Wednesday, June 17, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-4

ഇത്രയും നാം ചര്‍ച്ചചെയ്തത് നമ്മുടെ പ്രപഞ്ചൊത്പത്തിയുടെ അറിവെന്ത് എന്നു വിശകലനം ചെയ്യുവാനായിരുന്നു. ഒരു പ്രസ്ഥാവനയുടെ തുടര്‍ച്ച ഈ രീതിയിലല്ലാതെ കഴിയില്ല എന്നതിനാലാണ് ഇത്ര വിശദീകരിക്കേണ്ടി വന്നത്.
ഇനി പരിശുദ്ധ ഖുര്‍‌ആന്‍ പ്രപഞ്ചോല്‍‌പത്തിയെ കുറിച്ച് എന്തു പഠിപ്പിക്കുന്നു എന്നാണോ? ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഖുര്‍‌ആന്‍ പ്രപഞ്ചോല്‍‌പത്തിയെ കുറിച്ച് ഒന്നും തന്നെ പഠിപ്പിക്കുന്നില്ല . ഖുര്‍‌ആനിന്റെ ദൌത്യം അതല്ല. അത് പറയുന്നത് മനുഷ്യസംസ്കരണവും അതു വഴിയുള്ള ജീവിതമോക്ഷവുമാണ്. പ്രപഞ്ചമെങ്ങിനെ ഉണ്ടായി എന്നറിയാത്ത ഒരാള്‍ക്ക് മോക്ഷത്തിന്റെ വഴി അടഞ്ഞിരിക്കുന്നു എന്ന് വാദിക്കുമ്പോഴല്ലെ ഖുര്‍‌ആന്‍ ഇത് പഠിപ്പിക്കുന്നെന്ന് സമര്‍‌ത്ഥിക്കേണ്ടതുള്ളൂ.
പിന്നെയോ പലകാര്യങ്ങളെ കുറിച്ചും പറയുന്നതിന്നിടയില്‍ ആ വരികള്‍ക്കിടയില്‍ ചില കാര്യങ്ങളെ കുറിച്ച് ചില സൂചനകള്‍ പറഞ്ഞു പോകുന്നുവെന്നു മാത്രം. അങ്ങിനെ പറഞ്ഞു പോയ ചില വാചകങ്ങള്‍ ആകാശത്തെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള പരാമര്‍‌ശങ്ങളില്‍ ചില ശാസ്ത്ര കണ്ടെത്തലുകളുമായി ഒത്തുവരുന്നു എന്നു മാത്രം. ഇത് പറയുമ്പോഴേക്ക് ചിലര്‍ ശാസ്ത്രമെന്നത് തങ്ങളുടെ അപ്പനപ്പൂന്മാരായി കൈവക്കുന്ന തറവാട്ടു സ്വത്താണെന്ന രീതിയില്‍ കുന്തവും കോലുമായി വരും . എന്നിട്ട് അറിയാത്ത കാര്യങ്ങളുമായി തെറിവിളി നടത്തും. എന്നിട്ടതിന്നു വിമര്‍‌ശനമെന്ന് ഓമനപ്പേരുമിട്ടു വിളിക്കും. അങ്ങിനെ വിമര്‍‌ശിക്കപ്പെട്ടവയെ ഒന്നു പരിജയപ്പെടാം.
അതിന്നു മുമ്പ് ഈ പോസ്റ്റില്‍ ഖുര്‍‌ആനിലെ ചില പദങ്ങളെ നിങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവരികയാണ്.
അറബിയില്‍ ആകാശം എന്നര്‍ത്ഥം വരുന്ന പദം സമാ‌അ് (samaaU) എന്നാണ്. അതിന്റെ ബഹുവചനമാകട്ടെ സമാവാത്ത് (Samaavaath) എന്നാണ്. ആകാശങ്ങള്‍ എന്നര്‍ത്ഥം. ഈ രണ്ടു പദങ്ങളും ഖുര്‍‌ആനില്‍ കാണാം, എന്നാല്‍ ഇവ ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ രണ്ടായിട്ടു തന്നെയാണ്. കൂടാതെ സമാഉല്‍ ദുനിയ (Samaa-ul-Duniyaa) എന്ന പദം മൂന്നു പ്രാവശ്യം ഖുര്‍‌ആന്‍ ഉപയോഗിച്ചിട്ടുണ്ട്.
അറബിയില്‍ രണ്ടു പദങ്ങളെ ചേര്‍ത്ത് ഒരു പദമാക്കി മാറ്റുമ്പോളാണ് ഉല്‍ എന്നത് ചേര്‍ക്കുന്നത്.
ഉദാഹരണത്തിന്നു ബൈത്തുല്‍ മാല്‍ (ബൈത്ത്-വീട് : മാല്‍- ധനം : ധനം കൈകാര്യം ചെയ്യുന്ന സ്ഥാപനം).
മസ്ജിദ് ഉല്‍ ഹറം ( മസ്ജിദ്- പള്ളി : ഹറം- പവിത്രമായ :- പവിത്രമായ പള്ളി)
അത് പോലെ സമാ‌അ്-ആകാശം(ഏകവചനമാണ്) എന്നതും ദുനിയ എന്ന ഇഹലോകം എന്നതും ചേര്‍ന്നതാണ് സമാ‌അ് ഉല്‍ ദുനിയ് ( ഇത് ഉച്ചരിക്കുന്നത് സമാഉദ്ദുനിയ എന്നാണ്) .
അതായത് ഈ ലോകമുള്‍കൊള്ളുന്ന ആകാശമാണ് സമാഉദ്ദുനിയ.
ഖുര്‍‌ആനില്‍ ഈ പദമുപയോഗിച്ച മൂന്നു വാക്യങ്ങളാണുള്ളത്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. ശരിക്ക്‌ അണിനിരന്നു നില്‍ക്കുന്നവരും,

  2. എന്നിട്ട്‌ ശക്തിയായി തടയുന്നവരും,

  3. എന്നിട്ട്‌ കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;

  4. തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.

  5. അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

  6. തീര്‍ച്ചയായും സമാഉദ്ദുനിയായെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.

അദ്ധ്യായം 037 സ്വാഫ്ഫാത്

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

  2. നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

  3. ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?

  4. പിന്നീട്‌ രണ്ടു തവണ നീ കണ്ണിനെ തിരിച്ച്‌ കൊണ്ട്‌ വരൂ. നിന്‍റെ അടുത്തേക്ക്‌ ആ കണ്ണ്‌ പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.

  5. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

    വിശുദ്ധ ഖുര്‍‌ആന്‍: അദ്ധ്യായം - മുല്‍ക്ക്

    പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍

    9. നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.

    10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍

    11. പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.

    12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.

    13. എന്നിട്ട്‌ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ്‌ എന്നീ സമുദായങ്ങള്‍ക്ക്‌ നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു.

    അദ്ധ്യായം 41-ഫുസ്സിലത്ത്-

    ഞാന്‍ ഈ ആയത്തുകള്‍ മാത്രം എടുത്ത് കൊടുക്കാതെ കുറച്ചു കൂടുതല്‍ കാണിക്കുന്നത് നിങ്ങള്‍ ചില കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ വേണ്ടിയാണ്. ഖുര്‍‌ആനില്‍ ആകാശം എന്ന പദം മാത്രം 298 തവണ വരുന്നുണ്ട്. അത് മാത്രം എടുത്ത് കൊടുത്താല്‍ ഇതെന്തോ ആകാശത്തെ കുറിച്ച് പറയുന്ന ഒരു പുസ്തകമാണെന്ന് ധരിപ്പിക്കുവാന്‍ എളുപ്പമാണ്. ഇവിടെ മുകളില്‍ മാത്രം എത്ര പ്രാവശ്യം ആകാശം കടന്നു വരുന്നു. അതൊന്നും തന്നെ ആകാശമെന്തെന്നു പഠിപ്പിക്കാനല്ല.

    ഈ സമാഉദ്ദുനിയ ഉപയോഗിച്ച മൂന്നു ഭാഗത്തും വിളക്കുകള്‍ കൊണ്ടലങ്കരിച്ചു എന്നത് വെറും യാദൃച്ഛികതയല്ല. വളരെ ബോധപൂര്‍വ്വം തന്നെയാണ്. നമ്മുടെ ദൃഷ്ടിയോഗ്യമായ അകാശമെന്നര്‍ത്ഥം. അവിടെയേ നമുക്ക് പ്രകാശത്തെ കാണുവാന്‍ കഴിയൂ എന്നു നാം പ്രകാശത്തിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ചര്‍‌ച്ച ചെയ്തതാണ്. അതായത് സമാഉദ്ദുനിയ എന്നത് നാമുള്‍കൊള്ളുന്ന ആകാശലോകത്തെ കുറിക്കുന്നതാണ്. ഭൂമിയുള്‍കൊള്ളുന്ന ഭൂമിയുടെ ആകാശത്തെ!!!!

    തുടരും ................

7 comments:

പാര്‍ത്ഥന്‍ said...

ഖുര്‍‌ആനിന്റെ ദൌത്യം അതല്ല. അത് പറയുന്നത് മനുഷ്യസംസ്കരണവും അതു വഴിയുള്ള ജീവിതമോക്ഷവുമാണ്.

ജീവിത മോക്ഷം എന്താണ് ?

പ്രപഞ്ചം താങ്കൾ വിവരിക്കുന്നുണ്ടല്ലൊ.

sHihab mOgraL said...

വായിക്കുന്നുണ്ട്..

Junaid | ജുനൈദ് said...

നല്ല പോസ്റ്റ്, നന്നായി വിവരിച്ചിരിക്കുന്നു. :)

Anonymous said...

അങ്ങിനെ പറഞ്ഞു പോയ ചില വാചകങ്ങള്‍ ആകാശത്തെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള പരാമര്‍‌ശങ്ങളില്‍ ചില ശാസ്ത്ര കണ്ടെത്തലുകളുമായി ഒത്തുവരുന്നു

അങ്ങനെ ഒത്തുവരുന്ന ആകാശ(ലോക)ങ്ങളില്‍ എവിടെയായിട്ടുവരും സ്വര്‍ഗ്ഗ-നരകങ്ങള്‍? അറ്റ്‌ലീസ്റ്റ് സ്വര്‍ഗ്ഗം - അങ്ങോട്ടേയ്ക്കാണല്ലോ മ്മളൊക്കെ മോക്ഷം കിട്ടി പോകാന്‍ വെയ്റ്റ് ചെയ്തിങ്ങനെ ഇരുപ്പ്.

(ലോഗിന്‍ ചെയ്തെഴുതാനുള്ള ധൈരിയം ഇല്ലാത്തോണ്ടുതന്നെ)

കാട്ടിപ്പരുത്തി said...

പാര്‍ത്ഥന്‍ - ചര്‍ച്ച വഴിമാറുമെന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ വയ്യ, വളരെ കൂടുത റഫര്‍ ചെയ്തുറപ്പു വ്രുത്തി എഴുതുകയാണ്, അതിനാല്‍ വിഷയത്തില്‍ നിന്നും പുറത്തു പോവാന്‍ വയ്യ. ക്ഷമിക്കുമല്ലോ?

എവീടെ എന്നതില്‍ വ്യാകുലപ്പെടാതെ എങ്ങിനെയെത്തുവാന്‍ കഴിയുമെന്നന്യേഷിക്കൂ അജ്ഞാതനേ-
വളരെയരികിലായിട്ടുമെത്താനാവുകില്ലെങ്കിലും വളരെയകലായിട്ടു മെത്താനാവുമെങ്കിലും ഒരു പോലെയാവില്ലല്ലോ?

Jack said...

പറഞ്ഞു...2010, ജൂണ്‍ 28 1:49 am നിങ്ങളുടെ അഭിപ്രായം സംരക്ഷിക്കപ്പെട്ടു കൂടാതെ ബ്ലോഗ് ഉടമയുടെ അംഗീകാരത്തിനു ശേഷം അത് ദൃശ്യമാകും.

ബ്ലോഗ് ഉടമക്ക് ഇത് ലഭിക്കാത്തതുകൊണ്ട്(കാട്ടിപ്പരുത്തി , "പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആലനില്‍-5, 2010, ജൂലൈ 5 1:34 am ") ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു.


പ്രപഞ്ചഘടകങ്ങൾ ഖുര്ആനിൽ

പ്രപഞ്ചത്തിന് ആകാശങ്ങൾ, ഭൂമി, അവയ്ക്കിടയിലുള്ളത് എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. (37:5)
അവ ഒട്ടിച്ചേർന്നല്ല കിടക്കുന്നത്. ഇത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിമാനം പറക്കുന്നത് ഭൂമിയിൽ കൂടിയോ, ആകാശത്തു കൂടിയോ അതൊ ഇവക്കിടക്കുള്ള സ്ഥലത്ത് കൂടിയോ, നക്ഷത്രങ്ങൾ എവിടെ സ്ഥിതി ചെയ്യുന്നു മുതലായ പ്രശ്നങ്ങൾ.

പ്രപഞ്ച സൃഷ്ടി പ്പ് ഖുര്ആനിൽ

ആകാശങ്ങളേയും, ഭൂമിക്കും അവയ്ക്കിടയിലുള്ളതിനേയും എപ്പോൾ സൃഷ്ടിച്ചു എന്ന് പറയുന്നില്ല. ഒന്നുകിൽ അവ അനാദി അല്ലെങ്കിൽ അവയെ ഭൂമിക്കു മുമ്പ് സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിപ്പ് പ്രക്രിയ തുടർച്ചയല്ലെങ്കിൽ അവയെ ഭൂമി സൃഷ്ടിച്ചതിന് ശേഷമാവാനും സാധ്യതയുണ്ട്. ഭൂമിയെ സൃഷ്ടിക്കാൻ 2 ദിവസവും (41:9)അതിനെ വാസയോഗ്യമാക്കൻ 4 ദിവസവും (41:10) പുകയായിക്കിടന്ന ആകാശത്തെ അടുക്കുകളാക്കി(67:3) ഏഴ് ആകാശങ്ങളായി വിഭജിക്കാൻ 2 ദിവസവും(41:12) എടുത്തു. അങ്ങനെ ആകെ 8 ദിവസം. ആകാശങ്ങളേയും, ഭൂമിക്കും അവയ്ക്കിടയിലുള്ളതിനേയും സൃഷ്ടിപ്പ് കൂടി പരിഗണിച്ചാൽ, ദിവസങ്ങൾ ഇനിയും കൂടും. ഭൂമി, വാസ യോഗ്യമായിരുന്ന കാലത്ത് ചൻദ്രനെയും സൂര്യനേയും മറ്റു നക്ഷത്രങ്ങളും സൃഷ്ടിച്ചിരുന്നില്ല. അന്ന് സൃഷ്ടികളോട് ആശയവിനിമയം നടത്തുവാൻ അല്ലാഹുവിന് ദൂതൻമാരെ ആശ്രയിക്കേണ്ടിയിരുന്നില്ല. നേരിട്ട് കൂടിയാലോചിച്ചേ തീരുമാനങ്ങൾ എടുക്കുമായിരുന്നുള്ളു. ഭൂമിയും ആകാശങ്ങളും സംസാരിക്കുമായിരുന്നു.(41:11)

പ്രപഞ്ചഘടന ഖുര്ആനിൽ

പ്രപഞ്ചത്തിന്റെ ഘടന നിർണ്ണയിക്കുന്നത് ഭൂമിയുടെ ആകൃതിയാണ് . ആകൃതിയെപ്പറ്റി ഈ സൂക്തങ്ങളിൽ യാതൊരു സൂചനയും തരുന്നില്ല. നമുക്ക് ഉരുണ്ടതാണെന്ന് സങ്കൽപിക്കാം. ഭൂമിയിൽ നിന്നുള്ള അകലമനുസരിച്ച് അവയെ നമുക്ക് നമ്പരിടാം. അതു കൊണ്ട് ഒന്നാനാകാശം ഈ ഭൂമി ഉൾകൊള്ളുന്ന ആകാശം(സമാ-അ-ദ്ദുൻയാ) ആണ്. അത് ഉരുണ്ട ഭൂമിയെ പൊതിഞ്ഞിരിക്കും. ആകാശങ്ങൾ തട്ടുകളായതു(67:3) കൊണ്ട് രണ്ടാനാകാശം അതിനെ പൊതിഞ്ഞിരിക്കും. മൂന്നാനാകാശം അതിനെയും. അങ്ങനെ ഏഴ് ആകാശങ്ങൾ. ഏറ്റവും ഉള്ളിൽ ഭൂമി. അതായത് പ്രപഞ്ചത്തിന്റെ കേൻദ്രം ഭൂമിയായിരിക്കും. പിശാചുക്കളെ എറിഞ്ഞോടിക്കാൻ വേണ്ടി(67:5), നക്ഷത്രങ്ങളേയും മറ്റും, ഭൂമിക്കു ചുറ്റുമായാണ് വിന്യസിച്ചിരിക്കുന്നത്.

ഇതിൽ നിന്നും പ്രപഞ്ചത്തിന്റെ ആകൃതി അടുക്കുകൾ തൊടാതെയുള്ള ഉള്ളിയുടേതു പോലെയാണെന്ന് വ്യക്തമായല്ലോ. അതിന്റെ കേൻദ്രം ഭൂമിയും.
.
എനി ഭൂമി പരന്നതാണെന്ന് സങ്കൽപിച്ചാൽ, പ്രപഞ്ചത്തിന്റെ ആകൃതി തൂണുകളും ചുമരുകളുമില്ലാത്ത ഒരു ഏഴു നിലക്കെറ്റിടത്തിന്റേതു പോലെയായിറിക്കും. അതിലെ നിലമാണ് ഭൂമി.

2010, ജൂലൈ 5 8:44 am

കാട്ടിപ്പരുത്തി said...

ഈ കമെന്റ് നിങ്ങള്‍ പോസ്റ്റ് ചെയ്തത് പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-3 ലാണു. അതിന്നവിടെ എന്നോ മറുപടിയും കൊടുത്തു കഴിഞ്ഞതാണു. ദയവു ചെയ്ത് കമെന്റുകള്‍ ഫോളോ ചെയ്യുക. എങ്കില്‍ ഈ പ്രശ്നം ഉണ്ടാകില്ല.