കേരളം തലമുറകളായി പാടിപോന്ന പാട്ടുകളായിരുന്നു വടക്കന്‍ പാട്ടുകള്‍. അതിനെ എം.ടി എന്ന സാഹത്യകാരന്‍ ചില ചീന്തുകളെടുത്ത് തന്റെ കാഴ്ചയിലൂടെ അഭ്രപാളികളില്‍ പകര്‍ത്തിയപ്പോള്‍ ചെറിയ ചില മാറ്റങ്ങളേ വരുത്തിയുള്ളൂ, കഥാപാത്രങ്ങള്‍ മാറിയില്ല, പക്ഷെ അന്നെ വരെ പാടിവന്ന വില്ലന്‍ നായകനാവുകയും നായകന് വില്ലനാവുകയും ചെയ്തു. ഒരു വടക്കന്‍ വീരഗാഥയും ആരോമല്‍ ചേകവരെകുറിച്ചുള്ള വടക്കന്‍പാട്ടും കേട്ടവര്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും. എന്നാല്‍ വടക്കന്‍ വീരഗാഥ മാത്രം കണ്ട പുതു തലമുറക്കാകട്ടെ ഒരു പുതു കഥ മാത്രമാണുള്‍കൊള്ളാന്‍ കഴിയുന്നത്. ഇതൊരു കഥ മാത്രം, എത്രത്തോളം ചരിത്ര സത്യമുണ്ടെന്നത് അറിയാത്തതിനാല്‍ ആധികാരികത പറയാനാളല്ല.
എന്നാല്‍ ഇതെ എം.ടി തന്നെ ഹരിഹരനുമായി ചേര്‍ന്ന് ഒരു ചരിത്രസംഭവത്തെ സിനിമയാക്കി നമുക്കു തന്നിട്ടുണ്ട്. പഴശ്ശിരാജ. പക്ഷെ, ചരിത്രത്തിലെ പഴശ്ശിയല്ല അഭ്രപാളിയിലെ പഴശ്ശി. പഴശ്ശിയെ ചരിത്രം ഒരു കരംപിരിവുകാരനായി ചെറിയ അധികാരങ്ങള്‍ മാത്രമുള്ള നാട്ടു രാജാവായി കാണുമ്പോള്‍ എം.ടിയും ഹരിഹരനും ഒരു ഭരണാധികാരിയാക്കുകയാണ്. ചരിത്രം വായിക്കാനൊക്കെ ആര്‍ക്കാണു നേരം, അതിനാല്‍ തന്നെ ഇനി പഴശ്ശി ജനമനസ്സുകളില്‍ എം.ടി യുടെ പഴശ്ശിയായിരിക്കും. ഒരു കഥയിലെ മാറ്റത്തിലുപരി ഇത് ചരിത്രത്തോട് ചെയ്യുന്ന ഒരനീതിയാണു. വടക്കന്‍ വീരഗാഥ പോലെ അലസമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് ഇന്നെലെകളുടെ ബാക്കി പത്രങ്ങള്‍.
ഇത്രയും ആമുഖമായി പറഞ്ഞത് ഇവ രണ്ടും ചര്‍ച്ച ചെയ്യാനല്ല, മറിച്ച് ഒരു ചരിത്രസംഭവത്തെ അതിന്റെ തുടര്‍ച്ചയില്‍ നിന്നും പറിച്ചെടുത്ത് മറ്റൊരു കഥമെനയാന്‍ കഴിയുന്നതെങ്ങിനെ എന്നു നമുക്കു മനസ്സിലാകുന്ന ചില കാര്യങ്ങളിലൂടെ ഉദാഹരിച്ചതാണു.
ഏതൊരു ചരിത്രവും അത് സംഭവിച്ച സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു നോക്കി കണ്ടാലെ ഉള്‍കൊള്ളാനാകുകയുള്ളൂ. തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ഒരു സത്യത്തെ മാറ്റിമറിക്കുന്നത് കൊണ്ട് സത്യം സത്യമല്ലാതാകുകയില്ല. നമുക്കു ചില പ്രസ്ഥാനങ്ങളെ ഉള്‍കൊള്ളാന്‍ താത്പര്യമുണ്ടാകുന്നില്ലെന്നു കരുതി അവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ അവകാശമില്ല. ഉദാഹരണത്തിന് ചിലര്‍ക്ക് കമ്യൂണിസത്തോട് താത്പര്യമുണ്ടാകില്ല, അവര്‍ക്ക് കമ്യൂണിസത്തെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമവകാശമുണ്ട്. പക്ഷെ മാര്‍ക്സിന്റെ വ്യക്തി ജീവിതത്തിലെ ഒരു സംഭവം മറ്റൊരു രീതിയിലവതരിപ്പിച്ച് അദ്ദേഹത്തെ താറടിക്കുന്നത് ശരിയായ നടപടിയാകില്ല. ഏറ്റവും ചുരുങ്ങിയത് അത് അതെപോലെ അവതരിപ്പിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.
ഇസ്ലാമിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് (സ.അ) യുടെ ജീവിതത്തിലെ ഒരു വിവാഹവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഒരിടപെടലായി ഈ പോസ്റ്റ് ചെയ്യുമ്പോള്‍ ആമുഖമായി ഇത്രയുമെഴുതാന്‍ കാരണം ആ പോസ്റ്റുകളിലെ വായന തന്നെയാണു. പ്രവാചകന്റെ ജീവിത ത്തെയും ഇസ്ലാമിനെയും വിമര്‍ശിക്കാന്‍ ഒരാള്‍ക്കവകാശമുണ്ട്. പക്ഷെ, വിമര്‍ശനമെന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നു ദയവായി കരുതരുത്.
ഈ വിഷയവുമായി സി.കെ ലത്തീഫിന്റെ പോസ്റ്റില്‍ വന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായി കാളിദാസന് എഴുതിയ പോസ്റ്റിന്ന് ഒരു മറുപടിയായാണ് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നത്, അതിനാല്‍ ആ പോസ്റ്റുകള്‍ ഒന്നു വായിക്കുമല്ലോ?
എന്താണു സൈനബും പ്രവാചകനും തമ്മിലുള്ള വിവാഹത്തിന്റെ ചരിത്രം. ഈ ചരിത്രത്തെ വിലയിരുത്തുന്നതിന്നു മുമ്പ് രണ്ട് കാര്യങ്ങള്‍- ഇതിനെ ഒരു മുസ്ലിം വീക്ഷണത്തിലൂടെ മാത്രം വിലയിരുത്തേണ്ട ചില സന്ദര്‍ഭങ്ങളൂണ്ട്. കാരണം അല്ലാഹുവിന്റെ കല്പന എന്നത് ഒരു അമുസ്ലിമിന്ന് ദഹിക്കുന്ന ഒന്നാവില്ല, ദൈവം ഇല്ല എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒരാളോട് ദൈവകല്പന എന്നു പറയുന്നതിന്റെ അയുക്തി വിശദീകരിക്കേണ്ടതില്ലല്ലോ? എങ്കിലും ആ ഭാഗങ്ങള്‍ ഒഴിവാക്കിയാലും അതിലെ ചരിത്ര സംഭവമെന്ത് എന്നു ഉള്‍കൊള്ളാന്‍ ശ്രമിക്കാമല്ലോ?
രണ്ടാമത്തത് ഏതൊരു ചരിത്രവിദ്യാര്‍ത്ഥിയും കണക്കിലെടുക്കുന്ന വസ്തുത ചരിത്രത്തെ ചരിത്ര കാലത്തില്‍ വിലയിരുത്തണമെന്നാണ്. അടിമ ഉടമ എന്നെല്ലാം നമുക്ക് വളരെ ലാഘവത്തോടെ പറയാമെങ്കിലും അതിന്റെ സാമൂഹിക ചിത്രങ്ങള്‍ പൂര്‍ണ്ണമായുമുള്‍കൊള്ളാന്‍ നല്ല മാനസിക സന്നദ്ധത വേണ്ടതുണ്ട്. ഗാന്ധിജി ഹരിജനങ്ങളുമായി ഒരു പന്തിയില്‍ ഭക്ഷണം കഴിച്ചു എന്നത് കേരളത്തിലെ ഇന്നത്തെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സംഭവമേ ആകില്ല, ആ ചരിത്രകാലത്തെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍. അതേപോലെ വിവാഹം, വിവാഹമോചനം എന്നെല്ലാം പറയുമ്പോള്‍ ഇന്നത്തെ വര്‍ത്തമാന കാലത്തിലേക്ക് ഈ സംഭവങ്ങളെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ ചില പ്രയാസങ്ങളുണ്ടാകും.
ഇനി ചരിത്രത്തിലേക്ക്-
പ്രവാചകന്റെ നാല്പതാം വയസ്സിലാണു അദ്ദേഹം പ്രവാചകനായി തിരഞ്ഞടുക്കപ്പെടുന്നത്, പ്രവാചകന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണു ഖദീജ (റ)മായി വിവാഹിതനാകുന്നത്. അന്ന് ഖദീജയുടെ അടിമയായിരുന്നു ബാലനായിരുന്ന സൈദ്. കല്ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് സൈദിന്റെ പിതാവ്. സൈദിനെ പ്രവാചകന് സ്വതന്ത്രനാക്കുകയും തന്റെ വളര്‍ത്തു മകനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ ആചാരപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര് അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്നു മുഹമ്മദ് (മുഹമ്മദിന്റെ മകന് സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു.
പ്രവാചകന്റെ പിതാവായ അബ്ദുല്ലയുടെ പിതാവായ അബ്ദുല്‍ മുത്തലിബിന്റെ സഹോദരിയായ ഉമൈമയുടെ മകളായിരുന്നു സൈനബ്. അപ്രകാരം അവള് പ്രവാചകന്റെ പിതാവു വഴി അമ്മായിയുടെ മകളായിരുന്നു. പ്രവാചകന് തന്നെയാണ് സൈനബിനെ സെയ്ദിനു വിവാഹം ചെയ്തു കൊടുക്കാന്‍ മുന്‍കൈ എടുത്തത്. ആദ്യം അവളും സഹോദരന് അബ്ദുല്ലയും ഈ വിവാഹത്തിനു സമ്മതിക്കാന്‍ മടി കാണിച്ചു. സെയ്ദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയാണ് എന്നതായിരുന്നു കാരണം. എന്നാല്‍ അവര്‍ക്കവരുടെ എതിര്‍പ്പ് പിന് വലിക്കേണ്ടി വന്നു. ഇത് സംഭവിക്കുന്നത് നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. ഈ സമയത്തിറങ്ങിയ ദൈവീക്ത സൂക്തമാണു (ഖുര്‍ആന്‍ ആയത്ത്)
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന് വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(സൂറത്തുല്‍ അഹ്സാബ്-36)
ഇത് ഈ ചരിത്രത്തിന്റെ ഒന്നാം ഘട്ടം.
ഇവിടെ പ്രവാചകന് ചെയ്യുന്നത് സമൂഹത്തില്‍ നിലനിന്നിരുന്ന കുലമഹിമ അല്ലെങ്കില്‍ തറവാടിത്തത്തിന്റെ മേല്‍ക്കോയിമ ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു. ഇവിടെയും അന്നത്തെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. അന്ന് ഗോത്ര-കുല മഹിമയുടെ അഹങ്കാരത്തില്‍ മതിമറന്നിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിയായിരുന്നു നിലനിന്നിരുന്നത്. തങ്ങളുടെ ഗോത്രക്കാര്‍ എന്തു തെറ്റു ചെയ്താലും കേവലം മഹിമയുടെ പേരില്‍ പിന്തുണക്കുന്ന അവസ്ഥ. അതിനാലാണ് പ്രവാചകനെ മക്കയില്‍ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ ഗോത്രത്തത്തില്‍ നിന്നും ഒരാള്‍ വീതം എന്നു തീരുമാനിക്കുന്നത്. കാരണം കൊലക്കു ശേഷം ഖുറൈശി ഗോത്രം പിന്നീട് കുലമഹിമ കാരണം തങ്ങളുടെ ഗോത്രത്തോട് പകരം വീട്ടുമോ എന്നെല്ലാവരും ഭയപ്പെട്ടു. ആ ഒരു സമൂഹിക അവസ്ഥയില്‍ കുലമഹിമ എന്ന വര്‍ഗ്ഗവിവേചനം ഇല്ലാതാക്കുവാന്‍ തന്റെ കുടുമ്പത്തിലെ ഒരു കന്യകയെ തന്നെ പ്രവാചകന് സമൂഹം കുലം കൊണ്ട് അടിമയായിരുന്ന സൈദിനെ കൊണ്ട് വിവാഹം ചെയ്യിക്കുന്നു.
കഴിഞ്ഞ ചര്‍ച്ചകളില്‍ ഇതിനെ ഒരു നല്ല കാര്യമായി എല്ലാവരും കണ്ടതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇവിടെ മറ്റൊരു കാര്യവും കൂടി വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ സമൂഹം വിവാഹത്തെ കണ്ടിരുന്നത് കേവലം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഒരു ധാരണയായല്ല. മറിച്ച് രണ്ട് ഗോത്രങ്ങളുടെ ബന്ധമായാണു. പരസ്പരമുള്ള അടുപ്പം കാണിക്കുവാനും ബഹുമാനം പ്രകടിപ്പിക്കുവാനുമെല്ലാം വിവാഹം ഒരു പാധിയായിരുന്നു. അതിനാല്‍ തന്നെ ഈ വിവാഹം സമൂഹത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. കാരണം അറബികളിലെ ഏറ്റവും പ്രശസ്തര്‍ മക്കക്കാരായിരുന്നു. മക്കയിലെ ഏറ്റവും പ്രബലര്‍ ഖുറൈശികളും.
വിവാഹത്തിന്റെ ആദ്യനാളുകള്‍ പിന്നിട്ടപ്പോള്‍ സൈനബിന്റെയും സൈദിന്റെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ തുടങ്ങി. സൈനബിന്റെ മേല്‍ക്കോയിമാഭാവവും (Superiority complex ) സൈദിന്റെ അപര്‍ഷകതയുമാണെന്നാണു(Inferiority comlex) ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നത്. എന്തായാലും തനിക്കിനിയും ഈ ബന്ധം തുടര്‍ന്നു കൊണ്ട് പോകുവാന്‍ താത്പര്യമില്ലെന്ന് സൈദ് പ്രവാചകനോട് പല തവണയായി ആവശ്യപ്പെട്ടു. അപ്പോഴെല്ലാം പ്രവാചകന് ഉപദേശങ്ങള്‍ നല്കി തിരിച്ചയച്ചു കൊണ്ടിരുന്നു.
ഈ കാലയളവിലാണു ദത്ത് സമ്പ്രദായം ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഇസ്ലാമിക നിയമങ്ങള്‍ വരുന്നത്.
എന്തുകൊണ്ട് ദത്തു സമ്പ്രദായം ഇല്ലായ്മ ചെയ്യുന്നു?
സ്വാഭാവികമായും ഉണ്ടാകുന്ന ഒരു നിഷ്കളങ്കമായ ഒരു സംശയമാണിത്- ദത്ത് എന്നത് ഇന്നിന്റെ കാഴ്ചയില്‍ കാണുമ്പോള്‍ ഈ ചോദ്യത്തിനു അല്പം പ്രസക്തിയുമുണ്ട്. അവിടെയും നമുക്ക് ചരിത്ര കാലത്തിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു.
പല ദത്തുകളും തങ്ങളുടെ ജാരസന്തതികള്‍ക്ക് സാമൂഹിക സുരക്ഷിതമുണ്ടാക്കുന്ന ഏര്‍പ്പാടായിരുന്നു. മാത്രമല്ല ഇത് കുടുമ്പങ്ങളില്‍ പല അസ്വസ്ഥതകളും ഉണ്ടാക്കി. വീട്ടിലെ പ്രശ്നങ്ങളില്‍ പകരം വീട്ടാനായി ദത്തെടുക്കും. കുടുമ്പത്തിലെ മക്കളെ അവഗണിക്കുകയും ചെയ്യും.
ഇതിലേറെ തങ്ങളുടെ പ്രതാപം കാണിക്കാനായി ദത്ത് ഒരു പ്രതാപ ചിഹ്നവുമായി. തനിക്ക് ഇത്ര ദത്തു മക്കളുണ്ടെന്നത് സോഷ്യല്‍ സ്റ്റാറ്റസ് ആവുകയും ദത്തിന്നു കഴിവില്ലാത്തവര്‍ പോലും പ്രതാപത്തിന്നായി ദത്തെടുക്കുകയും ചെയ്തു. നമ്മുടെ വിവാഹ ധൂര്‍ത്ത് പോലെ.
ഇവ ദത്തെടുക്കുന്ന ആളുടെ ഭാഗത്തു നിന്നാണെങ്കില്‍ ദത്തെടുക്കപ്പെടുന്ന ആള്‍ക്കോ?
ഏറ്റവും പ്രധാനം ഒരാള്‍ക്ക് അയാളുടെ വ്യക്തിത്വം ഇതില്ലാതാക്കുന്നു എന്നതാണ്. സ്വന്തം പിതാവിനാല്‍ അറിയപ്പെടുന്നതിന്നു പകരം ആരുടെയെങ്കിലും മേല്‍വിലാസത്തിന്റെ കീഴില്‍ അറിയപ്പെടുക. ഇതിന്റെ മാനസിക വശം അനുഭവിക്കുന്നവരോടോ അല്ലെങ്കില്‍ മനശാസ്ത്രജ്ഞരോടൊ ചോദിച്ചു മനസ്സിലാക്കുക.
ഇവയെല്ലാം കുടുമ്പമെന്ന സംവിധാനത്തിന് പ്രയാസകരമായി ഭവിക്കുന്ന വസ്തുതകളായിരുന്നു. ഇസ്ലാമാകട്ടെ കുടുമ്പത്തെ ഏറ്റവും വിലമതിക്കുന്ന ഒരു ആശയവും. അതിന്നാല്‍ അനന്തരമെടുക്കാന്‍ പോലും അവകാശം നല്കുന്ന, ഒരു വ്യക്തിയെ അയാളുടെ പിതാവിന്റെ വ്യക്തിത്വത്തില്‍ നിന്നും മാറ്റുന്ന ഈ സമ്പ്രദായത്തെ ഇസ്ലാം ഇല്ലാതാക്കാന്‍ തീരുമാനിച്ചു.
ഈ സമയത്താണു സൈദിന്റെ വിവാഹജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതും തനിക്കൊരിക്കലും സൈനബുമായി ഒത്തു പോകുവാന്‍ കഴിയില്ലെന്നുമുള്ള ഇതില്‍ നിന്നും വിടുതല്‍ നല്‍കണമെന്നുമുള്ള ആവശ്യവുമായി സൈദ് പിന്നെയും പ്രവാചകനെ സമീപിക്കുന്നത്. ഈ സമയം സൈദ് സൈനബിനെ വിവാഹ മോചനം ചെയ്താല്‍ ദത്ത് സമ്പ്രദായം ഇല്ലാതാക്കുന്നതിന്റെ പ്രായോഗിക നടപടി എന്ന നിലയില്‍ സൈനബുമായി തന്റെ വിവാഹത്തിന്നു ദൈവകല്പന വരുന്നതിനെ പ്രവാചകന് ഭയപ്പെട്ടു.
അന്നു നിലനിന്നിരുന്ന വ്യവസ്ഥയനുസരിച്ച് വളര്‍ത്തു പുത്രന്റെ ഭാര്യ സ്വന്തം മകന്റെ ഭാര്യയെ പോലെയായിരുന്നു സമൂഹം പരിഗണിച്ചിരുന്നത്. താന്‍ സമൂഹ മധ്യേ അപമാനിതനാകുമെന്ന കാര്യം പ്രവാചകനെ വേദനിപ്പിച്ചു. പക്ഷെ, സമൂഹത്തിന്റെ കണ്ണിലൂടെയല്ല ദൈവത്തിന്റെ നിയമങ്ങള്‍ നടപ്പിലാക്കുക എന്നും അത് ദൈവത്തിന്റെ ഇച്ഛക്ക്നുസൃതമായി മാത്രമാണെന്നും പ്രവാചകനെ ദൈവം അറിയിച്ചു.
അതോട് കൂടി സൈദിന്റെ താത്പര്യത്തിന്നു വിരുദ്ധമായി ആ വിവാഹം നീട്ടികൊണ്ട് പോകണമെന്നു പറയാന്‍ പ്രവാചകന് പാടില്ലാതെയായി. ഇതിന്റെ പരിണതിയെങ്ങിനെയാകുമെന്ന് പ്രവാചകന്നറിയാമായിരുന്നു.
ഇവിടെയും ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുന്നു. അറബ് സമൂഹത്തില്‍ ഒരു വിധവക്ക് പുനര്‍വിവാഹം എന്നത് ഒരു പ്രശ്നമായിരുന്നില്ല. ( വര്‍ത്തമാന കാലത്തിലും) - വിധവയെ ഒരപശകുനമായി കാണുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വിവാഹമോചനം വിലയിരുത്തുമ്പോള്‍ ഇതുള്‍കൊള്ളാന്‍ കുറച്ചു പ്രയാസം ഉണ്ടാകും.
രണ്ടാമതായി പ്രവാചകന് നടത്തിയ ഈ വിവാഹം പരാജയപ്പെടുന്നത് പ്രവാചകന്റെ പരാജയമല്ലെ എന്ന ചോദ്യമാണു. ഉത്തരം- പ്രവാചകനെ ഒരു മനുഷ്യനായി തന്നെയാണ് മുസ്ലിങ്ങള്‍ കാണുന്നത് എന്നതാണു. ഇതൊരു വിവാഹം മാത്രമല്ലെ, പ്രവാചകന് നേതൃത്വം നല്കിയ ഒരു യുദ്ധം പരാജയപ്പെട്ടിട്ടുണ്ടല്ലോ?
മൂന്ന്- കുലമഹിമയില്ലാതാക്കാന്‍ നടത്തിയ ഒരു വിവാഹത്തിന്റെ പരാജയം പിന്നെയും കുലമഹിമ കൂടുതല്‍ ശക്തമാക്കുകയല്ലെ ചെയ്യുന്നത്?
കുലമഹിമ തീരെ ഇല്ലാതാകുന്ന ഒന്നല്ല, മറിച്ച് ദാമ്പത്യത്തില്‍ ഇണയെ തിരഞ്ഞെടുക്കുന്നതിന്ന് ഇവക്കൊന്നുമല്ല പ്രാധാന്യം നല്‍കേണ്ടത് എന്ന പാഠമാണിവിടെ പരിഗണന അര്‍ഹിക്കുന്നത്- ഇതിന്നു ചുവടുപിടിച്ച് പല വിവാഹ ബന്ധങ്ങള്‍ക്കും തുടക്കം കുറിച്ചു എന്നതാണിതിന്റെ ഗുണപരമായ വശം.
നാല്- പ്രവാചകന് എങ്ങിനെയെങ്കിലും ഈ വിവാഹം നിലനിര്‍ത്താന്‍ ശഠിക്കാമായിരുന്നില്ലെ?
എങ്ങിനെയെങ്കിലും നില നിര്‍ത്തേണ്ട ഒന്നൊന്നുമല്ല വിവാഹ ജീവിതം. അവിടെ മനസ്സുകള്‍ തമ്മില്‍ അടുപ്പമില്ല എങ്കില്‍ ഒരാളെ ക്രൂശിക്കുന്നതിന്നു തുല്യമാകും. പരസ്പരം വിട്ടു വീഴ്ച ചെയ്തു മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തത് ഒഴിവാകുക തന്നെയാണഭികാമ്യം.
എന്തായാലും വിവാഹമോചനം നടന്നു. ശേഷം ദൈവ കല്പനയാല് പ്രവാചകനുമായുള്ള സൈനബിന്റെ വിവാഹവും .
നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്ഹതയുള്ളവന് അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര് അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്റെ കല്പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്റെ കല്പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.
അതായത് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്റെ നടപടി. ) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി.
മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(സൂറത്തുല്‍ അഹ്സാബ്-37-40)
സ്വാഭാവികമായും ആളുകള്‍ മുഖം ചുളിച്ചു, അന്നെവരെയുള്ള സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രശനം. പക്ഷെ ആളുകള്‍ കുടുമ്പത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയും വ്യക്തിപരമായ അസ്ഥിത്വമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ ഈ നടപടികള്‍ കാരണമാവുകയും ചെയ്തു. അതായിരുന്നു ഈ വിവാഹത്തിന്റെ ഉദ്ദ്യേശ്യലക്ഷ്യവും.
ഈ സംഭവത്തെ കാളിദാസന് തന്റെ കാവ്യഭാവനയില്‍ വികൃതമായി ചിത്രീകരിക്കുന്നതിന്നുള്ള മറുപടി അടുത്ത പോസ്റ്റില്‍-
![[Patents1+1977-2008.jpg]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUjKGCycDqIxvRefR_1lb8Y1zp0tVpQVc5l2g_7lMbdz4B2VYc0Jjv1mdCOb9T_8qs56CpMYLsiW_YKfoa_WBtZ588NH_aixEgHl_s6-nTDQ6ahN8b7GFHwRVwepDhSlSlusZDBQmhWv-L/s1600/Patents1+1977-2008.jpg)