ഛികതയല്ല. വളരെ ബോധപൂര്‍വ്വം തന്നെയാണ്. നമ്മുടെ ദൃഷ്ടിയോഗ്യമായ അകാശമെന്നര്‍ത്ഥം. അവിടെയേ നമുക്ക് പ്രകാശത്തെ കാണുവാന്‍ കഴിയൂ എന്നു നാം പ്രകാശത്തിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ചര്‍‌ച്ച ചെയ്തതാണ്. അതായത് സമാഉദ്ദുനിയ എന്നത് നാമുള്‍കൊള്ളുന്ന ആകാശലോകത്തെ കുറിക്കുന്നതാണ്. ഭൂമിയുള്‍കൊള്ളുന്ന ഭൂമിയുടെ ആകാശത്തെ!!!!

    തുടരും ................

Tuesday, June 16, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-3

തൃശ്ശൂര്‍ പൂരമറിയൂന്നവര്‍ക്കെല്ലാം ബിഗ്ബാങ്ങുമറിയാം എന്നതാണിപ്പോള്‍ സ്ഥിതി. അതിലെ ബിഗ് എന്നതു തന്നെ ഒരു വില്ലന്‍ ആ‍ണ്. മലയാള പരിഭാഷയാകട്ടെ മഹാവിസ്ഫോടനമെന്നും. പോരെ പൂരം, കേട്ടാല്‍ തന്നെ ഒരമിട്ടു പൊട്ടുന്നത് പോലെ.
1964-ല്‍ അംഗീകരിക്കപ്പെട്ടതോടെ പ്രപഞ്ചത്തിന്റെ തുടക്കം ബിഗ്ബാങ് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു സംഭവത്തോടെയാണ്. എന്താണത്? എന്തിനു വേണ്ടി? എന്നതല്ലാം ഇപ്പോഴും വിശദീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും അങ്ങിനെ ഒന്നുണ്ടായി എന്ന് ശാസ്ത്രം അംഗീകരിക്കുന്നു. നാമും.
പേരു സൂചിപ്പിക്കുന്നത് പോലെ മഹാ എന്നത് അതിന്റെ ആഘാതത്തിലോ പിണ്ഢത്തിലോ അല്ല, മറിച്ച് ഒരു മഹാസംഭവത്തിന്റെ തുടക്കം എന്ന നിലയിലാണ്. മുമ്പെന്ന വസ്തുതപോലും പറയാന്‍ പോലും പാടില്ലാത്ത ഇതിന്റെ പിമ്പെന്തുണ്ടായി എന്നു നമുക്ക് പരിശോധിക്കാം.
ബിഗ്ബാങിനു ശേഷമുള്ള കാലത്തെ നാലാക്കി തിരിച്ചിട്ടുണ്ട്
1. ഹാഡ്രോനിക് എയ്ജ് (Hadronic Age)
2. ലാപ്ടോനിക് എയ്ജ് ( Laptonic Age)
3. റേഡിയേഷന്‍ എയ്ജ് (Radiation Age)
4. സ്റ്റാര്‍ എയ്ജ് (Star Age)
ഇതിലെ ആദ്യത്തെ ഹാഡ്രോനിക് കാലഘട്ടമെന്നത് ബിഗ് ബാങ് നടന്നതിന്നു ശേഷം ഒരു സെകന്റിന്റെ പതിനായിരത്തില്‍ ഒരംശത്തിന്നുള്ളില്‍ നടന്ന കാര്യങ്ങളെ കുറിക്കുന്നതാണ. അതായത് ഒരു സെക്കന്റിന്റെ 10−4 സെക്കന്റുകള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങളെ കുറിക്കുന്ന കാലഘട്ടത്തെയാണ് ഹാഡ്രോനിക് കാലം എന്നു പറയുന്നത്.
ലാപ്ടോണിക് കാലഘട്ടമെന്നത് ബിഗ്ബാങ് നടന്നു ഹാഡ്രോനിക് കാലഘട്ടമായ ഒരു സെകന്റിന്റെ പതിനായിരത്തിലൊരംശം സെകന്റിന്റെ ശേഷം അടുത്ത പത്ത് നിമിഷം വരെയുള്ള സമയമാണ്. അതിനെയും ഒരു കാലഘട്ടം അഥവാ എയ്ജ് എന്നാണ് വിളിക്കുന്നത്.
റേഡിയേഷന്‍ കാലഘട്ടമാകട്ടെ ലാപ്ടോനിക് കാലഘട്ടത്തിനു ശേഷം 10 ലക്ഷം വര്‍ഷം വരെയുള്ള കാലഘട്ടവും.
റേഡിയേഷന്‍ കാലഘട്ടം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ സ്റ്റാര്‍ എയ്ജ് അഥവാ നക്ഷത്ര കാലഘട്ടം എന്നു വിളിക്കുന്നു.
ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഈ വ്യത്യസ്ത സമയത്തെയെല്ലാം Age എന്ന ഒരൊറ്റ പദം കൊണ്ടാണ് തരം തിരിക്കുന്നത് എന്നതാണ്.
1978-ല്‍ ഭൌതിക ശാസ്ത്രത്തിനു നോബല്‍ സമ്മാനം ലഭിച്ച റൊബെര്‍റ്റ് വിത്സനും ആര്‍നോക്കും അവര്‍ 1964- ല്‍ കണ്ടെത്തിയ 2.7 കെല്‍‌വിന്നുള്ള റേഡിയേഷന്‍ കണ്ടെത്തിയതിന്നായിരുന്നു. അതോടു കൂടിയാണ് ബിഗ്ബാങ് സ്ഥിതീകരിക്കപ്പെടുന്നത്.
ദ്രവ്യത്തിനു മൂന്നവസ്ഥകള്‍ എന്നതായിരുന്നു ചെറുപ്പത്തിലെ പഠനം. ഖരം, ദ്രാവകം, വാതകം. പിന്നീടാണ് നാലാമതൊരവസ്ഥയുണ്ടെന്നും അതിനെ പ്ലാസ്മ എന്നാണെന്നറിയപ്പെടുക എന്നും പഠിക്കുന്നത്. നിയോണ്‍ ബള്‍ബിലുമെല്ലാം ഉള്ള അവസ്ഥ.
പക്ഷെ ക്വാര്‍ക് ഗ്ലുകൊണ്‍ പ്ലാസ്മ അവസ്ഥ (Quark-glucon plasma) എന്ന ഒരു പുതിയ അവസ്ഥകൂടി കണ്ടെത്തിയെന്ന വാദം 2002-ല്‍ CERN ഉന്നയിക്കുന്നത്. ഇത് ലാപ്ടോനിക് കാലഘട്ടത്തിലെ പദാര്‍ത്ഥത്തിന്റെ അവസ്ഥയാണ്. ഈ അവസ്ഥയെയാണ് നമുക്ക് രണ്ടാമതും ഉണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ബിഗ്ബാങിന്റെ ഏറ്റവും ശക്തമായ തെളിവായാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ബിങ്ബാങ് സിദ്ധാന്തത്തിന്റെ ചുവടു പിടിച്ചാണ് ഇന്ന് അംഗീകരിക്കുന്ന സ്ട്രിംഗ് തിയറിയും(1960) സൂപര്‍ സ്ട്രിംഗ് തിയറിയുമെല്ലാം(1980) രൂപപ്പെടുന്നത്.
നാലു അടിസ്ഥാന ബലങ്ങളെന്നതാണു സ്ട്രിങ്ങ് തിയറി പറയുന്നത്. പിന്നീട് അതില്‍ പുതുതായ ആറ് ബലങ്ങളുള്‍ക്കൊള്ളിച്ച് സൂപര്‍ സ്ട്രിങ്ങ് രൂപപ്പെടുന്നത്. സത്യം പറഞ്ഞാല്‍ ഇത് എനിക്ക് ശരിക്കും ദഹിക്കാത്ത ഭാഗമാണ്. അതിനാല്‍ അങ്ങിനെയുണ്ടെന്നതിന്നപ്പുറം കൂടുതല്‍ പറയാന്‍ അശക്തനാണ്.
പ്രപഞ്ചത്തിന്റെ അടിസ്ഥാന ബലങ്ങള്‍ നാലാണ്‌. അവ നാലും കണങ്ങളില്‍(particle) സ്ഥിതി ചെയ്യുന്നു. അവ

ഇതിലെ ഗുരുത്വാകര്‍ഷണബലം നെഗറ്റീവ് ആണ്. മറ്റെല്ലാം പോസിറ്റീവും . അതായത് വസ്തുവിനെ നിലനിര്‍ത്തുന്ന ബലമായ ഗുരുത്വാകര്‍ഷണബലം നെഗറ്റീവും വസ്തുവിനെ രൂപപ്പെടുത്തുന്ന മറ്റു ബലങ്ങള്‍ പോസിറ്റീവുമാണ്. ഒരു വസ്തുവിന്റെ രണ്ടു ബലങ്ങളുടെയും ആകെത്തുക ഫിസിക്സ്ന്റെ ഭാഷയില്‍ പൂജ്യമാണ്.

ഈ സംജ്ഞ ഭൌതിക ശാസ്ത്രജ്ഞരെ വല്ലാതെ കുഴക്കുന്നുണ്ട്. പ്രപഞ്ചമുണ്ടായിട്ടുണ്ടൊ എന്നതിന്നു സ്റ്റീഫന്‍ ഹ്വാക്കിന്‍സ് പറഞ്ഞ ഉത്തരം ഉണ്ട് അഥവാ ഇല്ല എന്നാണ്. ബിഗ്ബാംഗ് നടന്നതിനാല്‍ ഉണ്ടെന്നു പറയേണ്ടി വരുന്നു , എന്നാലോ പ്രപഞ്ചത്തിലെ മൊത്തം ഊര്‍ജ്ജത്തിന്റെ ആകെത്തുക പൂജ്യവുമാണ്.

അപ്പോള്‍ പ്രപഞ്ചമെന്നത് പൂജ്യമാണ്. അല്ലെങ്കില്‍ പൂജ്യത്തില്‍ നിന്നാണ് പ്രപഞ്ചം എന്നു പറയാം.

തുടരും.

Monday, June 15, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-2

സര്‍ ഐസക് ന്യൂട്ടന്റെ തലയില്‍ ഒരാപ്പിള്‍ വീണപ്പോള്‍ അദ്ദേഹത്തിന്റെ തലയേക്കാള്‍ അതിന്റെ ഫലമനുഭവിച്ചത് ആധുനിക ഭൌതികശാസ്ത്രമാണ്.
ഭൂമിയിലേയും ആകാശത്തിലേയും വസ്തുക്കള്‍ വ്യത്യസ്ത നിയമങ്ങള്‍ അനുസരിക്കുന്നു എന്ന അരിസ്ടോട്ടില്‍ പ്രപഞ്ചനിയമത്തിനു ആദ്യമായി ബദലൊരുക്കുകയായിരുന്നു ന്യൂട്ടന്‍ ചെയ്തത്.
ആധുനിക ഭൌതികത്തിന്റെ അടിസ്ഥാന രേഖയായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന്റെ 1687-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രിന്‍സിപ്പിയാ (Philosophiæ Naturalis Principia Mathematica) എന്ന പുസ്തകം പ്രപഞ്ചത്തിനെ, ഒരു സൌരയൂഥത്തിന്റെ തലത്തില്‍ നിന്നും വിലയിരുത്തുവാനുള്ള പരിശ്രമത്തിന്റെ തുടക്കം കുറിച്ചു.
അതിലെ നിരീക്ഷണങ്ങളെല്ലാം തന്നെ ഏറെക്കുറെ ആധുനിക പഠനങ്ങള്‍ നിരാകരിക്കുന്നുവെങ്കിലും ആധുനിക ഭൌതിക ശാസ്ത്രം ഇന്നെത്തി നില്‍ക്കുന്ന നാനോടെക്നോളജിയുടെയും ജീനോമാപിം ഗിന്റെയുമെല്ലാം സാങ്കേതിക മികവിന്ന് അടിസ്ഥാനമായത് ന്യൂട്ടന്റെ സിദ്ധാന്തങ്ങളായിരുന്നു.
ന്യൂട്ടന്റെ ഏറ്റവും വലിയ സംഭാവന ഗുരുത്വാകര്‍ഷണമാണ് പ്രപഞ്ചത്തിന്‍റ്റെ അടിത്തറ എന്ന അദ്ദേഹത്തിന്റെ കണ്ടെത്തലാണ്. പ്രപഞ്ചത്തിലെ എല്ലാവസ്തുക്കളും നിലനില്‍ക്കുന്നത് ഗുരുത്വാകര്‍ഷണം മൂലമാണെന്നായിരുന്നു ന്യൂട്ടന്‍ സമര്‍ത്ഥിച്ചത്.
എന്നാല്‍ ഗുരുത്വാകര്‍ഷണബലം കൊണ്ടു മാത്രം പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനാവുകയില്ല എന്ന് 1862-ല്‍ ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍ വൈദ്യുതകാന്തികതരംഗ സിദ്ധാന്തമവതരിപ്പിച്ചപ്പോള്‍ ലോകത്തിനു മനസ്സിലായി.
1900-ല്‍ മാക്സ് പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചതോടെ ,പ്രകാശം അഥവാ ഊര്‍ജ്ജവും ( ഊര്‍ജ്ജത്തിന്റെ കണികകളെയാണ് ക്വാണ്ടമെന്നു പറയുന്നത്) ന്യൂട്ടന്റെ നിയമങ്ങളംഗീകരിക്കുന്നില്ലെന്ന്‍ മനസ്സിലാക്കി. പ്രകാശം കണികകളുടെയു തരംഗങ്ങളുടെയും രൂപത്തിലാണ്‌ സഞ്ചരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ കാതല്‍.
ഇതോടനുബന്ധിച്ച് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്ര ഗവേഷകനായി പരക്കെ അംഗീകരിക്കപ്പെടുന്ന ആല്‍ബര്‍റ്റ് ഐന്‍സ്റ്റിന്‍ 1905-ല്‍ തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (Special Relativity) അവതരിപ്പിക്കുന്നത്.
അന്നേ വരെ നിലവിലുണ്ടായിരുന്ന ത്രിമാന പ്രപഞ്ച സങ്കല്‍പ്പത്തിന്നപ്പുറത്ത് (അതായത് നമുക്കറിയാവുന്ന ഒരു വസ്തുവിന്റെ നീളം ഉയരം വീതി എന്ന മൂന്നു മാനങ്ങളുള്ള നമുക്കു അനുഭവിക്കാവുന്ന ഈ സ്ഥലം എന്നതിന്നപ്പുറത്ത്) നാലാമതൊരു മാനവും കൂടി സമയവും കൂടി ഇണചേര്‍ന്ന് കിടക്കുന്ന ഒന്നാണെന്നും സമയമെന്നത് എല്ലാകാലത്തും ഉള്ള ഒന്നല്ല എന്നതും പദാര്‍ത്ഥത്തിന്റെ ഒരു ഭാഗം മാത്രമാണ് സമയമെന്നും ഇത് നാലും ചേര്‍ന്ന അതായത് പിണ്ഢത്തിന്റെ മൂന്നു മാനവും സമയവും ചേര്‍ന്നതാണ് പ്രപഞ്ചമെന്നതുമായ പ്രപഞ്ചസങ്കല്പനത്തെ ഐസ്റ്റിന്‍ മുന്നോട്ടു വച്ചു.
ഇതിന്നു വിശദീകരണമായി 1916-ല്‍ അദ്ദേഹത്തിനു തന്നെ - നിരീക്ഷണം നടത്തുന്ന രീതിക്കനുസരിച്ച്‌ നിരീക്ഷണ ഫലത്തിലും മാറ്റമുണ്ടാവുന്നുവെന്ന- വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം (General Relativity) ആവിഷ്കരിച്ചു തന്റെ സങ്കല്പനത്തെ പുനരാവിഷ്കരിക്കേണ്ടി വന്നു.
ഈ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ പ്രപഞ്ചമെന്നത് എന്നെന്നും മാറ്റമില്ലാതെ ഒരേപോലെ നിലനില്‍ക്കുന്ന ഒന്നാണെന്നും ഐന്‍സ്റ്റിന്‍ അഭിമാനത്തോടെ അവകാശപ്പെട്ടു.
പക്ഷെ 1929-ല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എഡ്വിന്‍ ഹുബുള്‍ എന്ന ശാസ്ത്ജ്ഞന്‍ പ്രപഞ്ചമെന്നത് സ്ഥായിയായ ഒന്നല്ല എന്നും അത് നിമിഷം തോറും വികസിച്ചു കോണ്ടിരിക്കുന്നു എന്നുമുള്ള നിരീക്ഷണവുമായി വരുന്നത്.
ഇന്നേവരെ നിലനിന്നിരുന്ന പ്രപഞ്ചസങ്കല്പനമനുസരിച്ച് പ്രപഞ്ചമെന്നത് എന്നും ഒരേപോലെ നിലനില്‍ക്കുന്ന് ഒന്നായിരുന്നു, പ്രപഞ്ചത്തിനകത്തു മാറ്റമുണ്ടാകാം, എന്നാല്‍ പ്രപഞ്ചമെന്നത് സ്ഥായീയായ ഒന്ന് എന്നായിരുന്നു നമ്മുടെ ധാരണ.
ഇതിനോട് ശാസ്ത്രജ്ഞര്‍ പ്രതികരിച്ചത് പെട്ടെന്നംഗീകരിച്ചിട്ടൊന്നുമായിരുന്നില്ല. ഐന്‍സ്റ്റീന്‍ പോലും പ്രതികരിച്ചത് ദൈവം പകിടികളിക്കില്ല എന്നായിരുന്നു.
ഇതെ കാലയളവിലാണ് 1925-ല്‍ ഹൈസേന്‍ബര്‍ഗ് അനിശ്ചിതത്വ തത്വം അവതരിപ്പിച്ചത് . യഥാര്‍ത്ഥത്തില്‍ ഊര്‍ജ്ജം സ്ഥിതി ചെയ്യുന്നത് ഏകദാനമായ രൂപത്തിലല്ല, ഒരേ സമയം തന്നെ കണികയുടെയും അതോടൊപ്പം തന്നെ തരംഗത്തിന്റെയും സ്വഭാവസവിശേഷതകളെ അതുള്‍കൊള്ളുന്നു എന്നും അവ രണ്ടും വളരെ സമര്‍ത്ഥമായി ഇണ ചേര്‍ന്നിരിക്കുന്നു എന്നും സൂക്ഷ്മ കണങ്ങളുടെ കാര്യത്തില്‍ രണ്ടു ചരങ്ങളെയും ഒരേസമയം കൃത്യമായി നിര്‍ണയിക്കുക സാധ്യമല്ല എന്നും അനിശ്ചിതത്വ തത്വം സമര്‍ത്ഥിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സൂക്ഷ്മലോകത്തെ വ്യാഖ്യാനിക്കുന്ന ക്വാണ്ടം ബലതന്ത്രം രൂപപ്പെടുത്തുന്നത്.
പുതിയ മാറ്റത്തോട് ഐസ്റ്റിനടക്കമുള്ളവര്‍ അംഗീകരിക്കേണ്ടി വന്നു.
പിന്നീടുള്ള നിരീക്ഷനങ്ങള്‍ ഈ കണ്ടെത്തലുകളുടെ ചുവടുകളിലായിരുന്നു.
എഡ്വേര്‍ഡ് ലൈമാത്ര എന്ന ശാസ്ത്രജ്ഞന്‍ , ആദ്യം ഒരു ന്യൂട്രോണ്‍ സമുച്ചയമായിരുന്നുവെന്നും അതില്‍നിന്നാണ് ഈ പ്രപഞ്ചമുണ്ടായതെന്നുമുള്ള പ്രപഞ്ചസങ്കല്പനത്തിനു രൂപകല്പന നല്‍കി. അതില്‍ നിന്നും കുറച്ചു കൂടി മുന്നോട്ട് നീങ്ങി ജോര്‍ജ്ജ് ഗാമോവ്, ഐസ്റ്റിന്റ്റെ ചതുര്‍മാനപ്രപഞ്ചത്തെ അടിസ്ഥാനമാക്കി തന്നെ ആദിമപ്രപഞ്ചത്തെ കുറിച്ചുള്ള നിരീക്ഷണം അവതരിപ്പിച്ചു.
അതായത് ആദ്യം പ്രപഞ്ചമൊന്നിച്ച് എല്ലാ വസ്തുക്കളുമൊരുമിച്ച് ചേര്‍ന്ന് നമുക്കൊരിക്കലും വ്യാഖ്യാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയാത്ത big bang singularity എന്നു വിളിക്കുന്ന ഒരവസ്ഥയിലായിരുന്നെന്നും ഒരു സന്ദര്‍ഭത്തില്‍ ( സമയത്തെന്നൊ നിമിഷത്തിലെന്നൊ പറയാന്‍ വയ്യ, കാരണം സമയം പിന്നീടാണുണ്ടാവുന്നത്) ഉണ്ടാകുന്ന ഒരു മാറ്റം, അവിടം മുതലാരംഭിക്കുന്നു പ്രപഞ്ചചരിത്രം.
ബിഗ്ബാങിനു മുമ്പെന്നത് നമുക്കൊരിക്കലും പറയാനാവില്ല, അതുള്‍കൊള്ളാന്‍ നമ്മുടെ ബുദ്ധിക്കൊരിക്കലും കഴിയുകയുമില്ല. പിന്നെയോ? പ്രപഞ്ചം ഉണ്ടായതിന്നു ശേഷമെന്ത് എന്നല്ലാതെ.
അതാവാം നമുക്കടുത്ത പോസ്റ്റില്‍ -
പ്രപഞ്ചമുണ്ടാവുന്നതിനു മുമ്പറിയാന്‍ കഴിയാത്ത നിസ്സാരനായ നാം വലിയ വായില്‍ ചോദിക്കുന്നു ദൈവത്തെ ആരുണ്ടാക്കി?

Saturday, June 13, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-1

അറിവിന്റെ ഏറ്റവും വലിയ പ്രശ്നം അറിയുക എന്നതിനേക്കാള്‍ പറഞ്ഞുകൊടുക്കുക എന്നതാണെന്നു തോന്നുന്നു. വാക്കുകള്‍ കിട്ടുന്നില്ല എന്ന പ്രയോഗമെല്ലാം അതിന്റെ ഭാഗമാണ്. നമ്മുടെ മനസ്സില്‍ ആശയങ്ങളുണ്ടായത് കൊണ്ട് മാത്രമായില്ല, അത് മറ്റൊരാള്‍ക്ക് നാമുദ്ദേശിക്കുന്ന രീതിയില്‍ എത്തിക്കുവാനും കഴിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ ചിലപ്പോള്‍ വിപരീതമാകും ഫലം. അതിനാല്‍ തന്നെ വളരെ പേടിയോടെയാണ് ഞാനീ വിഷയം കൈകാര്യം ചെയ്യുന്നത്. ഇത് വളരെ ആഴത്തിലുള്ള ഒരു പഠനങ്ങളുള്ള ഒരു ലേഖനമല്ല, (അങ്ങിനെ ആഗ്രഹിച്ചത് കൊണ്ട് മാത്രം ഫലമില്ലല്ലോ- നമ്മളെ അതിനു പറ്റുകയും കൂടി വേണ്ടേ?) മറിച്ച് വളരെ ചെറിയ കാര്യങ്ങള്‍ മാത്രം കഴിയുന്നത്ര ലളിതമായി പറഞ്ഞു പോവുക മാത്രമാണു ചെയ്യുന്നത്.
എന്താണ് പ്രപഞ്ചം, എന്താണ് ഭൂമി - ഈ ചോദ്യങ്ങള്‍ മനുഷ്യചിന്തയോളം പഴക്കമുള്ള അന്യേഷണങ്ങളാണ്. തത്വശാസ്ത്ര ചര്‍ച്ചകളില്‍ ഒരിക്കലുമവസാനിക്കാത്ത വാഗ്വാദങ്ങളായിരുന്നു ഇവയുടെ ഫലം. എല്ലാ ലോക സംസ്കാര ബാക്കിപത്രങ്ങളിലും ഈ അന്യേഷണം കാണാന്‍ കഴിയുന്നു.
പ്രപഞ്ചത്തെ കുറിച്ചു നമ്മുക്കെന്തറിയാം ? പ്രപഞ്ചോല്‍‌പ്പത്തിയുടെ പഠനത്തിന്റെ ചരിത്രം ചികയുന്നതിന്നു മുമ്പ് ഇതിനെക്കുറിച്ചൊന്നു സൂചിപ്പിക്കുകയായിരിക്കും നല്ലത്.
പ്രകാശത്തിന്റെ സഞ്ചാരദൈര്‍ഘ്യം 1500 കോടി പ്രകാശവര്‍ഷമാണ്. പ്രകാശത്തിനു 1500 കോടി പ്രകാശവര്‍ഷമെ സഞ്ചരിക്കുവാന്‍ കഴിയൂ എന്നര്‍ത്ഥം. അതായത് 1500കോടി പ്രകാശവര്‍ഷങ്ങള്‍ക്കുപ്പുറത്തുള്ള ഒരു വസ്തു അതെത്ര പ്രകാശമുള്ളതാണെങ്കിലും അതിന്റെ പ്രകാശത്തിന്നു ഭൂമിയിലെത്തുവാന്‍ കഴിയാത്തതിനാല്‍ നമ്മെളെത്ര വലിയ ദൂരദര്‍ശിനി കണ്ടെത്തിയാലും നമുക്കൊരിക്കലും അതിനെക്കുറിച്ചറിയാന്‍ കഴിയില്ല. ഇന്ന് നാം കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ദൂരമുള്ള വസ്തു കോസാറുകള്‍ എന്നറിയപ്പെടുന്നവയാണ്.
ഇതിനെ ശാസ്ത്രജ്ഞര്‍ മറികടക്കുന്നത് ഈ പ്രപഞ്ചത്തിന്റെ പ്രായം 1500 കോടി പ്രകാശവര്‍ഷമായി നിജപ്പെടുത്തുക എന്ന അടിസ്ഥാനത്തിലാണ്. ഇത് നമുക്ക് പ്രപഞ്ചത്തെ അറിയുവാന്‍ കഴിയും എന്ന ശുഭാപ്തിക്കു വേണ്ടിയാണ്. ഒരു പഠനരംഗത്ത് ഇങ്ങിനെ ഒരു നിജപ്പെടുത്തല്‍ ആവശ്യവുമാണ്.
അതോടൊപ്പം തന്നെ ഇതിന്നു താഴെയുള്ള വസ്തുക്കളാകട്ടെ എല്ലാറ്റിന്നെയും നമുക്ക് കണ്ടെത്തുവാന്‍ കഴിയുമോ? ഇല്ല. അതിന്റെ പ്രകാശത്തിന്റെ ശക്തിക്കനുസരിച്ചു മാത്രമെ നമുക്കവയെ കണ്ടെത്തുവാന്‍ കഴിയുകയും ചെയ്യുകയുള്ളൂ.
മറ്റൊരു ഭാഷയില്‍ ചെരുപ്പിനനുസരിച്ച് കാലുമുറിക്കുക എന്നതിന്നപ്പുറം നമ്മുടെ എല്ലാ അറിയാനുള്ള സംവിധാനങ്ങളും നിസ്സഹായമാണ്.
ഇതാണ് പ്രപഞ്ചത്തിന്റെ വിശാലമായ (Macro) തലമെങ്കില്‍ എന്താണ് പ്രപഞ്ചത്തിന്റെ സൂക്ഷ്മമേഖല.(micro leval).
എല്ലാ പദാര്‍ത്ഥങ്ങളുടെയും അടിസ്ഥാന ഘടകം ആറ്റങ്ങളാണ്. അണുലോകത്തെ കുറിച്ച് പഠിക്കാനുപയോഗിക്കുന്ന ക്വാണ്ടം ബലതന്ത്രത്തിലെ പുതിയ പഠനങ്ങള്‍ എത്തി നില്‍ക്കുന്നത്, അല്ലെങ്കില്‍ അടിത്തറ തന്നെ വെര്‍ണര്‍ ഹൈസേന്‍ബര്‍ഗ് അവതരിപ്പിച്ച അനിശ്ചിതത്വ തത്വം വരെയാണ്. അതാകട്ടെ ചലനാത്മകമായ കണികയെ പഠിക്കുവാന്‍ കിട്ടില്ല എന്ന നിസ്സഹായവസ്ത വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെയും ആധുനിക ഭൌതിക ശാസ്ത്രം നിസ്സഹയാവസ്തയിലാണ്.
മറ്റൊരു ഭാഷയില്‍ പദാര്‍ത്ഥലോകത്തെ പൂര്‍ണ്ണമായും അറിയാന്‍ കഴിയില്ല എന്നാണ് നമുക്കറിയാവുന്ന വസ്തുത.
ഇതിന്നര്‍ത്ഥം ശാസ്ത്രവും മതവും രണ്ടു തട്ടിലാനെന്നും അതില്‍ ശാസ്ത്രം നിസ്സഹയതയിലാണെന്നൊന്നുമല്ല. ശാസ്ത്രം നിസ്സഹതയിലാണെന്നതിന്റെ അര്‍ത്ഥം മനുഷ്യരാശി നിസ്സഹയതയിലാണെന്നാണ്. മതവും ശാസ്ത്രവും പരസ്പരം പോരടിക്കേണ്ട രണ്ടു വഴികളൊന്നുമല്ല, മറിച്ച് പരസ്പര പൂരകങ്ങളായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്.
ആറ്റം ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകമെന്നിരിക്കെ അതിനെ കുറിച്ചുപോലും പഠിക്കുവാനും അറിയുവാനും പരിമിതിയുണ്ടെന്നിരിക്കെ മനുഷ്യന്റെ അന്യേഷണമെത്തി നില്‍ക്കുന്നത് എനിക്കെത്ര അറിയാന്‍ കഴിയുമെന്നു കൂടിയാണ്. പരിമിതിയെക്കുറിച്ചുള്ള ബോധവും അവന്റെ അറിവിന്റെ ഭാഗമാകേണ്ടി വരുന്നു.
ഈ പരിമിതികളെ തിരിച്ചറിയുന്നു എന്നത് (limitation of science) നല്ലയൊരു കാര്യം തന്നെയാണ്. എത്താത്ത കൊമ്പ് പിടിക്കാന്‍ അധികം മെനക്കെടേണ്ടല്ലോ?
ഇനി നിലവില്‍ നമുക്കറിയുന്ന, അറിയാന്‍ കഴിയുന്ന പ്രപഞ്ചത്തിന്റെ ചിത്രമെന്താണ്.
നാമുള്‍കൊള്ളുന്ന ഭൂമി , ഭൂമിയെ പോലെ എട്ടു ഗ്രഹങ്ങള്‍ ചുറ്റുന്ന സൂര്യനെന്ന നക്ഷത്രം,( ഭൂമിക്കടക്കം പല ഉപഗ്രഹങ്ങളും), ഇങ്ങിനെ പല ഗ്രഹങ്ങള്‍ ചുറ്റുന്ന പതിനായിരം കോടി നക്ഷത്രങ്ങള്‍- ഇതിനെ ഒരു നക്ഷത്ര സമൂഹമെന്നു പറയുന്നു. നമ്മൂടെ ഭൂമിയുമുള്‍കൊള്ളുന്ന നക്ഷത്രസമൂഹത്തെ അകാശഗംഗ എന്നു വിളിക്കുന്നു.
ഈ ആകാശഗംഗയില്‍ മാത്രമാണ് പതിനായിരം കോടി നക്ഷത്രങ്ങള്‍ ഉള്‍കൊള്ളുന്നത്. (മുപ്പതിനായിരമെന്ന ഒരു വാദമുണ്ടെങ്കിലും പതിനായിരമെന്നതില്‍ തര്‍ക്കമില്ലാത്തതാണ്).
ഇതാണ് ഒരു നക്ഷത്രസമൂഹത്തിന്റെ സ്ഥിതിയെങ്കില്‍ ഇങ്ങിനെയുള്ള മുപ്പതിനായിരം കോടി (കുറച്ചൊന്നുമല്ല) നക്ഷത്രസമൂഹങ്ങളുള്‍ക്കൊണ്ട ഒരു പ്രപഞ്ചമാണു നാം അധിവസിക്കുന്ന പ്രപഞ്ചത്തിന്റെ ചെറിയ ഒരു ചിത്രം. ഇതൊരു പൂര്‍ണ്ണ ചിത്രമല്ല. നമ്മുടെ അറിവനുസരിച്ചു കിട്ടിയത്, പ്രപഞ്ചത്തിന്റെ ഇരുപത് ശതമാനം വരുമോ എന്നു വരെ ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പില്ല.
ഇതിനുള്ള ഒരു കാരണം പ്രപഞ്ചത്തിലെ പലവസ്തുക്കള്‍ക്കും സ്വയം പ്രകാശമില്ല എന്നതും ചിലത് ബ്ലാക്ക് ഹോള്‍സ് പോലെ ഇരുണ്ടതുമാണെന്നതുമാണ്. ചില യുഗ്മ നക്ഷത്രങ്ങളിലെ ഇണകളെയെല്ലാം അനുമാനിച്ചെടുക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
എങ്ങിനെയാണ് ബ്ലാക്ക് ഹോള്‍സിനെയെല്ലാം അറിയുവാനും മനസ്സ്ലാക്കുവാനും കഴിയുക, അനുമാനിക്കാനെല്ലാതെ.
അതായത് അറിയുന്തോറും ഇനിയുമറിയാനേറെ എന്നതാണ് പുതിയ അറിവ്. അതിന്നപ്പുറം ചിലതൊന്നുമറിയിയാന്‍ ഒരിക്കലും കഴിയില്ല എന്നും.
മറ്റൊരു പ്രധാന പ്രശ്നം ഒരു വസ്തുവിനെ പൂര്‍ണ്ണമായി അറിയണമെന്നുണ്ടെങ്കില്‍ അതിനുള്ളില്‍ നിന്നൊരിക്കലും മനസ്സിലാക്കുവാന്‍ കഴിയില്ല എന്നത് കൂടിയാണ്.(ആപേക്ഷികതാ സിദ്ധാന്തം) ഭൂമിയെ കുറിച്ചറിയാന്‍ നാം ഭൂമിക്കു പുറത്തു പോകേണ്ടിവരും. അപ്പോള്‍ ഈ സൌരയുധത്തെ ക്കുറിച്ചറിയാന്‍ നമുക്ക് 1500 കോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം പ്രപഞ്ചത്തിനു പുറത്ത് പോയി പഠിക്കേണ്ടി വരും . അത് 1500 പ്രകാശവര്‍ഷമാണെന്നു നമുക്കുറപ്പുമില്ല എങ്കിലും.
തുടരും .......