Saturday, June 20, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-6

(അതിനു മുമ്പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു (11:7)
രണ്ടാമത്തതിന്നുള്ള മറുപടി
ഇതില്‍ തന്നെ രണ്ടുകാര്യങ്ങള്‍ കടന്നു വരുന്നു. സിംഹാസനവും വെള്ളവും.
അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസങ്ങളില്‍ ഏറ്റവും പ്രധാനമായത് അള്ളാഹുവിനെ കുറിച്ച്, അവന്റെ സത്തയെ കുറിച്ചും ഗുണവിശേഷങ്ങളെ കുറിച്ചും അവനറിയിച്ചു തന്നതല്ലാത്തതൊന്നും തന്നെ അതില്‍ കൂടുതലായോ കുറവായോ വിശദീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നത് അവനെ കുറിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പെട്ട്താണ് . ഒന്ന് വിശദീകരിക്കുകയാണെങ്കില്‍ അല്ലാഹുവിനെ കുറിച്ചും അവനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നമുക്ക് നമ്മുടെതായ ഒരു ചിത്രവും വ്യാഖ്യാനവും പാടില്ല . കാരണം നാമുണ്ടാക്കുന്ന എല്ലാ ഭാവനകളും നമ്മുടെ പരിധിയിലൊതുങ്ങുന്നതാവും. നമ്മുടെ പ്രാപഞ്ചികമായ പരിമിതിയില്‍. അല്ലാഹുവാകട്ടെ നമ്മുടെ പ്രപഞ്ചത്തിനു മാത്രമല്ല, അതുപോലെയുള്ള ഏഴുപ്രപഞ്ചങ്ങള്‍ക്കുമതീതനാണ്.
അള്ളാഹുവിനെ കുറിച്ച് ഏറ്റവും പ്രാഥമികമായത് അവനെ പ്പോലെ മറ്റോന്നുമില്ല എന്നതാണ്. അതായത് നമുക്ക് എങ്ങിനെ ചിന്തിച്ചെടുത്താലും അവന്റെ ഒരു രൂപം ഉള്‍കൊള്ളാന്‍ ആവുകയില്ല.
കണക്കിലെ ഒരു സൂത്രവാക്യമാണ് if a=b then b=a
അതായത് ഒന്നും ഒന്നും രണ്ടാണെങ്കില്‍ രണ്ടെന്നത് ഒന്നും ഒന്നുമാണ്.
ഒന്നും ഒന്നുമെന്നത് രണ്ടെല്ലാത്തതൊന്നുമല്ല എന്നു പറയുമ്പോള്‍ രണ്ടെല്ലാത്തതൊന്നും തന്നെ ഒന്നും ഒന്നില്‍ നിന്നുമാവില്ലെന്നുമാകുന്നു.
അല്ലാഹുവിനെ കുറിച്ച് നമുക്കൊരിക്കലും ചിന്തയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നു പറയുമ്പോള്‍ നമ്മുടെ ചിന്ത രൂപപ്പെടുത്തിയെടുക്കുന്നതൊന്നും തന്നെ അല്ലാഹുവാകില്ലെന്നും വരുന്നു.
അതിനാല്‍ വെള്ളം, സിംഹാസനം എന്നെല്ലാം നമ്മള്‍ നമ്മുടെ ചിന്തയിലെ വെള്ളവും നാലുകാലുള്ള സിംഹാസനത്തിലുമായി ഒതുക്കുന്നത് നമ്മുടെ കഴിവുകേടിന്റെ ഭാഗം മാത്രമാണ്. പറഞ്ഞെതെന്തോ അതങ്ങിനെ വിശ്വസിക്കുക. എല്ലാറ്റിന്റെയും ഉത്തരം കിട്ടണമെങ്കില്‍ നാം പ്രപഞ്ചാതീതരാവേണ്ടി വരും. അത് നമ്മുടെ നിസ്സഹായവസ്ഥയാണ്.
കൂടാതെ വെള്ളം എന്ന പദമായ മാ‌അ് എന്നതിന്നു ദ്രാവകം, ഒഴുകുന്നത് എന്നല്ലാം അര്‍ത്ഥമുള്ള ഒരു വാക്കും.
എന്നിരുന്നാലും ഈ പദം എനിക്കു വളരെ അത്ഭുതമുണ്ടാക്കിയ ഒരു വാക്യമാണ്. കാരണം ഭൂമിയെയും ആകാശങ്ങളെയും സൃഷ്ടിച്ചുവെന്നു പലയിടത്തും ഖുര്‍‌ആനില്‍ പലയിടത്തും കാണുമ്പോള്‍ വെള്ളത്തെ കുറിച്ച് പറയുന്ന്ത് മനുഷ്യര്‍‌ക്ക് അനുഗ്രഹമായി ഇറക്കിത്തന്നതായാണ് ഖുര്‍‌ആന്‍ പറയുന്നത്.
നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌ അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത്‌ ( വെള്ളം ) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം ( അല്ലാഹു ) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (സൂറത്തു ത്വാഹ-53)
‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------
അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌ (സൂറത്തു നഹല്‍-65)
ഇവിടെയെല്ലാം ആകാശത്തുനിന്നും ഭൂമിയിലേക്ക് അല്ലാഹുവിന്റെ ഒരനുഗ്രഹമായി ഇറക്കിയതായാണ് വെള്ളത്തെ പരിചയപ്പെടുത്തുന്നത്.
മാത്രമല്ല 1996-ല്‍ നാസ ചൊവ്വയിലേക്കു പാത്ത്ഫൈന്റര്‍ എന്ന ബഹിരാകാശപേടകത്തെ വിക്ഷേപിച്ചപ്പോള്‍ ഒരു പ്രധാന ദൌത്യം ചൊവ്വയില്‍ വെള്ളമുണ്ടോ എന്നു നിരീക്ഷിക്കുക കൂടി ആയിരുന്നെന്നു നാം വായിക്കുന്നു. ചൊവ്വയില്‍ ജീവന്റെ അംശമുണ്ടോ എന്ന് അറിയുവാനായിരുന്നിത്. മറ്റൊരു ഭാഷയില്‍ വെള്ളം ജീവന്റെ ഒരു അടയാളമായാണ് ശാസ്ത്രലോകം കാണുന്നത്.
ഇവിടെ അല്ലാഹുവിന്റെ അര്‍ശ് ( സിംഹാസനം എന്നു നമ്മളര്‍ത്ഥം കൊടുത്തപദം) വെള്ളത്തിന്നു മുകളിലായിരുന്നുവെന്നു പറയുന്നവര്‍ ജീവന്റെ ഒരു പ്രതിഭാസമായ വെള്ളം ഏഴു പ്രപഞ്ചങ്ങള്‍ക്കുമുപരി ജീവനുള്ള അല്ലാഹുവിന്റെ സമീപമുള്ള ഒരു വസ്തുതയാണെന്ന് ഖുര്‍‌ആന്‍ വെളിപ്പെടുത്തുന്നതിനെ കുറിച്ചെന്തു പറയുന്നു.
ഖുര്‍‌ആനിലെ ഏറ്റവും പ്രധാനമായ സൂക്തങ്ങളിലൊന്നായ ആയത്തുല്‍ ഖുര്‍സിയ്യ് എന്നറിയപ്പെടുന്ന സൂക്തത്തില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് എങ്ങിനെയെന്നു നോക്കാം.
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെഅറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെഅധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ (ആയത്തുല്‍ കുര്‍സിയ്യ്- സൂറത്തുല്‍ ബഖറ-255)
എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിന്റെ അനുഗ്രഹമായി ഭൂമിയിലേക്കു വന്ന വെള്ളവും കുടിച്ച് അവന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരോടെന്തു പറയാന്‍.
ഇവര്‍ക്കുള്ള മറുപടി വിശുദ്ധ ഖുര്‍‌ആന്‍ 1400 വര്‍‌ഷങ്ങള്‍ക്കു മുമ്പ് നല്‍കിയിട്ടുണ്ട്- ജബ്ബാര്‍ ആദ്യത്തില്‍ തന്നെ എടുത്തു കൊടുത്ത ഖുര്‍‌ആന്‍ സൂക്തമുണ്ടല്ലോ- അത് പകുതി മുറിച്ചര്‍ത്ഥം പറഞ്ഞതാണ്- അതിന്റെ പൂര്‍‌ണ്ണരൂപമിങ്ങനെ. ( അറബിയില്‍ അതിന്റെ മുഴുവന്‍ കൊടുത്തിട്ടുണ്ടായിരുന്നു)
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവന്‍റെ അര്‍ശ്‌ ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ്‌ കര്‍മ്മം കൊണ്ട്‌ ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന്‌ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന്‌ ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌ എന്ന്‌ നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത്‌ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. (സൂറത്തുല്‍ ഹൂദ്- 7)
ഇതെല്ലാം പറഞ്ഞാലും ജബാറിനെപ്പോലെയുള്ളവര്‍ പറയും ഇതൊരു മുഹമ്മദ് കട്ടെടുത്ത് അന്നത്തെ ബുദ്ധിലെഴുതിയതാണെന്ന്.
അപ്പോള്‍ ജബ്ബാറിന്റെ ആ വെള്ളമങ്ങ് അടുപ്പത്തുനിന്നും മാങ്ങി വെച്ചോട്ടെ.
തുടരും............

9 comments:

sHihab mOgraL said...

പ്രവാചകത്വം ലഭിക്കുന്നതിന്ന് മുമ്പ് വരെ (40- ‌വയസ്സു വരെ) തന്റെ സമൂഹത്തില്‍ ഒരു അപവാദം പോലുമുയര്‍ത്താനില്ലാത്ത വിധം "വിശ്വസ്തന്‍" എന്ന് പരക്കെ അറിയപ്പെട്ട ഒരു മനുഷ്യന്‍, പിന്നീട് സമൂഹത്തിന്ന് മുമ്പില്‍ "ദൈവം ഏകനാണ്‌" എന്ന ഒരു തത്വം പ്രചരിപ്പിക്കുകയും ഒരു ദൈവികജീവിത പദ്ധതി കാട്ടിക്കൊടുക്കുകയും ചെയ്തപ്പോള്‍, സമൂഹം "ഭ്രാന്തന്‍" എന്ന് മുദ്ര കുത്തുകയും, കല്ലെറിഞ്ഞോടിക്കുക വരെ ചെയ്തിട്ടും...
അന്ന് സമൂഹത്തില്‍ ലഭിക്കുമായിരുന്ന സകല സുഖാനുഭൂതികളും വാഗ്ദാനം ചെയ്ത് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും...

അപ്പൊഴും, "ഒന്നുകില്‍ മുഹമ്മദ് ഇത് കൊണ്ട് വിജയിക്കും, അല്ലെങ്കില്‍ ഇതേ പാതയില്‍ കിടന്ന് മരിക്കും" എന്ന് പ്രഖ്യാപിക്കാനുണ്ടായ പ്രചോദനം ...

ഒരു നിരക്ഷരന്റെ വായിലൂടെ പ്രചരിപ്പിക്കപ്പെട്ട തത്വശാസ്ത്രം ഇന്ന് ലോകം മുഴുവന്‍ വിപ്ലവമുയര്‍ത്തുന്നതിന്റെ രഹസ്യം..

"ഇത് ദൈവത്തില്‍ നിന്ന് അവതീര്‍ണ്ണമാണെ"ന്ന് സ്വതന്ത്രപ്രഖ്യാപനം നടത്തുന്ന ഒരേയൊരു ഗ്രന്ഥം..

"അന്ത്യദിനം വരെ ഇത് (ഗ്രന്ഥം) നാം സൂക്ഷിച്ചു കൊള്ളും" എന്ന് ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തുന്ന ഗ്രന്ഥം..

എല്ലാത്തിനുമര്‍ത്ഥം ഇത് ദൈവികമാണ്‌ എന്നു തന്നെ ഞാന്‍ മനസ്സിലാക്കുന്നു..

Manoj മനോജ് said...

"ഇവര്‍ക്കുള്ള മറുപടി വിശുദ്ധ ഖുര്‍‌ആന്‍ 1400 വര്‍‌ഷങ്ങള്‍ക്കു മുമ്പ് നല്‍കിയിട്ടുണ്ട്- "
മനുഷ്യ ചരിത്രത്തിന് വെറും 1400 വര്‍ഷം മാത്രം പ്രായമേയുള്ളൂ :) അതിന് മുന്‍പ് ഭൂമിയിലെ ആര്‍ക്കും ഈ വെളിപാടുകള്‍ നല്‍കാന്‍ പുള്ളിക്കാരന് മടിയായിരുന്നു! അതോ ആ വെളിപാടുകള്‍ തങ്ങള്‍ക്ക് അംഗീകരിക്കുവാനാകില്ല എന്നാണോ?

മാഷേ പുതിയ മതം എന്നത് മുന്‍പ് ഉണ്ടായിരുന്നവയില്‍ നിന്നും രൂപം കൊണ്ടതാണെന്ന് മനസ്സിലാക്കുവാന്‍ എന്താണിത്ര പ്രയാസം. ക്രിസ്ത്യാനിറ്റിക്ക് ബദലായി രൂപം കൊണ്ട മുസ്ലീമതത്തിന്റെ പരിമിതികള്‍ മനസ്സിലാക്കിയവര്‍ രൂപം നല്‍കിയതല്ലേ ബഹായി മതം. അതിന് ശേഷവും മതങ്ങള്‍ ഉണ്ടായി, എല്ലാ മതങ്ങളെയും പോലെ ആദ്യകാല ഉറക്കത്തിലാണ് അവ. നൂറ്റാണ്ടുകള്‍ക്ക് ശേഷം അവ ഉയര്‍ന്ന് വരും. നിങ്ങള്‍ അത് അംഗീകരിക്കില്ല കാരണം അത് താങ്കള്‍ തന്നെ കഴിഞ്ഞ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. “പ്രവാചകനിലൂടെ സ്ഥിരപ്പെട്ടതാകട്ടെ നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഒരു വിധത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതുമാണ്.”

മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ തളയ്ക്കപ്പെട്ട നിസ്സഹായ അവസ്ഥ ആ വരികളില്‍ മുഴച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നത് സ്വാഭാവികമാണല്ലോ. വിശ്വസിക്കരുത് എന്നല്ല താന്‍ വിശ്വസിക്കുന്നതിന്റെ പരിമിതികള്‍ മനസ്സിലാക്കിയാല്‍ അത് സമ്മതിക്കണം അല്ലെങ്കില്‍ ജബാര്‍മാരും താങ്കളെ പോലെയുള്ളവരും തമ്മിലുള്ള സംവാദങ്ങള്‍ ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും :)

ഒന്ന് കൂടി കുറിക്കുന്നു. താങ്കള്‍ ദൈവ വചനം എന്ന് പറഞ്ഞ് എഴുതിയവ എല്ലാം തന്നെ അബ്രഹാമിക്ക് മതങ്ങള്‍ക്ക് (അബ്രഹാമിനെ വിശ്വസിക്കുന്ന മതങ്ങള്‍) മുന്‍പുള്ള മത ഗ്രന്ഥങ്ങളിലും ഉണ്ടെന്ന് വായിച്ച് മനസ്സിലാക്കുവാന്‍ ശ്രമിക്കുക. അംഗീകരിക്കണമെന്ന് പറയുന്നില്ല. എന്തായാലും താങ്കള്‍ ചരിത്രത്തിലേയ്ക്കിറങ്ങിയതല്ലേ കൂടുതല്‍ പോകണ്ട 7000ബി.സി. വരെ ഒന്ന് പോയി നോക്കുക. അപ്പോള്‍ മനസ്സിലാക്കാം മത ഗ്രന്ഥങ്ങളിലെ ആവര്‍ത്തനങ്ങള്‍. മത പുരോഹിതരുടെ ബുദ്ധിപരമായ അടിച്ചമര്‍ത്തലുകളുടെ ആവര്‍ത്തനം...

കാട്ടിപ്പരുത്തി said...

മനൊജേ- ഒരു കരച്ചിലാണല്ലോ?
ഞാന്‍ സൂചിപ്പിച്ച കാര്യങ്ങളെ കുറിച്ചെന്തിങ്കിലും ചര്‍ച്ച ചെയ്യാന്‍ ഉണ്ടെങ്കില്‍ പറയൂ. അല്ലാതെ ഒരേ മോങ്ങല്‍ തന്നെ നടത്താതെ- തലയില്‍ തേങ്ങ വീഴും.

ബഹായിമതക്കാര്‍ക്കു പറയാനുള്ളതവര്‍ പറയുമ്. എനിക്കുള്ളത് ഞാനും.

അല്ല, ഈ യുക്തി എന്നത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ.

തലച്ചോര്‍ യുക്തിവാദത്തിനിങ്ങനെ പണയപ്പെടുത്താതെ, ഒന്നാലോചിക്ക്, ശാസ്ത്രമൊക്കെ വളരെ പുരോഗമിച്ചു കഴിഞ്ഞു

Manoj മനോജ് said...

കരച്ചിലോ മോങ്ങലോ എന്തൊക്കെ ആയോ എടുത്തു കൊള്ളൂ... ഞാന്‍ ഒരു യുക്തിവാദി സംഘടനയിയിലും പെടുന്നീല്ല. എനിക്ക് എന്റേതായ ചിന്താഗതിയുണ്ട്. അതിന് ഒരു മതവും എനിക്ക് വിലങ്ങ് തടിയാകുന്നില്ല (ഒരു പക്ഷേ ഞാന്‍ ജനിച്ചത് അബ്രാഹിമിക മതത്തിലല്ലാത്തതിനാലാകാം). അത് പുതിയ സത്യങ്ങള്‍ അറിയുമ്പോള്‍ തിരുത്തി മുന്നേറും. അല്ലാതെ കിണറ്റില്‍ കിടക്കുന്ന തവളയായി കാലങ്ങള്‍ കഴിക്കണമെന്ന് ആഗ്രഹമില്ല. അത് ഒരു പക്ഷേ ഒരു ഗവേഷകന്‍ എന്ന നിലയില്‍ കിട്ടിയ കുരുത്തകേടായിരിക്കാം.

ഇപ്പോള്‍ ദൈവം ഉണ്ടെന്നോ, ഈ പ്രപഞ്ചം സൃഷ്ടിച്ചെന്നുമുള്ള വാദങ്ങള്‍ പൊള്ളയാണെന്ന വിശ്വാസത്തില്‍ തന്നെയാണ്. അല്ല എന്ന് തെളിയുന്നത് വരെ. ശാസ്ത്രത്തിനും ബിഗ് ബാങിന് മുന്‍പ് എന്ത് എന്നതിന് ഉത്തരം തരേണ്ടതുണ്ട്. കിട്ടും... ലാബില്‍ അമിനോ ആസിഡുകളില്‍ നിന്ന് ഡി.എന്‍.എ. സിന്തസൈസ് ചെയ്തെങ്കില്‍ ഇനിയും എന്തൊക്കെ സത്യങ്ങള്‍ നമുക്ക് കിട്ടും.

പിന്നെ ഒന്ന് കൂടി ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്കായിരിക്കണം ബിഗ് ബാങിന് മുന്‍പ് എന്തെന്ന് അറിയാത്തത്. ഒരു മത പൌരോഹിത്യത്തിന് അത് വരെ കിട്ടിയ അറിവുകള്‍ എങ്ങിനെ ഇല്ലായ്മ ചെയ്യാമെന്ന് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ കാണിച്ച് തന്ന് കഴിഞ്ഞില്ലേ, പാക്കിസ്ഥാനില്‍ നടപ്പിലാക്കി കാണിക്കുന്നില്ലേ? പണ്ട് റോമില്‍ കണ്ടതല്ലേ? സാധാരണ മത വിശ്വാസികള്‍ ഇതൊന്നു മറിയാതെ ദൈവത്തില്‍ അഭയം തേടുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ചൈന പോലുള്ള രാജ്യങ്ങളിലാണെങ്കില്‍ ചിന്തകളെ അടിച്ചമര്‍ത്തപെടുന്നു.

“ബഹായിമതക്കാര്‍ക്കു പറയാനുള്ളതവര്‍ പറയുമ്. എനിക്കുള്ളത് ഞാനും.“
താങ്കളെ പോലെയുള്ളവരു‍ടെ ഈ ഉരുണ്ട് കളി തന്നെയാണ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകുന്നത്. മതം തീര്‍ത്ത മതില്‍കെട്ടിനു‍ള്ളില്‍ കിടകാതെ പുറത്ത് വരുക.

താങ്കള്‍ പറയുന്ന പ്രവാചക വചനങ്ങള്‍ എന്ന് പറയുനവ അബ്രഹാം മതങ്ങളിലും അതിന് മുന്‍പുള്ള മതങ്ങളിലും ഇല്ല എന്ന് താങ്കള്‍ക്ക് തെളിയിക്കുവാന്‍ കഴിയുമോ?

മതത്തിന് വേണ്ടി ശാസ്ത്രത്തെ കൊല്ലുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ഏര്‍പ്പാടല്ലല്ലോ :)

“തലച്ചോര്‍ യുക്തിവാദത്തിനിങ്ങനെ പണയപ്പെടുത്താതെ, ഒന്നാലോചിക്ക്, ശാസ്ത്രമൊക്കെ വളരെ പുരോഗമിച്ചു കഴിഞ്ഞു“ അതെ ഇങ്ങനെ സ്വയം പണയ വസ്തുവാകാതെ ആലോചിക്കണം... ഇരു കൂട്ടരും... എന്ന് മാത്രമേ എനിക്കും പറയുവാനുള്ളൂ.

മതത്തിന്റെയും രാജാക്കന്മാരുടെയും മര്‍ക്കടമുഷ്ടിയില്‍ നഷ്ടപ്പെട്ട ശാസ്ത്ര അറിവുകള്‍ ഈ നൂറ്റാണ്ടിലെങ്കിലും മനുഷ്യര്‍ “റീ-സെര്‍ച്ച്“ ചെയ്ത് കണ്ട് പിടിക്കും അതിന് വിലങ്ങ് തടിയാകുന്ന മതങ്ങളെ (സ്റ്റെം സെല്‍ റിസര്‍ച്ച് പോലെയുള്ള ഉദാഹരണങ്ങള്‍) ശാസ്ത്രം മറികടക്കും (ഒബാമയെ പോലെയുള്ള ധൈര്യശാലികള്‍ ഉണ്ടെങ്കില്‍). സത്യങ്ങള്‍ എന്നന്നെയ്ക്കുമായി മറച്ച് വെയ്ക്കാനാകില്ലല്ലോ...

കാട്ടിപ്പരുത്തി said...

ബഹായി മതം ഞാനെന്തിനു പഠിക്കണം. അതാണ് ശരി എന്നു മനോജിന്നഭിപ്രായമുണ്ടെങ്കില്‍ ഇസ്ലാമിനേക്കാള്‍ ഇക്കാര്യങ്ങള്‍ കൊണ്ട് ബഹായിമതം കൂടുതല്‍ നല്ലതാണെന്നു പറയൂ. അപ്പോള്‍ നമുക്കന്യേഷിക്കാമല്ലോ.
അതിനെന്ത് പ്രശ്നം.

ശാസ്ത്ര അറിവുകള്‍ ഈ നൂറ്റാണ്ടിലെങ്കിലും മനുഷ്യര്‍ “റീ-സെര്‍ച്ച്“ ചെയ്ത് കണ്ട് പിടിക്കും അതിന് വിലങ്ങ് തടിയാകുന്ന മതങ്ങളെ

അങ്ങിനെ കണ്ടുപിടിക്കുമെന്നത് ഭാവികാലമല്ലേ?
നമുക്ക് അപ്പോള്‍ ചര്‍ച്ചചെയ്യാനല്ലേ കഴിയൂ. കണ്ടുപിടിച്ച കാര്യങ്ങളല്ലേ ഞാന്‍ പറയുന്നുള്ളൂ, അത് പറഞ്ഞതൊന്നും യാഥാര്‍ത്ഥ്യങ്ങളല്ല എന്ന് ആരും അഭിപ്രായപ്പെട്ടില്ലല്ലോ?

പിന്നെ കുറെ പ്രസ്താവനകളാണ്. മതം തളച്ചിട്ട മനസ്സുകളുമായി കുരുങ്ങിക്കിടക്കുന്ന എന്നെല്ലാം പറഞ്ഞ്, നമ്മളൊക്കെ തിരിഞ്ഞവരും മറ്റുള്ളവരെല്ലാം വിഡ്ഡികളും,

അബ്രഹാം എന്നാല്‍ ഇബ്രാഹിം എന്ന പ്രവാചകനായാണ് മുസ്ലിങ്ങള്‍ കരുതുന്നത്, പിന്നെ ഞങ്ങള്‍ക്കെങ്ങിനെ ഒരു പ്രവാചകനെ തള്ളിപ്പറയാന്‍ കഴിയും. നിങ്ങള്‍ക്ക് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ്ങ്ങളെ കുറിച്ചറിയാത്തത് ഞാന്‍ ബഹായിമതത്തെ കുറിച്ച് ആധികാരികമായി സംസാരിക്കുന്നത് പോലെയാകും.

മതത്തിന്നു വേണ്ടി ശാസ്ത്രത്തെ മാത്രമല്ല, മതമില്ലായ്മക്കാരും ശാസ്ത്രത്തെ കൊന്നിട്ടുണ്ട്. നോബെല്‍ സമ്മാനം കിട്ടിയ ജോര്‍ജ്ജ് ഗാമോവ് കമ്യൂണിസ്റ്റ് സ്വപ്ന ഭൂമിയില്‍ നിന്ന് മുതലാളിത്ത അമേരിക്കയിളെക്കു പാലായനം ചെയ്തതെന്തിനായിരുന്നു,
നമ്മുടെ ചര്‍‌ച്ച അതൊന്നുമല്ലല്ലോ? പ്രപഞ്ച സൃഷ്റ്റിയെ കുറിച്ചുള്ള ഖുര്‍‌ആന്‍ പരാമര്‍‌ശങ്ങളില്‍ അബദ്ധമുണ്ടോ ഇല്ലെ? ഇല്ല എന്ന എന്റെ വാദത്തെ നിരാകരിക്കാന്‍ കഴിയുമോ? ഉണ്ടെങ്കില്‍ ആവാം

കാലം said...

കാട്ടിപരുത്തി വളരെ നല്ല ശ്രമം...ഒപ്പം സര്‍വ്വ ഭാവുകങ്ങളും

ചില കിണറ്റിലെ തവളകള്‍ക്ക് തങ്ങള്‍ ഇപ്പൊഴും കിണറ്റില്‍ തന്നെയാണ് താമസിക്കുന്നത് എന്ന ബോധം പോലുമില്ലാത്തതാണ് ഇന്നിന്റെ ദു:ഖം. മറ്റുള്ളവര്‍ പൊട്ടക്കുളത്തിലും അവര്‍ സമുദ്രത്തിലുമാണെന്നതാണ് അവരുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ.

സങ്കുചിതമായ വഴിയെ ചിന്തിക്കുന്നതിന് അവര്‍ ഗവേഷണം എന്നു പേരു വിളിച്ചേക്കാം. അതവരുടെ തെറ്റു കൊണ്ടാണെന്ന് ഞാന്‍ പറയില്ല.അതവരെ വളത്തിയ സാഹചര്യത്തിന് അതില്‍ ഒരു പങ്കുണ്ട്. എല്ലാത്തിനും ശാസ്ത്രം എന്ന ഒറ്റവഴിയെ അവരുടെ മുമ്പിലുള്ളൂ. എന്താണ് ശാസ്ത്രമെന്നും ശാസ്ത്രീയത എങ്ങിനെയുണ്ടായി എന്ന ചോദ്യത്തിനും അവര്‍ക്കുത്തരമുണ്ടായിക്കൊള്ളണമെന്നില്ല. എന്നാലും നാഴികക്ക് നാല്പത് വട്ടം ശാസ്ത്രം ശാസ്ത്രം എന്ന് വിളിച്ചു കൂവി ക്കൊണ്ടേ ഇരിക്കും.ഇതല്ലേ യഥാര്‍ഥത്തില്‍ സങ്കുചിതത്വം?
ശാസ്ത്രത്തിറ്റ്നെ നിര്‍വ്വചനത്തില്‍ ഒരിക്കലും ഉള്‍പെടുത്താന്‍ കഴിയാത്ത നിരവധി സത്യങ്ങള്‍ അവരുടെ കണ്മുന്നിലും ജീവിതത്തിലും ഉണ്ടെങ്കിലും അതവര്‍ അംഗീകരിക്കില്ല.

ഏറ്റവും സങ്കടകരമായ കാര്യം മതവും ശാസ്ത്രവും തമ്മില്‍ എതിര്‍ ദിശയിലാണെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന പ്രസ്താവന വിവരക്കേടുകളാണ്.
ഏതോ കാലത്ത് ചില പുരോഹിത്യ വര്‍ഗ്ഗങ്ങള്‍ ശാസ്ത്രജ്ഞരെ പീഡിപ്പിച്ചിരുന്നു എന്നതാണ് അതിനിവര്‍ പറയുന്ന കാരണങ്ങള്‍.

പ്രിയ സുഹൃത്ത് മനോജിനോടെനീക്ക് പറയാനുള്ളത്- നാം ആരും തന്നെ നേടിയ അറിവുകള്‍ മറ്റുള്ളവരെ ഇകഴ്ത്താന്‍ മാത്രം മെച്ചപ്പെട്ടതല്ല എന്ന തിരിച്ചറിവ്- ഇനിയും അന്വേഷിക്കാനും കണ്ടെത്താനും നമ്മെ കൂടുതല്‍ സഹായിക്കും എന്നാണ്.

Anonymous said...

മൊഗ്രാലേ..

“ഒരു നിരക്ഷരന്റെ വായിലൂടെ പ്രചരിപ്പിക്കപ്പെട്ട തത്വശാസ്ത്രം ഇന്ന് ലോകം മുഴുവന്‍ വിപ്ലവമുയര്‍ത്തുന്നതിന്റെ രഹസ്യം..“

അതു ശരിയാ.. ലോകം മൊത്തം ഇപ്പോ ഇസ്ലാമിക വിപ്ലവമല്ലേ നടക്കുന്നത് ... പിന്നേ...ലൊകം മൊത്തം ഇതിന്റെ വീരഗാഥകൾ പാടി നടക്കുവല്ലേ.. ഒന്ന് പോ കുവ്വേ.. എവിടാണാവോ ഈ വിപ്ലവം നടക്കുന്നത്.. ഒന്ന് വിശദമാക്കാമോ..

ചുമ്മാ ഓരോരുത്തര് മണ്ടത്തരം പടച്ച് വിടുമ്പം അതിനെ താങ്ങാൻ ഓരോ കമന്റുമായി വന്നോളും....

sHihab mOgraL said...

അജ്ഞാതയോട്,

വിപ്ലവം ആദ്യം ജന്മം കൊള്ളേണ്ടത് മനസുകളിലാണ്‌. അവിടെ നിന്നാണ്‌ ഒരു സാമൂഹിക പരിവര്‍ത്തനത്തിന്ന് സാധ്യമാകുന്ന രീതിയില്‍ അത് വികസിക്കുന്നത്. അങ്ങനെ, മനസുകളില്‍ ഇസ്‌ലാം വിപ്ലവം സൃഷ്ടിച്ചതിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്‌ മാധവിക്കുട്ടിയും, യുക്തിവാദി സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ. ഉസ്മാനും തുടങ്ങിയവരൊക്കെ.
ഇതൊന്നും ചിന്തിക്കാന്‍ ശേഷിയില്ലാതെ പോകുന്നവര്‍ "ഒന്ന് പോ കൂവേ.." പോലെയുള്ള വാക്കുകള്‍ ഉപയോച്ച് സംസാരിച്ചു കൊണ്ടേയിരിക്കും. പുരോഗതിയുണ്ടാവില്ല, ചിന്തയിലും പ്രവൃത്തിയിലും.
"അജ്ഞാത"യായിരിക്കുമ്പോള്‍ പൗരുഷം നഷ്ടപ്പെടുന്നു എന്ന കാഴ്ച്ചയും ചിന്തിക്കുന്നതു നന്ന്.

മണ്ടത്തരങ്ങള്‍ ആരാണു വിളമ്പുന്നത് എന്ന് വ്യക്തമാക്കുകയാണ്‌ കാട്ടിപ്പരുത്തി ചെയ്തു കൊണ്ടിരിക്കുന്നത്. അവിടെ വന്ന് മണ്ടത്തരങ്ങള്‍ വിളമ്പണോ..
പിന്നെ, ആഗോള തലത്തില്‍ ഇസ്‌ലാം ചെലുത്തുന്ന സ്വാധീനം അറിയാന്‍ പത്രം വായിക്കുന്ന സ്വഭാവം മാത്രം മതിയായിരുന്നു. ചില മണ്ടത്തരങ്ങള്‍ക്കും അത് പരിഹാരമാണ്‌.

roopadarsakan said...

പ്രിയ മനോജ്‌,
"ഇവര്‍ക്കുള്ള മറുപടി 14 വര്‍ഷം മുമ്പ്‌ നല്‍കിയിട്ടുണ്ട്‌" എന്ന കാട്ടിപ്പരുത്തിയുടെ പരാമര്‍ശത്തെ മുന്‍ നിര്‍ത്തി താങ്കള്‍ ചോദിച്ചു 'മനുഷ്യ ചരിത്രത്തിനു 14വര്‍ഷത്തെ പഴക്കമേ ഉള്ളോ അതോ മുമ്പത്തെ വെളിപാടുകള്‍ അംഗീകരിക്കാന്‍ മടിയാണോ?'എന്ന് മുമ്പ്‌ വെളിപാടുകള്‍ ഉണ്ടായി എന്നാണോ മനൊജിന്റെ അഭിപ്രായം?
പുതിയമതം പഴയതിന്റെ തുടാര്‍ച്ചയാണെന്ന കാഴ്ച്ചപ്പാടിലെ'പുതിയമതം'കൊണ്ട്‌ ഉദ്ദേശിച്ചത്‌ ഇസ്ലാമാണോ?
ഇസ്ലാം ഒരു പുതിയമതമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല പഴയതിന്റെ തുടാര്‍ച്ചതന്നെയാണു.
പിന്നെ 'വെളിപാട്‌'ആദ്യമായുണ്ടായത്‌ 14വര്‍ഷം മുമ്പാണെന്നുമല്ല ഇസ്ലാം പറയുന്നത്‌. മനുഷ്യാരംഭം മുതല്‍ക്കേ ഉണ്ടായിരുന്നു എന്നാണു.മുഹമ്മദ്‌ നബിയില്‍മാത്രമല്ല അതിനുമുമ്പ്‌ വന്ന നബിമാരിലും വിശ്വസിക്കുന്നവരാണു മുസ്ലിംകള്‍.
പിന്നെ താങ്കള്‍ പറഞ്ഞ പുരോഹിതന്മാര്‍, അവര്‍ ഒരുപ്രശ്നക്കാര്‍ തന്നെയാണുകേട്ടൊ അവരുടെ കൈകടത്തല്‍ കാരണം മുന്‍ വെളിപാടുകള്‍ വികലമാക്കപ്പെട്ടിരിക്കുന്നു. 'പുരോഹിതപ്പട' ഇപ്പോഴും സജീവമാണെങ്കിലും പുതിയവെളിപാടുകള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു